❝ വികാര വിചാരങ്ങളെ 💪🔥 മാറ്റി മറിച്ച
സ്പെയിനിലെ 🙆‍♂️⚽ 9O മിനുട്ട്,
ഒരേ സമയം നടന്നത് 1O മത്സരങ്ങൾ ❞

ലാലിഗയിൽ കിരീട പോരാട്ടം അവസാന ദിവസം വരെ നീളും. ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡ് ഒസാസുനയെ 2-1ന് കീഴ്പ്പെടുത്തിയതോടെ ലാലിഗ കിരീടം സിമിയോണിയുടെ ടീമിനൊരു വിജയം മാത്രം അകലെ ആയി. മറ്റൊരു മത്സരത്തിൽ അത്ലറ്റിക് ബിൽബാവോയെ തോൽപ്പിച്ച് റയൽ മാഡ്രിഡ് അവരുടെ കിരീട പ്രതീക്ഷ നിലനിർത്തി. എന്നാൽ ഇന്ന് സെൽറ്റ വിഗോയോട് തോറ്റ ബാഴ്സലോണയുടെ കിരീട പോരാട്ടം അവസാനിച്ചു.

ഇന്നലെ ഒസാസുന ആയിരുന്നു മെട്രോപൊളിറ്റൻ സ്റ്റേഡിയത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾ. അവസാന കുറച്ചു കാലമായി നന്നായി കളിക്കുന്ന ഒസാസുനയെ എളുപ്പത്തിൽ മറികടക്കാൻ അത്ലറ്റിക്കോ മാഡ്രിഡിനായില്ല. മികച്ച ഡിഫൻസീവ് അച്ചടക്കം കാണിച്ച ഒസാസുന അത്ലറ്റിക്കോ മാഡ്രിഡിന്റെ ഒരോ അവസരങ്ങളും തടഞ്ഞു. സുവാരസിനും കരാസ്കോയ്ക്കും അവസരം ലഭിച്ചു എങ്കിലും പന്ത് ലക്ഷ്യത്തിൽ എത്തിയില്ല.59ആം മിനുട്ടിൽ സാവിചും 66ആം മിനുട്ടിൽ കരാസ്കോയും പന്ത് വലയിൽ എത്തിച്ചു എങ്കിലും രണ്ടു തവണയും വാർ ഗോൾ നിഷേധിച്ചു. 75ആം മിനുട്ടിൽ ബുദിമറിന്റെ ഹെഡറാണ് ഒസാസുനക്ക് ലീഡ് നൽകിയത്. ബുദിമറിന്റെ ഹെഡർ ഒബ്ലാക്ക് തട്ടിയകറ്റി എങ്കിലും സേവ് ചെയ്യും മുമ്പ് തന്നെ പന്ത് ഗോൾ വര കഴിഞ്ഞിരുന്നു. ഈ ഗോളിന് പെട്ടെന്ന് തന്നെ മറുപടി നൽകാൻ അത്ലറ്റിക്കോ മാഡ്രിഡിനായി.82ആം മിനുട്ടിൽ ജാവൊ ഫെലിക്സിന്റെ മനോഹരമായ പാസ് സ്വീകരിച്ച് റെനാൻ ലോദി അത്ലറ്റിക്കോ മാഡ്രിഡിന് സമനില നൽകി. തുടരെ തുടരെ ആക്രമണങ്ങൾ അഴിച്ചു വിട്ട അത്ലറ്റിക്കോ മാഡ്രിഡ് 88ആം മിനുട്ടിൽ വിജയ ഗോളും നേടി. അവരുടെ സൂപ്പർ താരം ലൂയിസ് സുവാരസിന്റെ വക ആയിരുന്നു വിജയ ഗോൾ സുവാരസിന്റെ ഈ സീസണിലെ ഇരുപതാം ഗോളായിരുന്നു ഇത്.


