❝വിനിഷ്യസിന്റെ മികവിൽ സമനില പിടിച്ച് റയൽ; അവസാന നിമിഷം റൊണാൾഡോ ഗോളടിച്ചെങ്കിലും യുവന്റസിനെ രക്ഷിക്കാനായില്ല❞

ബാഴ്സലോണക്ക് പിന്നാലെ ലാലിഗയിൽ റയൽ മാഡ്രിഡും പോയിന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്.ലെവന്റെയെ നേരിട്ട റയൽ മാഡ്രിഡ് ആവേശകരമായ ത്രില്ലറിന് ഒടുവിൽ 3-3 എന്ന സമനിലയിൽ കളി അവസാനിപ്പിച്ചു. അവസാന ഘട്ടത്തിൽ രണ്ട് തവണ പിറകിൽ പോയപ്പോഴും ഗോളടിച്ച് രക്ഷിച്ച വിനീഷ്യസ് ആണ് റയൽ മാഡ്രിഡിന്റെ മത്സരത്തിലെ ഹീറോ.കളിയുടെ അഞ്ചാം മിനുട്ടിൽ തന്നെ അവർ ലീഡ് കണ്ടെത്തി. ബെൻസീമയുടെ പാസിൽ നിന്ന് ഗരെത് ബെയ്ല് ആയിരുന്നു റയലിന് ലീഡ് നൽകിയത്.46ആം മിനുട്ടിൽ റോജർ മാർട്ടി ലെവന്റെയ്ക്ക് സമനില നൽകി. പിന്നാലെ 57ആം മിനുട്ടിൽ കാമ്പാന ലെവന്റെയെ മുന്നിൽ എത്തിക്കുകയും ചെയ്തു. പിന്നീട് ആയിരുന്നു വിനീഷ്യസിന്റെ രക്ഷാപ്രവർത്തനം. 73ആം മിനുട്ടിൽ കസമേറോയിൽ നന്ന് പന്ത് സ്വീകരിച്ച് സ്കോർ 2-2 എന്നാക്കി. പിന്നാലെ ലെവന്റെ വീണ്ടും മുന്നിൽ എത്തിച്ചു. 79ആം മിനുട്ടിൽ റോബേർട് പയറിന്റെ വക ആയിരുന്നു ലെവന്റെയുടെ മൂന്നാമത്തെ ഗോൾ.വീണ്ടും വിനീഷ്യസ് രക്ഷയ്ക്ക് എത്തി. ഇത്തവണ ബെൻസീമ ആയിരുന്നു അസിസ്റ്റ്. ഇതിനു ശേഷം ലെവന്റെ താരം ഫെർണാണ്ടസ് ചുവപ്പ് കണ്ട് പുറത്ത് പോയി. അവസാന നിമിഷങ്ങളിൽ വിജയത്തിനായി റയൽ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് എൽച്ചയെ പരാജയപ്പെടുത്തി. 39 ആം മിനുട്ടിൽ കൊറിയയാണ് ചാമ്പ്യന്മാർക്കായി ഗോൾ നേടിയത്.

ഇറ്റാലിയൻ സിരി എ യിൽ യുവന്റസിന് നിരാശയോടെ തുടക്കം. ഇന്നലെ നടന്ന മത്സരത്തിൽ ഉഡിനെസെ യുവന്റസിനെ 2 -2 സമനിലയിൽ പിടിച്ചു.ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയാണ് യുവന്റസ് ഇന്ന് കളി തുടങ്ങിയത്. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ ഡിബാല യുവന്റസിന് ലീഡ് നൽകി. വലതു വിങ്ങിൽ നിന്ന് ബെന്റുകറിന്റെ പാസിൽ നിന്നായിരുന്നു ഡിബാലയുടെ ഗോൾ.പിന്നാലെ 23ആം മിനുട്ടിൽ ഡിബാലയുടെ അസിസ്റ്റിൽ നിന്ന് കൊഡ്രാഡോ യുവന്റസിന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ ആയിരുന്നു ഉഡിനെസെയുടെ തിരിച്ചടി. 51ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ പെരേര അവരുടെ ആദ്യ ഗോൾ നേടി. സ്കോർ 1-2 എന്നായി. പിന്നാലെ 83ആം മിനുട്ടിൽ ഡെലഫെയു ഉഡിനെസെയുടെ സമനില ഗോളും നേടി. ചെസ്നിയുടെ പിഴവിൽ നിന്നായിരുന്നു ഡെലഫെയുവിന്റെ ഗോൾ.സബ്ബായി എത്തിയ റൊണാൾഡോ ഇഞ്ച്വറി ടൈമിൽ യുവന്റസിന് വേണ്ടി വിജയ ഗോൾ നേടുകയും ആഘോഷിക്കുകയും ചെയ്തു. പക്ഷെ റൊണാൾഡോയുടെ ഗോൾ ഓഫ്സൈഡാണെന്ന് വാർ വിളിച്ചു. ഇതോടെ കളി സമനിലയിൽ അവസാനിച്ചു.

