❝നിലവിൽ ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ ഷോട്ടുകൾ കൈവശമുള്ള ബാറ്ററാണ് സഞ്ജു സാംസൺ❞ |Sanju Samson

ഐപിഎൽ 2022-ൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ചിട്ടും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ഒഴിവാക്കിയിരുന്നു. ഈ വർഷാവസാനം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ സഞ്ജു സാംസൺ ഉണ്ടാകുമെന്ന് എല്ലാവരും വിശ്വസിച്ചിരിക്കുന്നിതിനിടയിലായിരുന്നു സെലക്ടർമാർ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജുവിനെ തഴഞ്ഞത്.

ഐപിഎൽ സീസണിലുടനീളം രാജസ്ഥാൻ നായകൻ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ, രണ്ട് അർദ്ധ സെഞ്ചുറികൾ ഉൾപ്പടെ 458 റൺസ് ആയിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. മികച്ച തുടക്കം ലഭിച്ചിട്ടും വലിയ ഇന്നിംഗ്സുകൾ കളിക്കാനാകുന്നില്ല എന്നതാണ് സഞ്ജുവിൽ ചിലർ കണ്ടെത്തിയ പോരായ്മ. മാത്രമല്ല, ഇന്ത്യൻ ടീമിലെ മധ്യനിര ബാറ്ററുടെ റോൾ നേടുന്നതിൽ സഞ്ജു ശ്രേയസ് അയ്യരോട് പരാജയപ്പെടുകയും ചെയ്തു.

എന്നിരുന്നാലും, ഓസ്‌ട്രേലിയയുടെ ബൗൺസി പിച്ചുകളിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിന് ഉപയോഗപ്രദമാകുമെന്ന് മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്ത്രി വിശ്വസിക്കുന്നു, കാരണം മറ്റേതൊരു ഇന്ത്യൻ ബാറ്റ്‌സ്മാനേക്കാളും കൂടുതൽ സ്‌ട്രോക്കുകൾ അദ്ദേഹത്തിന്റെ ആയുധപ്പുരയിൽ ഉണ്ട് എന്നാണ് മുൻ ഇന്ത്യൻ പരിശീലകൻ അഭിപ്രായപ്പെടുന്നത്. തീർച്ചയായും, സഞ്ജു സാംസൺ വരുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടായിരിക്കുമെന്ന് രവി ശാസ്ത്രി ഉറച്ച് വിശ്വസിക്കുന്നു.  

“ത്രിപാഠി, സാംസൺ, അയ്യർ എന്നിവർക്കിടയിൽ ഇപ്പോൾ അവസരത്തിനായി മത്സരങ്ങൾ ഉണ്ടാകും. പക്ഷേ, ബൗൺസ്, പേസ്, കട്ട്, പുൾ, എല്ലാമുള്ള ഓസ്‌ട്രേലിയയിലേക്ക് നോക്കുമ്പോൾ, സാംസൺ അവിടെ എപ്പോഴും എതിരാളികളെ ഭീഷണിപ്പെടുത്തും. മാത്രമല്ല, സത്യസന്ധമായി പറഞ്ഞാൽ, മറ്റേതൊരു ഇന്ത്യൻ ബാറ്ററേക്കളും കൂടുതൽ ഷോട്ടുകൾ സഞ്ജുവിന്റെ കയ്യിൽ ഉണ്ട്,” ശാസ്ത്രി ESPNcriinfoയോട് പറഞ്ഞു.