“വിനീഷ്യസ് , ബെൻസിമ ഗോളിൽ തകർപ്പൻ ജയത്തോടെ റയൽ മാഡ്രിഡ് ; വിജയം കൈവിട്ട് ബാഴ്സലോണ ; തിരിച്ചു വരവിൽ ജയം നേടി ഡോർട്ട്മുണ്ട് ; അഞ്ചു ഗോൾ ജയവുമായി ചെൽസി”

സ്പാനിഷ് ലാ ലീഗയിൽ തകർപ്പൻ ജയത്തോടെ റയൽ മാഡ്രിഡ്. ഇന്നലെ ബെർണബ്യൂവിൽ വലൻസിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഈ സീസണിൽ ഉടനീളം നടന്നതു പോലെ വിനീഷ്യസും ബെൻസീമയും ആണ് റയലിന്റെ വിജയ ശില്പികൾ ആയത്. റയലിനായി വിനീഷ്യസ് ജൂനിയറും കരിം ബെൻസീമയും രണ്ടു ഗോളുകൾ നേടി.ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കൊണ്ട് ബെൻസീമ ആണ് റയലിന് ലീഡ് നൽകിയത്. ഈ സീസണിലെ തന്റെ 16-ാം ലീഗ് ഗോളും റയലിനായുള്ള 300 ആം ഗോളുമായിരുന്നു ഇത്.

52ആം മിനുട്ടിൽ വിനീഷ്യസ് ലീഡ് ഇരട്ടിയാക്കി. 61ആം മിനുട്ടിൽ താരം വീണ്ടും വല കണ്ടെത്തിയപ്പോൾ സ്കോർ 3-0. 76ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ വലൻസിയ ആശ്വാസ ഗോൾ നേടി‌. ഗുദെസ് എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയില്ല എങ്കിലും പിന്നാലെ താരം തന്നെ വല കണ്ടെത്തുക ആയിരുന്നു‌. 88 ആം മിനുട്ടിൽ ബെൻസിമ രണ്ടാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി.ഈ വിജയത്തോടെ 49 പോയിന്റുമായി റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമത് തന്നെ തുടരുന്നു. രണ്ടാമതുള്ള സെവിയ്യയെക്കാൾ 8 പോയിന്റ് റയലിന് അധികം ഉണ്ട്.

ലാ ലിഗയിൽ ഗ്രനഡയ്ക്കെതിരെ അവസാന നിമിഷം ജയം കൈവിട്ട് ബാഴ്സലോണ. ഒരു ഗോളിന് ലീഡ് ചെയ്ത് നിൽക്കെ 89 ആം മിനിറ്റിലായിരുന്നു ബാഴ്സ സമനില ഗോൾ വഴങ്ങിയത്. കോർണർ കിക്കിൽ നിന്ന് ആന്റോണിയോ പ്യുർട്ടാസാണ് സാവിയുടെ ടീമിന്റെ ഹൃദയം തകർത്തത്. 79 ആം മിനിറ്റിൽ ബാഴ്സ മിഡ്‌ഫീൽഡർ ഗാവി ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയതാണ് കളിയുടെ ഗതി മാറ്റിയത്.മത്സരത്തിന്റെ 57ആം മിനുട്ടിൽ ഡി യോങിന്റെ ഗോളിലൂടെയാണ് ബാഴ്‌സലോണ മത്സരത്തിൽ മുൻപിലെത്തിയത്.

എന്നാൽ മത്സരത്തിന്റെ 80ആം മിനുറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പാബ്ലോ ഗവിറോ പുറത്തുപോയതോടെ ബാഴ്‌സലോണയുടെ നില പരുങ്ങലിലായി. തുടർന്നാണ് മത്സരത്തിന്റെ 89ആം മിനുട്ടിൽ പുവററ്റസിന്റെ ഗോളിൽ ഗ്രനാഡ സമനില പിടിച്ചത്. ഗ്രനാഡക്ക് അനുകൂലമായി ലഭിച്ച കോർണർ പ്രധിരോധിക്കുന്നതിൽ ബാഴ്‌സലോണ വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്.ഗ്രനഡയെ തോൽപ്പിച്ചിരുന്നെങ്കിൽ ബാഴ്സയ്ക്ക് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കയറാമായിരുന്നു. നിലവിൽ 32 പോയിന്റുമായി ആറാം സ്ഥാനത്താണ് ബാഴ്സലോണ.

ബുണ്ടസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് ജയം. ഇന്നലെ ഫ്രാങ്ക്ഫർട്ടിനെതീരെ ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ഡോർട്മുണ്ട് വിജയം നേടിയത്.കൊളംബിയൻ താരം റാഫേൽ ബോറെ 15 , 24 മിനിറ്റുകളിൽ നേടിയ ഗോളിൽ ഫ്രാങ്ക്ഫർട്ട് രണ്ടു ഗോൾ ലീഡ് നേടി. പരാജയം ഉറപ്പിച്ച ഡോർട്മുണ്ടിനെ 71ആം മിനുട്ടിൽ തോർഗൻ ഹസാർഡ് ഒരു ഗോളുമായി കളിയിലേക്ക് തിരികെ കൊണ്ടു വന്നു. 87ആം മിനുട്ടിൽ ജൂഡ് ബെല്ലിങ് ഹാമിന്റെ സമനില ഗോൾ വന്നു. അവസാനം മഹ്മൊദ് ദഹൊദ് 89ആം മിനുട്ടിൽ തിരിച്ചുവരവ് പൂർത്തിയാക്കി കൊണ്ട് വിജയ ഗോൾ നേടി. ഈ വിജയത്തോടെ 37 പോയിന്റോടെ ബയേണുമായുള്ള പോയിന്റ് വ്യത്യാസം 6 ആയി കുറഞ്ഞു.

എഫ്എ കപ്പിൽ ചെസ്റ്റർഫീൽഡിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളിന്റെ വിജയം കുറിച്ച് ചെൽസി. മത്സരം തുടങ്ങി ആറാം മിനുട്ടിൽ തെന്ന് ടിമോ വെർണർ ചെൽസിയെ മുന്നിലെത്തിച്ചു.തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ഹഡ്സൺ ഒഡോയ്, റൊമേലു ലുകാകു, ക്രിസ്റ്റൻസൺ എന്നിവരുടെ ഗോളിൽ ചെൽസി 4-0ന് മുൻപിലെത്തി. തുടർന്ന് രണ്ടാം പകുതിയിൽ ചെൽസിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ഹക്കിം സീയെച്ച് ചെൽസി ഗോൾ പട്ടിക പൂർത്തിയാക്കി. മത്സരം അവസാനിക്കാൻ 10 മിനിറ്റ് ബാക്കി നിൽക്കെ അസന്റെയിലൂടെ ചെസ്റ്റർഫീൽഡ് ആശ്വാസ ഗോൾ നേടുകയും ചെയ്തു.