മറ്റു മത്സരങ്ങളിൽ റോമാ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഫിയോറാന്റിനോയെ പരാജയപ്പെടുത്തി.മിഖിതര്യൻ (26 ‘), വെറൗട്ട് (64’, 79 ‘) എന്നിവരാണ് റോമയുടെ സ്‌കോറർമാർ. നാപോളി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വെനീസിയ എഫ്സിയെ പരാജയപ്പെടുത്തി.എൽ ഇൻസൈൻ (62 ‘PEN), ഇ എൽമാസ് (72’) എന്നിവരാണ് ഗോൾ നേടിയത്.

ഇന്നലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഴ്സണൽ ആരാധകർക്ക് മുന്നിൽ വെച്ചാണ് ചെൽസി ആഴ്സണലിനെ നാണംകെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. മത്സരത്തിന്റെ 15ആം മിനുട്ടിൽ ആയിരുന്നു ചെൽസിയുടെ ആദ്യ ഗോൾ. കായ് ഹവേർട്സ് നൽകിയ മനോഹർ പാസ് സ്വീകരിച്ച് വലതു വിങ്ങിൽ നിന്ന് റീസ് ജെയിംസ് നൽകിയ പാസ് ടാപിൻ ചെയ്ത് ലുകാകു ഗോൾ നേടുക ആയിരുന്നു. ലുകാകുവിന്റെ ചെൽസിയിലെ രണ്ടാം വരവിലെ ആദ്യ ഗോളാണിത്. കളിയുടെ 35ആം മിനുട്ടിൽ റീസ് ജെയിംസ് ചെൽസിയുടെ രണ്ടാം ഗോളും നേടി. മേസൺ മൗണ്ടിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ജെയിംസിന്റെ ഗോൾ. മറ്റു മത്സരങ്ങളിൽ ടോട്ടൻഹാം ഒരു ഗോളിന് വോൾവ്‌സിനെയും. യുണൈറ്റഡിനെ സൗത്താംപ്ടൺ സമനിലയിൽ തലക്കുകയും ചെയ്തു (1 -1 ).

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിചിന് ലീഗിലെ ആദ്യ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ കോളിനെതീരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബയേണിന്റെ വിജയം. രണ്ടാം പകുതിയിലാണ് കളിയിലെ അഞ്ചു ഗോളുകളും പിറന്നത്. 50ആം മിനുട്ടിൽ ലെവൻഡോസ്കിയാണ് ബയേണ് ലീഡ് നൽകിയത്. ലെവൻഡോസ്കി ഇത് തുടർച്ചയായ പന്ത്രണ്ടാം ലീഗ് മത്സരത്തിൽ ആണ് ഗോൾ നേടുന്നത്. 59ആം മിനുട്ടിൽ ഗ്നാബറി ബയേണിന്റെ ലീഡ് ഇരട്ടിയാക്കി, 60ആം മിനുട്ടിൽ മോഡിസ്റ്റയും 62ആം മിനുട്ടിൽ ഉത്തും കോളിനായി ഗോളുകൾ നേടി. ഇതോടെ സ്കോർ 2-2 എന്നായി. ബയേൺ ഒന്ന് പതറി എങ്കിലും 71ആം മിനുട്ടിലെ ഗ്നാബറിയുടെ ഗോൾ ബയേണ് ലീഡ് തിരികെ നൽകി. ഈ ഗോൾ അവരുടെ വിജയവും ഉറപ്പിച്ചു.