❝കിരീടം വിട്ടുകൊടുക്കാൻ തയ്യാറാവാതെ റയൽ മാഡ്രിഡ് ; നേരിയ ജയത്തോടെ കടന്നു കൂടി അത്ലറ്റികോ മാഡ്രിഡ് ; മികച്ച ജയത്തോടെ കിരീടം ഉറപ്പിക്കാൻ ഇന്ററും സിറ്റിയും ; ഫ്രഞ്ച് ലീഗിൽ പോരാട്ടം മുറുകുന്നു❞

സ്പാനിഷ് ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനെയും ബാഴ്സലോണയെയും സമ്മർദ്ദത്തിലാക്കി റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ ഒസാസുനയെ തകർത്തത്.ബ്രസീൽ ജോഡികളായ ഈഡർ മിലിറ്റാവോയും കാസെമിറോയും രണ്ടാം പകുതിയിൽ നേടിയ ഗോളുവുകൾക്കായിരുന്നു റയലിന്റെ ജയം. 76 ആം മിനുട്ടിൽ ഇസ്‌കോയുടെ കോർണറിൽ നിന്നും ബോക്‌സിനുള്ളിൽ ഉയർന്നു ചാടി മികച്ചൊരു ഹെഡ്ഡറിലൂടെ മിലിറ്റവോ റയലിനെ മുന്നിലെത്തിച്ചു. 80 ആം മിനുട്ടിൽ കരിം ബെൻസിമയുടെ പാസിൽ നിന്നും തകർപ്പൻ ഷോട്ടിലൂടെ ഗോൾ കീപ്പർ സെർജിയോ ഹെരേരയെ മറികടന്ന് കാസെമിറോ വലയിലാക്കി.കോച്ച് സിനെഡിൻ സിഡാനെ മിഡ്ഫീൽഡർമാരായ ടോണി ക്രൂസ്, ലൂക്കാ മോഡ്രിക് എന്നിവർക്ക് വിശ്രമം നൽകി.

ലാ ലീഗയിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡ് എൽച്ചെക്കെതിരെ നേരിയ വിജയവുമായി രക്ഷപെട്ടു.എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ഈ വിജയം തടയാൻ പോകുന്ന ഒരു പെനാൾട്ടി എൽചെയ്ക്ക് മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ചിരുന്നു. പക്ഷെ ഫിഡെൽ എടുത്ത ആ പെനാൾട്ടി പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. ഇതാണ് അത്ലറ്റിക്കോ മാഡ്രിഡ് വിജയം ഉറപ്പിച്ചത്. ആദ്യ പകുതിയിൽ കറാസ്കയുടെ പാസിൽ നിന്നും മാർകോ ലോറെൻറെയാണ് വിജയ ഗോൾ നേടിയത്.ഈ വിജയത്തോടെ 34 മത്സരങ്ങളിൽ 76 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്താൻ അത്കറ്റിക്കോയ്ക്ക് ആയി.റയൽ മാഡ്രിഡിന് 74 ഉം ഒരു മത്സരം കുറവ് കളിച്ച ബാഴ്സക്ക് 71 ഉം സെവിയ്യക്ക് 70 പോയിന്റുമുണ്ട്.

ഇറ്റാലിയൻ സിരി എ യിൽ കിരീടത്തിലേക്ക് കൂടുതൽ അടുത്ത് ഇന്റർ മിലാൻ. ഇന്നലെ നടന്ന മത്സരത്തിൽ ക്രോട്ടോണിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം.ഇന്ന് നടക്കുന്ന മത്സരത്തിൽ അറ്റലാന്റ വിജയിക്കാതെ ഇരുന്നാൽ ഇന്റർ മിലാന് ലീഗ് കിരീടം സ്വന്തമാക്കാം.രണ്ടാം പകുതിയിൽ ആയിരുന്നു രണ്ടു ഗോളുകളും പിറന്നത്. 69ആം മിനുട്ടിൽ എറിക്സൺ ആണ് ലീഡ് നൽകിയത്. ലുകാകുവിന്റെ അസിസ്റ്റിൽ നിന്നായിരുന്നു എറിക്സൺ ഗോൾ അടിച്ചത്. 90ആം മിനുട്ടിൽ ഹകിമി ആണ് വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്.ഈ വിജയത്തോടെ ഇന്റർ മിലാന് 34 മത്സരങ്ങളിൽ നിന്ന് 82 പോയിന്റായി. 68 പോയിന്റുമായി നിൽക്കുന്ന അറ്റലാന്റയ്ക്ക് മാത്രമേ ഇനി ഇന്റർ മിലാനൊപ്പം എത്താൻ ആവുകയുള്ളൂ.

