❝ സ്പാനിഷ് ടീമിൽ നിന്നും 🇪🇸💔
പുറത്തായതിന് ശേഷം വൈകാരിക
😢 സന്ദേശം പങ്കിട്ട് റാമോസ് ❞

സ്പെയിൻ ഫുട്ബോൾ ടീം ഹെഡ് കോച്ച് ലൂയിസ് എൻറിക് യൂറോ കപ്പിനുള്ള 24 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സ്പാനിഷ് ആരാധകർക്ക് വലിയ ഷോക്ക് തന്നെയായിരുന്നു. റയൽ മാഡ്രിഡ് ക്യാപ്റ്റനും മുതിർന്ന താരവുമായ സെർജിയോ റാമോസ് ഇല്ലാതെയാണ് പരിശീലകനും മുൻ എഫ്സി ബാഴ്‌സലോണ മാനേജറുമായ എൻറിക്വെ ടീമിനെ തെരെഞ്ഞെടുത്തത്. ഒരു റയൽ മാഡ്രിഡ് താരത്തെ പോലും യൂറോ കപ്പിനുള്ള ടീമിലേക്ക് എൻറിക്വെ പരിഗണിച്ചില്ല.യൂറോ 2020 നായുള്ള സ്‌പെയിൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ സെർജിയോ റാമോസ് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. റാമോസ് തന്റെ ആരാധകർക്കായി ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും വൈകാരിക സന്ദേശം പങ്കിട്ടു.

” റയൽ മാഡ്രിഡിലേക്കും ദേശീയ ടീമിലേക്കും 100% തിരികെയെത്താൻ എല്ലാ ദിവസവും ശരീരവും ആത്മാവും നൽകി പോരാടിയിട്ടുണ്ട്.പക്ഷേ കാര്യങ്ങൾ എല്ലായ്പ്പോഴും നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ പോകുന്നില്ല. എന്റെ ടീമിനെ സഹായിക്കാൻ കഴിയാതിരിക്കുന്നത് എന്നെ വേദനിപ്പിക്കുന്നു.ഈ സാഹചര്യത്തിൽ സുഖം പ്രാപിക്കുന്നതിനായി കൂടുതൽ വിശ്രമം ആവശ്യമാണ് ,പെട്ടെന്ന് തന്നെ കളിക്കളത്തിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയുമുണ്ട് ” റാമോസ് എഴുതി.

” രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിയാത്ത എന്നെ വളരെ അധികം വേദനിപ്പിക്കുന്നു, പക്ഷേ നിങ്ങൾ സത്യസന്ധനും ആത്മാർത്ഥതയുള്ളവനുമായിരിക്കണം.എന്റെ എല്ലാ ടീമംഗങ്ങൾക്കും ഞാൻ ആശംസകൾ നേരുന്നു കൂടാതെ നിങ്ങൾക്ക് മികച്ചൊരു യൂറോ കപ്പാവുമെന്നും പ്രതീക്ഷിക്കുന്നു.വീട്ടിൽ നിന്ന് ഒരു ആരാധകനെന്ന നിലയിൽ ഞാൻ ആഹ്ലാദിക്കും. എല്ലാവർക്കും ആശംസകൾ നേരുന്നു ” റാമോസ് കൂട്ടിച്ചേർത്തു.

35 കാരനായ ഡിഫെൻഡർ ലാ റോജയ്ക്കായി 180 ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഒരു ലോകകപ്പും രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളും ഉൾപ്പെടുന്ന ടീമിനൊപ്പം പ്രധാന ട്രോഫികൾ നേടിയിട്ടുണ്ട്. ഈ സീസണിൽ പരിക്കുകൾ റയൽ നായകനെ വിടാതെ പിന്തുടർന്ന്. ഈ വർഷം കൂടുതൽ സമയം റാമോസ് കളിക്കളത്തിൽ ഉണ്ടായിരുന്നില്ല.2021 ൽ റയൽ മാഡ്രിഡിനായി വെറും ഏഴ് മത്സരങ്ങൾ മാത്രമാണ് സ്പാനിഷ് താരത്തിന് കളിക്കാനായത്. ഈ കാരണങ്ങൾ മുൻനിർത്തിയാണ് പരിശീലകൻ ലൂയിസ് എൻറിക് റാമോസിനെ ടീമിൽ നിന്നും മാറ്റി നിർത്തിയത്. യൂറോ കപ്പിൽ സ്വീഡൻ ,പോളണ്ട് ,സ്ലോവാക്യ ഉൾപ്പെട്ട ഗ്രൂപ്പിലാണ് സ്പെയിനിന്റെ സ്ഥാനം. ജൂൺ 14 ന് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ സ്പെയിൻ സ്വീഡനെ നേരിടും.