“ബെൻസിമ മാജിക്കിൽ ചെൽസിയെ തകർത്ത് തരിപ്പണമാക്കി റയൽ ; ബയേൺ മ്യൂണിക്കിന് വിയ്യ റയൽ ഷോക്ക് ” |CHAMPIONS LEAGUE

നിലവിലെ യൂറോപ്യൻ രാജാക്കന്മാരായ ചെൽസിയെ തകർത്ത് റയൽ മാഡ്രിഡ്. സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസിമയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം.അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പി എസ് ജിക്ക് എതിരെയും കരീം ബെൻസീമ ഹാട്രിക്ക് നേടിയിരുന്നു.

21, 24 മിനിറ്റുകളിൽ തകർപ്പൻ ഹെഡറുകളിലൂടെ ചെൽസിയുടെ വല കുലുക്കിയ ഫ്രഞ്ച് വെറ്ററൻ സ്ട്രൈക്കർ, രണ്ടാം പകുതിയുടെ ആദ്യമിനിറ്റിൽ ഹാട്രിക് തികച്ചു. ചെൽസി ഗോൾ കീപ്പർ മെൻഡി വരുത്തിയ പിഴവ് മുതലാക്കിയായിരുന്നു ബെൻസിമയുടെ മൂന്നാം ഗോൾ. ഫസ്റ്റ് ഹാഫിന്റെ അവസാനം കയ് ഹാവെർട്സ് ചെൽസിക്കായി ഒരു ഗോൾ മടക്കിയെങ്കിലും റയൽ വിജയം സ്വന്തമാക്കുക ആയിരുന്നു.21ആം മിനുട്ടിൽ ആയിരുന്നു ബെൻസീമയുടെ ആദ്യ ഗോൾ വന്നത്. ബെൻസീമയുടെ പാസിലൂടെ ആരംഭിച്ച മുന്നേറ്റം അവസാനം വിനിഷ്യസിന്റെ പാസിൽ നിന്നും ബെൻസിമ തന്നെ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റി.

24 ആം മിനുട്ടിൽ മോഡ്രിച്ചിന്റെ പാസിൽ നിന്നും ഹെഡ്ഡർ വീണ്ടും കീപ്പർ മെൻഡിയെ കീഴ്പെടുത്തിയപ്പോൾ റയൽ സ്കോർ 2 -0 ആക്കി ഉയർത്തി.40ആം മിനുട്ടിൽ ഹവേർട്സിന്റെ ഒരു ഗോളിലൂടെ ചെൽസി കളിയിലേക്ക് തിരികെ വന്നു. ജോർഗീഞ്ഞോയുടെ പാസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിർന്നു ഹവേർട്സ് വല കണ്ടെത്തിയത്. രണ്ടാം പകുതിയിൽ തിരിച്ചുവരാം എന്ന പ്രതീക്ഷയിലാണ് ചെൽസി രണ്ടാം പകുതി ആരംഭിച്ചത്.

ഗോൾ ലൈൻ വിട്ടു നിന്ന മെൻഡിയുടെ പിഴവിൽ നിന്നും ബെൻസിമ റയലിന്റെ മൂന്നാമത്തെ ഗോളും കൂടി നേടിയതോടെ ചെൽസിക്ക് മത്സരത്തിലേക്ക് തിരിച്ചു വരൻ സാധിച്ചില്ല.ചെൽസിക്ക് കിട്ടിയ രണ്ട് മികച്ച അവസരങ്ങൾ സേവ് ചെയ്ത റയൽ മാഡ്രിഡ് ഗോൾ കീപ്പർ കോട്ടുവയും തിളങ്ങി. രണ്ടാംപാദ പോരാട്ടം ഏപ്രിൽ 13ന് മാഡ്രിഡിൽ നടക്കും. രണ്ട് ഗോളിന്റെ അഗ്രിഗേറ്റ് ലീഡുമായി സ്വന്തം തട്ടകത്തിൽ രണ്ടാംപാദ ക്വാർട്ടറിന് ഇറങ്ങുന്ന റയലിന്റെ സെമി പ്രവേശനം തടയണമെങ്കിൽ
അത്ഭുത പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും ചെൽസി.

മറ്റൊരു ക്വാർട്ടറിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ വിയ്യ റയൽ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചു.ആദ്യപാദ ക്വാർട്ടറിൽ സ്വന്തം കാണികൾക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ കളിച്ച വിയ്യാറയൽ എട്ടാം മിനിറ്റിൽ അർനോട്ട് ഡാഞ്ചുമ നേടിയ ഗോളിനാണ് വിജയം നേടിയത്.ഡാനി പരെഹോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഡച്ച് താരത്തിന്റെ ഗോൾ പിറന്നത്.ലീഡ് നേടിയതിനു ശേഷവും പക്വതയാർന്ന കളി കാഴ്ചവെച്ച വിയ്യാറയൽ 40ആം മിനുട്ടിൽ വീണ്ടും ഗോൾ നേടി. കോക്വലിൻ നേടിയ ഗോൾ പക്ഷെ വിവാദ തീരുമാനത്തിലൂടെ വാർ വഴി നിഷേധിക്കപ്പെട്ടു.

ചാമ്പ്യൻസ് ലീഗിൽ അഞ്ച് വർഷത്തിന് ശേഷമാണ് ബയേൺ മ്യൂണിക്ക് ഒരു എവേ മത്സരം തോൽക്കുന്നത്. അവസാനമായി ബയേൺ പരാജയം രുചിക്കുമ്പോൾ അന്നത്തെ പിഎസ്ജിയുടെ കോച്ച് ഉനൈ എമറിയായിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. പ്രതിരോധത്തിലും ആക്രമണത്തിലും മികവ് പുലർത്തിയ വിയ്യ റയൽ അർഹിച്ച ജയമാണ് നേടിയത്.രണ്ടാം പകുതിയിൽ ബയേൺ കളിയിലേക്ക് തിരികെ വരാൻ ആഞ്ഞു ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. പതിവു പോലെ ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കാനും അവർക്ക് ആയില്ല. അടുത്ത ആഴ്ച മ്യൂണിക്കിൽ വെച്ച് രണ്ടാം പാദ ക്വാർട്ടർ ഫൈനൽ നടക്കും.