“അയർലണ്ടിനെതിരെ എന്റെ ടീമിൽ സഞ്ജുവിന് സ്ഥാനമില്ല, കാരണം പറഞ്ഞ് മുൻ പാക് താരം”|Sanju Samson

ഏത് ക്രിക്കറ്റ്‌ ലോകകപ്പായാലും കിരീടം നേടാൻ സാധ്യതയുള്ള ടീമുകളുടെ ഷോർട്ട് ലിസ്റ്റിൽ ഒന്നാമത് ഇന്ത്യ ഉണ്ടാകും. അതുകൊണ്ടുതന്നെ ലോകകപ്പിനുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് സജീവമായി നടക്കാറുണ്ട്. അടുത്തമാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം മാത്രമേ ലോകകപ്പിനുള്ള ഇന്ത്യയുടെ ടീം പ്രഖ്യാപനം ഉണ്ടാകു എന്ന് നേരത്തെ ബിസിസിഐ പ്രസിഡന്റ്‌ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

ഇതോടെ, മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും മികച്ച അവസരമാണ് വന്ന് ചേർന്നിരിക്കുന്നത്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന അയർലൻഡ് പര്യടനത്തിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ, ലഭിച്ച അവസരം മുതലെടുക്കാനായാൽ സഞ്ജുവിനും ലോകകപ്പ് ടീമിൽ ഇടം പിടിക്കാനുള്ള മത്സരത്തിൽ പങ്കെടുക്കാം. രണ്ട് ടി20 മത്സരങ്ങളാണ് ഇന്ത്യ അയർലൻഡിനെതിരെ കളിക്കുക.

എന്നാൽ, അയർലൻഡിനെതിരായ പരമ്പരയിൽ, പ്ലെയിങ് ഇലവനിൽ സഞ്ജുവിന് ഇടം നേടാനാകുമൊ എന്ന കാര്യത്തിലാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്. ഇക്കാര്യത്തിൽ, മുൻ പാകിസ്ഥാൻ താരം റഷീദ് ലത്തീഫ് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ ടീമിൽ നിലവിൽ വിക്കറ്റ് കീപ്പർ റോളിൽ, ഇഷാൻ കിഷൻ, ദിനേശ് കാർത്തിക്, റിഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരാണ് പ്രധാനമായും പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്താൻ മത്സരിക്കുന്നത്.

“ഇന്ത്യൻ ടീമിൽ ടോപ് ഓർഡറിൽ കളിക്കുന്ന വിക്കറ്റ് കീപ്പർമാർ ഒരുപാടുണ്ട്. എന്നാൽ, ലോ ഓർഡറിൽ ബാറ്റ്‌ ചെയ്യാൻ കഴിയുന്നവർ ഇപ്പോൾ വളരെ കുറവാണ്. ദിനേശ് കാർത്തിക് ലോ ഓർഡറിൽ ബാറ്റ്‌ ചെയ്ത് കഴിവ് തെളിയിച്ച താരമാണ്. എന്നാൽ, സഞ്ജു സാംസൺ ഒരു ടോപ് ഓർഡർ ബാറ്ററാണ്. അതുകൊണ്ട്, എന്റെ ടീമിൽ കാർത്തിക്കിനാണ് അവസരം ഉണ്ടാവുക,” മുൻ പാക് താരം പറഞ്ഞു.

Rate this post