ഇതേ സമയം തന്നെ ബിൽബാവോയിൽ ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് അത്ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഒരുപാട് പരിക്കുമായി ബുദ്ധിമുട്ടുകയായിരുന്ന റയലിനെ രണ്ടാം പകുതിയിൽ ഗോളിമായി ഡിഫൻഡറായ നാചോ ആണ് രക്ഷിച്ചത്. ആ ഗോളിൽ തന്നെ വിജയിക്കാൻ റയൽ മാഡ്രിഡിനായി. ഈ വിജയത്തോടെ റയൽ മാഡ്രിഡിന് കിരീട പ്രതീക്ഷ നിലനിർത്താൻ ആയി.റയൽ മാഡ്രിഡിനു 81 പോയിന്റാണ് ഉള്ളത്. അത്ലറ്റിക്കോ മാഡ്രിഡിനു 83 പൊയിന്റും. അവസാന മത്സരം വിജയിച്ചാൽ അത്ലറ്റിക്കോ മാഡ്രിഡിന് കിരീടം നേടാം. അത്ലറ്റിക്കോ വിജയിക്കാതിരിക്കുകയും റയൽ വിജയിക്കുകയും ചെയ്താൽ കിരീടം റയലിനും സ്വന്തമാക്കാം. ഒരേ പോയിന്റിലാണ് ഇരു ടീമുകളും കളി അവസാനിപ്പിക്കുന്നത് എങ്കിൽ ഹെഡ് ടു ഹെഡിൽ റയലിനാകും മുൻതൂക്കം.അവസാന മത്സരത്തിൽ റയൽ മാഡ്രിഡ് വിയ്യറയലിനെയും അത്ലറ്റിക്കോ മാഡ്രിഡ് റയൽ വല്ലഡോയിഡിനെയും ആണ് നേരിടേണ്ടത്.

ഇന്നലെ വിജയിക്കാൻ ആവാത്ത ബാഴ്സലോണയുടെ കിരീട പ്രതീക്ഷ അവസാനിച്ചു. ഇന്ന് സെൽറ്റ വിഗോയീട് തോറ്റതോടെ ബാഴ്സലോണ 76 പോയിന്റിൽ നിൽക്കുകയാണ്. ഇന്ന് 2-1നാണ് സെൽറ്റ ബാഴ്സയെ തോൽപ്പിച്ചത്. അവസാന മത്സര വിജയിച്ചാലും ബാഴ്സലോണക്ക് കിരീടം നേടാൻ ആവില്ല.മികച്ച രീതിയിൽ മത്സരം ആരംഭിച്ച ബാഴ്സലോണ 28ആം മിനുട്ടിൽ മെസ്സിയിലൂടെ ലീഡ് എടുത്തതായിരുന്നു. പക്ഷെ അതിനു ശേഷം അവർ തന്നെ കളി മറന്നു. 38ആം മിനുട്ടിൽ സാന്റിയാഗോ മിനയിലൂടെ സെൽറ്റ വിഗയുടെ സമനില ഗോൾ വന്നു. രണ്ടാം പകുതിയിൽ ലെങ്ലെറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്താവുക കൂടെ ചെയ്തതോടെ ബാഴ്സലോണ പൂർണ്ണമായും മത്സരം കൈവിട്ടു. 89ആം മിനുട്ടിൽ മിന തന്നെ സെൽറ്റയുടെ വിജയ ഗോളും നേടി.

വിജയമില്ലാത്ത ബാഴ്സലോണയുടെ തുടർച്ചയായ മൂന്നാം മത്സരമാണ് ഇത്. അവസാന അഞ്ചു മത്സരങ്ങളിൽ ആകെ ഒരു മത്സരം ആണ് ബാഴ്സലോണ വിജയിച്ചത്. ഇന്നലത്തെ തോൽവിയോട് ബാഴ്സലോണ ആദ്യ രണ്ടു സ്ഥാനങ്ങളിലും എത്താൻ ആകില്ല എന്ന അവസ്ഥയിലാണ്. അവസാന 13 വർഷങ്ങളിൽ ആദ്യമായാണ് ബാഴ്സലോണ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഇല്ലാതെ ആകുന്നത്. 76 പോയിന്റുള്ള ബാഴ്സലോണ അവസാന മത്സരം വിജയിച്ചില്ല എങ്കിൽ അവരുടെ മൂന്നാം സ്ഥാനവും ഭീഷണിയിലാകും. 74 പോയിന്റുമായി സെവിയ്യ ബാഴ്സലോണക്ക് തൊട്ടുപിറകിൽ ഉണ്ട്.