“ഗുരുതരമായ പിഴവുകൾ വരുത്തി” : അർജന്റീന-ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരം നിയന്ത്രിച്ച റഫറിമാരെ സസ്‌പെൻഡ് ചെയ്തു

ബ്രസീലിനെതിരായ അർജന്റീനയുടെ ഹോം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗുരുതരമായ പിഴവുകൾ വരുത്തിയതിന് ഉറുഗ്വേൻ റഫറി ആന്ദ്രെസ് കുൻഹയെയും വീഡിയോ അസിസ്റ്റന്റ് എസ്തബാൻ ഒസ്റ്റോജിച്ചിനെയും സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ (CONMEBOL) സസ്പെൻഡ് ചെയ്തു.ചൊവ്വാഴ്ച സാൻ ജുവാനിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീനയുടെ പ്രതിരോധ താരം നിക്കോളാസ് ഒട്ടമെൻഡി ബ്രസീൽ ഫോർവേഡ് റാഫിൻഹയെ മുഖത്ത് കൈമുട്ട് കൊണ്ട് അടിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് തീരുമാനം.

ലീഡ്‌സ് യുണൈറ്റഡ് താരത്തിന് ഹാഫ് ടൈമിൽ അഞ്ചു സ്റ്റിച്ചുകൾ വേണ്ടി വരികയും ചെയ്തു. ബുധനാഴ്ച CONMEBOL പുറത്തിറക്കിയ ഒരു വീഡിയോയിൽ, ഫൗളിനെ ഒരു “യെല്ലോ കാർഡ് കുറ്റമായി” കണക്കാക്കുന്നുവെന്ന് ഓസ്റ്റോജിച്ച് റഫറി കുൻഹയോട് പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു.”ചീഫ് റഫറി, ആന്ദ്രെസ് ഇസ്മായേൽ കുൻഹ സോക്ക വർഗാസ്, [വീഡിയോ അസിസ്റ്റന്റ് റഫറി] എസ്തബാൻ ഡാനിയൽ ഒസ്റ്റോജിച്ച് വേഗ എന്നിവരുടെ പ്രകടനം റഫറിമാരുടെ സമിതി സാങ്കേതികമായി വിശകലനം ചെയ്തു, അവർ ഗുരുതരമായതും പ്രകടവുമായ തെറ്റുകൾ വരുത്തിയതായി നിഗമനത്തിൽ എത്തുകയും ചെയ്തു”. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് മാച്ച് ഒഫീഷ്യലുകളും “അനിശ്ചിതകാലത്തേക്ക്” സസ്പെൻഡ് ചെയ്യപ്പെട്ടു.

ഫിഫയ്ക്ക് ഔദ്യോഗിക പരാതി അയക്കുമെന്നും ഒട്ടാമെൻഡിയെ നിരോധിക്കണമെന്ന് അഭ്യർത്ഥിക്കുമെന്നും ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ബുധനാഴ്ച രാത്രി അറിയിച്ചു.വീഡിയോ അസിസ്റ്റന്റുമായി കൂടിയാലോചിച്ച ശേഷം നടപടിയെടുക്കേണ്ടെന്ന് റഫറി തീരുമാനിച്ചത് അചിന്തനീയമായിരുന്നുവെന്ന് ബ്രസീൽ മാനേജർ ടൈറ്റ് മത്സരശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മത്സരത്തിന്റെ 34-ാം മിനിട്ടിലാണ് സംഭവം അരങ്ങേറിയത്. പന്തുമായി ബോക്‌സിനകത്തേക്ക് കയറിയ ബ്രസീലിന്റെ റാഫീന്യയുടെ കാലില്‍ നിന്ന് ഒട്ടമെന്‍ഡി പന്ത് റാഞ്ചിയെടുത്തു. പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ ഒട്ടമെന്‍ഡിയെ റാഫീന്യ പ്രസ് ചെയ്തു. ഇത് കണ്ട ഒട്ടമെന്‍ഡി അപകടകരമാം വിധം കൈമുട്ട് വീശി. അര്‍ജന്റീന താരത്തിന്റെ കൈമുട്ട് നേരെ ചെന്നിടിച്ചത് റാഫീന്യയുടെ മുഖത്താണ്.

വേദനകൊണ്ട് പുളഞ്ഞ റാഫീന്യ അപ്പോള്‍ തന്നെ നിലത്തുവീണു. വായില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. ഇക്കാര്യം റഫറിയെ അറിയിച്ചെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല. മത്സരം പുനരാരംഭിക്കുകയും ചെയ്തു.ഒട്ടമെന്‍ഡിയ്ക്ക് ചുവപ്പുകാര്‍ഡ് നല്‍കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയ പരിക്കേല്‍ക്കാതെ റാഫീന്യ രക്ഷപ്പെട്ടത്. റഫറിയുടെ തീരുമാനം തെറ്റാണെന്നും ഒട്ടമെന്‍ഡിയ്ക്ക് ചുവപ്പ് കാര്‍ഡ് നല്‍കാത്തത് നീതിയ്ക്ക് നിരക്കാത്തതാണെന്നും ചൂണ്ടിക്കാണിച്ച് ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. റഫറിയ്‌ക്കെതിരേ ബ്രസീല്‍ പരിശീലകന്‍ ടിറ്റെയും രംഗത്തെത്തി. മത്സരത്തില്‍ ആകെ 41 ഫൗളുകളാണ് പിറന്നത്. ഏഴുതാരങ്ങള്‍ മഞ്ഞക്കാര്‍ഡ് കാണുകയും ചെയ്തു.