അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ആർ സി ബി

രാജസ്ഥാൻ റോയൽസിനെ 7 റൺസിന് പരാജയപ്പെടുത്തി ത്രസിപ്പിക്കുന്ന വിജയവുമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. കോഹ്ലിയുടെ നേതൃത്വത്തിൽ വമ്പൻ പ്രകടനമാണ് മത്സരത്തിൽ ബാംഗ്ലൂർ കാഴ്ചവച്ചത്. ബാറ്റിംഗിൽ ബാംഗ്ലൂരിനായി മാക്സ്വെല്ലും ഡുപ്ലാസിയും നിറഞ്ഞാടിയപ്പോൾ ബോളിങ്ങിൽ ഹർഷൽ പട്ടേലിന്റെ കൃത്യമായ സ്ലോ ബോളുകൾ രക്ഷയാകുകയായിരുന്നു.

കഴിഞ്ഞ സമയങ്ങളിൽ വലിയ സ്കോറുകൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ പ്രതിരോധിക്കാൻ സാധിക്കാതെ വന്ന ബാംഗ്ലൂരിന് വലിയ ആശ്വാസം തന്നെ ഈ വിജയം നൽകുന്നുണ്ട്.മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ബാംഗ്ലൂരിന് തങ്ങളുടെ നായകൻ വിരാട് കോഹ്ലിയെ നഷ്ടമായി. പിന്നീടെത്തിയ ഷഹബാസ് അഹമ്മദും പെട്ടെന്ന് കൂടാരം കയറുകയുണ്ടായി.

എന്നാൽ നാലാം വിക്കറ്റിൽ മാക്സ്വെല്ലും ഡുപ്ലെസിയും ചേർന്ന് ബാംഗ്ലൂരിന് നല്ലൊരു കൂട്ടുകെട്ട് സമ്മാനിച്ചു. ഇതായിരുന്നു ബാംഗ്ലൂർ ഇന്നിങ്സിൽ നട്ടെല്ലായത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 127 റൺസാണ് കൂട്ടിച്ചേർത്തത്. മാക്സ്വെൽ മത്സരത്തിൽ 44 പന്തുകളിൽ 77 റൺസ് നേടി. ഡുപ്ലസി 39 പന്തുകളിൽ 62 റൺസാണ് നേടിയത്. എന്നാൽ ഇരുവരും പുറത്തായതിനു ശേഷം ബാംഗ്ലൂർ ബാറ്റർമാർ പതറി. അവസാന ഓവറുകളിൽ വമ്പൻചോട്ടുകൾ കളിക്കാൻ സാധിക്കാതെ വന്നത് ബാംഗ്ലൂരിന്റെ സ്കോറിനെ ബാധിക്കുകയായിരുന്നു. എന്നിരുന്നാലും നിശ്ചിത 20 ഓവറുകളിൽ 189 റൺസ് ബാംഗ്ലൂർ നേടുകയുണ്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ഒരു ഷോക്കോടെയാണ് തുടക്കമായത്. സ്റ്റാർ ഓപ്പണർ ജോസ് ബട്ലറെ രാജസ്ഥാന് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം മൂന്നാം വിക്കറ്റിൽ ജെയിസ്വാളും പടിക്കലും ചേർന്ന് ഒരു വമ്പൻ കൂട്ടുകെട്ട് രാജസ്ഥാനായി സൃഷ്ടിച്ചു. ഇരുവരും മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 98 റൺസാണ്. പടിക്കൽ 34 പന്തുകളിൽ 7 ബൗണ്ടറികളും ഒരു സിക്സറുമടക്കം 52 റൺസ് നേടി. ജെയ്‌സ്വാൾ 37 പന്തുകളിൽ 47 റൺസാണ് നേടിയത്. എന്നാൽ ഇരുവരുടെയും വിക്കറ്റുകൾ ചെറിയൊരു ഇടവേളയിൽ തന്നെ നഷ്ടമായതോടെ രാജസ്ഥാൻ പതറുമെന്ന് തോന്നി. ഈ സമയത്ത് ആയിരുന്നു സഞ്ജു സാംസൺ ക്രീസിലെത്തിയത്.

മികച്ച ഒരു തുടക്കം മത്സരത്തിൽ ലഭിച്ചിട്ടും അത് മുതലെടുക്കാൻ സഞ്ജുവിന് സാധിക്കാതെ വന്നതോടെ രാജസ്ഥാന്റെ തകർച്ച പൂർണ്ണമായി. പിന്നീട് പൂർണമായും പ്രതീക്ഷ ഹെറ്റ്മെയ്രിലും ജൂറലിലുമായിരുന്നു. അവസാന 3 ഓവറുകളിൽ രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത് 45 റൺസ് ആണ്. എന്നാൽ 18 ആം ഓവറിൽ ഹെറ്റ്മെയ്ർ കൂടാരം കയറിയതോടെ രാജസ്ഥാൻ വീണു. അവസാന ഓവറുകളിൽ ഹർഷൽ പട്ടേൽ കൃത്യത കാട്ടിയതോടെ രാജസ്ഥാൻ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. മത്സരത്തിൽ 7 റൺസിനാണ് രാജസ്ഥാൻ പരാജയം വഴങ്ങിയത്.

Rate this post