അവസാന നിമിഷം വീണ്ടും രക്ഷകനായി റൊണാൾഡോ ; പിന്നിൽ നിന്നും തിരിച്ചു വന്ന് തകർപ്പൻ ജയത്തോടെ യുണൈറ്റഡ്

മാഞ്ചസ്റ്റർ യൂണൈറ്റഡിനെയും റൊണാൾഡോയെയും എഴുതി തള്ളിയവർക്കുള്ള മറുപടിയായിരുന്നു ഇന്നലത്തെ വിജയം.അവസാന നിമിഷം വരെ പൊരുതി വിജയം കൈവരിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ശീലമാണ്. എങ്കിലും അറ്റലാന്റയ്ക്ക് എതിരെ രണ്ടു ഗോളുകൾക്ക് ആദ്യ പകുതിയിൽ പിറകിൽ ആയപ്പോൾ ഒരിക്കൽ കൂടെ യുണൈറ്റഡിൻ അങ്ങനെ ഒരു തിരിച്ചുവരവ് നടത്താൻ ആകില്ല എന്നായിരുന്നു പലരും കരുതിയത്. ആ സംശയങ്ങളെ എല്ലാം ഇല്ലാതാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടച്ച് 3-2ന്റെ വിജയം സ്വന്തമാക്കി. അതും റൊണാൾഡോയുടെ വിജയ ഗോളിൽ.

നിർണായക സമയത്ത് സ്വന്തം ടീമിന് ജയം സമ്മാനിക്കാനുള്ള റൊണാൾഡോയുടെ നൈസർഗികമായ കഴിവ് ഒരിക്കൽ കൂടി പുറത്ത് വന്നപ്പോൾ റെഡ് ഡെവിൾസിന് സ്വന്തമാക്കാനായത് വിലയേറിയ മൂന്ന് പോയിന്റ്.ലെസ്റ്റർ സിറ്റിയോടുള്ള പരാജയത്തിൽ നിന്ന് കരകയറാൻ വേണ്ടി ഓൾഡ് ട്രാഫോർഡിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല.15ആം മിനുട്ടിൽ അറ്റലാന്റ ഓൾഡ് ട്രാഫോർഡിനെ നിശബ്ദരാക്കി. സപകോസ്റ്റയുടെ ക്രോസിൽ നിന്ന് പസാലിച് ആണ് അറ്റലാന്റയ്ക്ക് ലീഡ് നൽകിയത് .യുണൈറ്റഡ് 29 മിനുട്ടിൽ രണ്ടാം ഗോളും വഴങ്ങി. ഇത്തവണ ഒരു കോർണറിൽ നിന്ന് സെന്റർ ബാക്ക് ഡെമിറാൽ ആണ് അറ്റലാന്റയ്ക്ക് വേണ്ടി വല കുലുക്കിയത്.ആദ്യ പകുതിയുടെ അവസാന നിമിഷം റാഷ്ഫോർഡിന്റെ ഒരു ഷോട്ട് ഗോൾ ബാറിൽ തട്ടി പുറത്ത് പോകുന്നതും കണ്ടു.

രണ്ടാം പകുതി അറ്റാക്ക് ചെയ്ത് കൊണ്ട് തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് റൊണാൾഡോയിലൂടെ ഒരു വൺ ഓൺ വൺ സിറ്റുവേഷനിൽ എത്തി എങ്കിലും റൊണാൾഡോയുടെ സ്ട്രൈക്ക് അറ്റലാന്റ കീപ്പർ മുസ്സോ തടഞ്ഞു.മാഞ്ചസ്റ്റർ യുണൈറ്റഡ് 53ആം മിനുട്ടിൽ ആദ്യ ഗോൾ കണ്ടെത്തി. ബ്രൂണോയുടെ ഫസ്റ്റ് ടച്ച് പാസിൽ നിന്ന് കിട്ടിയ അവസരം മനോഹരമായി അളന്നു കുറിച്ച ഫിനിഷിലൂടെ റാഷ്ഫോർഡ് വലയിൽ എത്തിച്ചു. സ്കോർ 1-2. റാഷ്ഫോർഡിന്റെ പരിക്ക് മാറി എത്തിയ ശേഷമുള്ള രണ്ടാം ഗോളാണ് ഇത്.ഈ ഗോളിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില ഗോളിനായുള്ള ശ്രമം തുടർന്നു. ഗ്രീന്വുഡിന്റെ ഒരു ക്രോസിൽ നിന്നുള്ള മക്ടോമിനെയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് യുണൈറ്റഡ് ആരാധകർക്കും ടീമിനും നിരാശ നൽകി. യുണൈറ്റഡ് അറ്റാക്ക് തുടർന്നു. 63ആം മിനുട്ടിൽ ബ്രൂണോയുടെ പാസിൽ നിന്നുള്ള റൊണാൾഡോയുടെ ഷോട്ടും മുസ്സോ തടഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് ശക്തമാക്കാൻ വേണ്ടി പോഗ്ബയെയും കവാനിയെയും കളത്തിൽ ഇറക്കി. മറുവശത്ത് 72ആം മിനുട്ടിൽ ഡിഹിയയുടെ ഇരട്ട സേവുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കുന്നതും കാണാൻ ആയി.ഇതിന്റെ ഫലം 75ആം മിനുട്ടിൽ ലഭിച്ചു. വീണ്ടും ബ്രൂണോയുടെ പാസ് യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി. ക്യാപ്റ്റൻ മഗ്വയറിന്റെ ബൂട്ടിൽ നിന്ന് സമനില ഗോൾ 2-2. പക്ഷെ അധിക സമയം അറ്റലാന്റയ്ക്ക് യുണൈറ്റഡ് അറ്റാക്കുകളെ പിടിച്ചു നിൽക്കാൻ ആയില്ല. 82ആം മിനുട്ടിൽ സൂപ്പർ സ്റ്റാർ റൊണാൾഡോ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവരവ് പൂർത്തിയാക്കി. ലൂക് ഷോയുടെ ക്രോസിൽ നിന്ന് റൊണാൾഡോയുടെ ട്രേഡ് മാർക്ക് ഹെഡർ. മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന് മുന്നിൽ. ഓൾഡ് ട്രാഫോർഡ് സ്വപ്നങ്ങളുടെ തീയേറ്റർ ആയ നിമിഷം.

നിർണായക പോരാട്ടത്തിൽ വിജയം വരിച്ചതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി യുണൈറ്റഡ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. കരുത്തരായ ലിവർപൂളിനെതിരെ ഞായറാഴ്ച നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ആത്മവിശ്വാസത്തോടെ ഇറങ്ങാൻ സോൾഷ്യർക്കും അദ്ദേഹത്തിന്റെ ടീമിനും ഊർജ്ജം നൽകുന്നതാണ് ഈ വിജയം.


Rate this post