❝ കിരീട പോരാട്ടത്തിൽ വലിയ തരിച്ചടി നേരിട്ട് റയൽ ; വെർണറുടെ ഗോളിൽ ചെൽസി ; എംബാപ്പയുടെ ഗോളടി മികവിൽ പിഎസ്ജി❞

സ്പാനിഷ് ലാ ലീഗ കിരീട പോരാട്ടത്തിൽ റയൽ മാഡ്രിഡിന് വീണ്ടും വൻ തിരിച്ചടി. ഇന്നലെ നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനോട് ഗോൾ രഹിത സമനില വഴങ്ങിയതോടെ നിർണായക പോയിന്റുകൾ നഷ്ടപ്പെടുത്തി.ഇതോടെ ബാഴ്സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും കിരീട പ്രതീക്ഷകൾക്ക് കോപ്പ് കൂട്ടി.പോയിന്റ് ടേബിളിൽ ഇപ്പോഴും റയൽ മാഡ്രിഡ് രണ്ടാംസ്ഥാനത്ത് ആണെങ്കിലും റയലിനെക്കാൾ ഒരു മത്സരം കുറവ് കളിച്ച അത്ലറ്റികോ മാഡ്രിഡ് ഒന്നാം സ്ഥാനത്തും രണ്ടു മത്സരം കുറവു കളിച്ച ബാഴ്സലോണ മൂന്ന് പോയിന്റ മാത്രം വെത്യാസത്തോടെ മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ മൂന്ന് ലീഗ് മത്സരങ്ങളിൽ ഗോളില്ലാത്ത രണ്ടാമത്തെ സമനിലയാണ് റയൽ വഴങ്ങിയത്.കഴിഞ്ഞ മത്സരത്തിൽ ഗെറ്റാഫെയോടും റയൽ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു.

ഇന്ന് നടക്കുന്ന മത്സരത്തിൽ വിയ്യ റയലിനെ പരാജയപെടുത്തിയാൽ ബാഴ്സക്ക് പോയിന്റ് ടേബിളിൽ റയലിനൊപ്പമെത്താം.മറ്റൊരു മത്സരത്തിൽ ഗ്രാനഡയെ തോൽപ്പിച്ചാൽ നാലാം സ്ഥാനത്തുള്ള സെവില്ലയ്ക്ക് റേയാളുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറയ്ക്കാനാവും.ഒരു മാസത്തിലേറെ പരിക്കേറ്റതിന് ശേഷം ഈഡൻ ഹസാർഡ് മടങ്ങിയെത്തിയത് റയലിനി ആശ്വാസമായി. രണ്ടാം പകുതിയിൽ റോഡ്രിഗോയുടെ ഷോട്ട് ക്രോസ്സ്ബാറിൽ തട്ടി മടങ്ങിയതും , ലൂക്ക മോഡ്രിച്ചിന്റെ ഷോട്ട് കീപ്പർ ക്ലോഡിയോ ബ്രാവോ തടുത്തിട്ടതും റയലിന് തിരിച്ചടിയായി.


പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി മത്സരിക്കുന്ന രണ്ട് ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ ചെൽസിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെൽസി വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയത്. പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാമിന്റെ തുടർച്ചയായ രണ്ടാമത്തെ തോൽവി കൂടിയാണ്. കഴിഞ്ഞ ദിവസം ന്യൂ കാസിൽ യൂണൈറ്റഡിനോടും വെസ്റ്റ്ഹാം തോറ്റിരുന്നു. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ഗോളടിക്കാൻ പാടുപെടുന്ന ടിമോ വെർണറുടെ ഗോളിലാണ് ഇന്നത്തെ മത്സരത്തിൽ ചെൽസി ജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ വെസ്റ്റ്ഹാം താരം ബൽബൊയിന ചുവപ്പ്കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് വെസ്റ്റ്ഹാം മത്സരം പൂർത്തിയാക്കിയത്. ചെൽസി പ്രതിരോധ താരം ചിൽവെല്ലിനെ ഫൗൾ ചെയ്തതിനാണ് റഫറി വെസ്റ്റ്ഹാം താരത്തിന് ചുവപ്പ്‌കാർഡ് കാണിച്ചത്.ജയത്തോടെ അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമിനെക്കാൾ മൂന്ന് പോയിന്റിന്റെ ലീഡ് സ്വന്തമാക്കാൻ ചെൽസിക്കായി. നിലവിൽ ചെൽസിക്ക് നാലാം സ്ഥാനത്ത് 58 പോയിന്റും അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമിന് 55 പോയിന്റുമാണ് ഉള്ളത്.

ഫ്രഞ്ച് ലീഗിലെ കിരീട പോരാട്ടത്തിലെ ലില്ലെയ്ക്ക് മേൽ സമ്മർദ്ദം ഉയർത്തിക്കൊണ്ട് പി എസ് ജി ഒരു മികച്ച വിജയം. ഇന്നലെ നടന്ന എവേ മത്സരത്തിൽ മെറ്റ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. തുടക്കം മുതൽ ആക്രമിച്ചു കളിച്ച പി എസ് ജിക്ക് ഇരട്ട ഗോളുകളുമായി എമ്പപ്പെയാണ് വിജയം സമ്മാനിച്ചത്.ഇന്ന് നാലാം മിനുട്ടിൽ തന്നെ പി എസ് ജി ലീഡ് എടുത്തു. എമ്പപ്പെ ആയിരുന്നു സ്കോറർ. 46ആം മിനുറ്റിൽ സെന്റോൺസെ പി എസ് ജിയെ ഞെട്ടിച്ച് കൊണ്ട് മെറ്റ്സിനായി സമനില നേടി.

പക്ഷെ വീണ്ടും എമ്പപ്പെ പി എസ് ജിയുടെ രക്ഷകനായി. 59ആം മിനുട്ടിൽ ആയിരുന്നു എമ്പപ്പെയുടെ രണ്ടാം ഗോൾ. 90ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ഇക്കാർഡി പി എസ് ജിയുടെ മൂന്നാം ഗോളും നേടി.ഈ വിജയത്തോടെ 72 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് പി എസ് ജി. 70 പോയിന്റുമായി ലിലെ രണ്ടാമതും നിൽക്കുന്നു. ലില്ല ഒരു മത്സരം കുറവാണ് കളിച്ചത്.