തരാം താഴ്ത്തൽ ഭീഷണി നേരിടുന്ന ബെനെവെന്റോയെ 2-0ന് തോൽപ്പിച്ച് എസി മിലാൻ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഇരു പകുതികളിലുമായി ഹകാൻ കാൽഹനോഗ്ലുവിന്റെയും തിയോ ഹെർണാണ്ടസിന്റെയും ഗോളുകൾക്കായിരുന്നു മിലൻറെ ജയം.സസ്സുവോളോയുടെയും ലാസിയോയുടെയും തോൽവിക്ക് ശേഷം മിലാണ് ആശ്വാമായി ഇന്നലത്തെ ജയം.മിലാൻ 69 പോയിന്റുമായി താൽക്കാലിക രണ്ടാം സ്ഥാനത്തെത്തി.അറ്റലാന്റ (68 പോയിന്റ്), നാപോളി (66), യുവന്റസ് (66) എന്നിവർ പിന്നാലെ തന്നെയുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിന് തൊട്ടരികിലെത്തി മാഞ്ചസ്റ്റർ സിറ്റി . ഇന്ന് ലീഗിൽ ക്രിസ്റ്റൽ പാലസിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കി.രണ്ടാം പകുതിയിൽ അഗ്വേറോ ആണ് സിറ്റിയുടെ ആദ്യ ഗോൾ നേടിയത്. 57ആം മെൻഡിയുടെ പാസ് സ്വീകരിച്ച് ഒരു പവർഫുൾ ഷോട്ടിലൂടെ ആണ് അഗ്വേറോ വല കണ്ടെത്തിയത്. ആ ഗോളിന് തൊട്ടുപിന്നാലെ സെക്കൻഡുകൾക്ക് അകം ഫെറൻ ടോറസിലൂടെ സിറ്റി രണ്ടാം ഗോളും കണ്ടെത്തി.ഈ വിജയത്തോടെ സിറ്റി 34 മത്സരങ്ങളിൽ 80 പോയിന്റുമായി കിരീടത്തിന് അടുത്ത് നിൽക്കുകയാണ്. രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 13 പോയിന്റിന്റെ ലീഡ് സിറ്റിക്കുണ്ട്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് പരാജയപ്പെട്ടാൽ സിറ്റിക്ക് കിരീടം ഉറപ്പിക്കാം. അല്ലായെങ്കിൽ സിറ്റി അടുത്ത ആഴ്ച വരെ കാത്തിരിക്കേണ്ടി വരും.

പ്രീമിയർ ലീഗിൽ ചെൽസിയെ തകർത്ത് ചെൽസി.ഏകപക്ഷീയമായ 2 ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം.കായ് ഹാവെർട്സിന്റെ ഇരട്ട ഗോളിന്റെ മികവിൽ ആയിരുന്നു ചെൽസിയുടെ ജയം.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മേസൺ മൗണ്ടിന്റെ മികച്ച ഒരു പാസിന് ഒടുവിലാണ് ഹാവേർട്സ് ആദ്യ ഗോൾ നേടിയത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെൽസി ഫുൾഹാം ഗോൾ വല വീണ്ടും കുലുക്കി മത്സരം തങ്ങളുടെ വരുതിയിലാക്കി. ഇത്തവണ ടിമോ വെർണറിന്റെ മനോഹരമായ പാസിൽ നിന്ന് ഹാവേർട്സ് ആണ് ഗോൾ നേടിയത്.

ഫ്രഞ്ച് ലീഗിലെ കിരീട പോരാട്ടത്തിലെ ലില്ലെയ്ക്ക് മേൽ സമ്മർദ്ദം ഉയർത്തിക്കൊണ്ട് പി എസ് ജി ഒരു മികച്ച വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ലെൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. തുടക്കം മുതൽ ആക്രമിച്ചു കളിച്ച പി എസ് ജിക്ക് നെയ്മറിന്റെ പ്രകടനമാണ് വിജയം സമ്മാനിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റും നേടാൻ നെയ്മറിനായി.ഇന്ന് 33ആം മിനുട്ടിൽ ആണ് പി എസ് ജി ലീഡ് എടുത്തത്. ഡ്രാക്സലിന്റെ പാസിൽ നിന്ന് നെയ്മർ ആണ് ആദ്യ ഗോൾ നേടിയത്. 59ആം മിനുറ്റിൽ ആയിരുന്നു പി എസ് ജിയുടെ രണ്ടാം ഗോൾ. നെയ്മറിന്റെ അസിസ്റ്റിൽ മാർകിനസ് ആണ് ആ ഗോൾ നേടിയത്. 61ആം മിനുട്ടിൽ ഗനാഗോയിലൂടെ ഒരു ഗോൾ ലെൻസ് മടക്കി എങ്കിലും പി എസ് ജി ജയം തടയാൻ അവർക്ക് ആയില്ല.

മറ്റൊരു മത്സരത്തിൽ ഒന്നാം സ്ഥാനക്കാരെ ലില്ലേ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് നൈസിനെ പരാജയപ്പെടുത്തി.2011 ന് ശേഷം ആദ്യ ലിഗ് 1 കിരീടത്തിനായി ഇറങ്ങിയ ലില്ലെ ബുറാക് യിൽമാസിന്റെയും മെഹ്മെത് സെക്കി സെലിക്കിന്റെയും ഗോളുകൾക്കാന് വിജയം നേടിയത്. 35 മത്സരങ്ങളിൽ നിന്നും 76 പോയിന്റുമായി ലില്ലേ ഒന്നാം സ്ഥാനത്തും 75 പോയിന്റുമായി പിഎസ്ജി രണ്ടാമതുമാണ്.