❝കിരീടം വിട്ടുകൊടുക്കാൻ തയ്യാറാവാതെ റയൽ മാഡ്രിഡ് ; ഓൾഡ് ട്രാഫൊർഡ് ചാരമാക്കി ലിവർപൂൾ ; ജർമൻ കപ്പ് നേടി ഡോർട്ട്മുണ്ട് ❞

അത്‌ലറ്റികോ മാഡ്രിഡ്ന് കിരീടം അത്രപെട്ടെന്നൊന്നും വിട്ടുകൊടുക്കാൻ മനസ്സില്ലാതെ ഒരു കൈ പൊരുതി നോക്കാനുള്ള തീരുമാനവുമായി റയൽ മാഡ്രിഡ്. ഇന്നലെ ഗ്രാനഡയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം.17ആം മിനുട്ടിൽ ആയിരുന്നു റയലിന്റെ ആദ്യ ഗോൾ. മധ്യനിര താരം മോഡ്രിചിന്റെ വക ആയിരുന്നു ഗോൾ. ആദ്യ പകുതിയുടെ അവസാനം റോഡ്രിഗോ റയലിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 71ആം മിനുട്ടിൽ മൊളിനയിലൂടെ ഗ്രാനഡ ഒരു ഗോൾ മടക്കി. എന്നാൽ അഞ്ചു മിനുട്ടുകൾക്ക് അകം രണ്ടു ഗോളുകൾ മടക്കി കൊണ്ട് റയൽ കളി കൈക്കലാക്കി. 75ആം മിനുട്ടിൽ ഒഡ്രിയിസോളയും 76ആം മിനുട്ടൊൽ ബെൻസീമയുമായിരുന്നു ഗോളുകൾ നേടിയത്.ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 78 പോയിന്റായി. ഒന്നാമതുള്ള അത്ലറ്റിക്കോയ്ക്ക് 80 പോയിന്റും മൂന്നാമതുള്ള ബാഴ്സലോണക്കു 76 പോയിന്റുമാണ് ഉള്ളത്‌. ഇനി ലീഗിൽ രണ്ടു മത്സരങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.അതിൽ അത്‌ലറ്റികോ മാഡ്രിഡിന് ഒരു സമനിലനേടുകയും റയൽ മാഡ്രിഡ്ന് ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിക്കുവാൻ കൂടി കഴിഞ്ഞാൽ റയലിന് ലാലിഗ കിരീടം നിലനിർത്താൻ സാധിക്കും.

കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന മത്സരം ഓൾഡ് ട്രാഫോഡിൽ യുണൈറ്റഡ് ആരാധകർ കയ്യേറി മത്സരം തടസ്സപ്പെടുത്തി എങ്കിൽ, ഇന്നലെ ഓൾഡ് ട്രാഫോർഡ് കൈയേറിയത് ലിവർപൂൾ ആയിരുന്നു. ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. ക്ലോപ്പ് ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓൾഡ് ട്രാഫോർഡിൽ പരാജയപ്പെടുത്തുന്നത്. ഇതോടെ പ്രീമിയർ ലീഗിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടം ആവേശകരമായിരിക്കുകയാണ്.ഓൾഡ്ട്രാഫോർഡിൽ ആവേശകരമായ മത്സരം തന്നെയാണ് കാണാൻ കഴിഞ്ഞത്.


പത്താം മിനുട്ടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തത്, വലതു വിങ്ങിലൂടെ വന്ന അറ്റാക്കിൽ നിന്ന് വാൻ ബിസാക് പെനാൾട്ടി ബോക്സിൽ വെച്ച് ബ്രൂണോക്ക് പന്ത് കൈമാറി. ബ്രൂണൊ ഫെർണാണ്ടസിന്റെ പുറംകാലു കൊണ്ടുള്ള ഷോട്ട് വലിയ ഡിഫ്ലക്ഷനോട് ലിവർപൂൾ വലയിൽ എത്തി. 34 ആം മിനുട്ടിൽ നാറ്റ് ഫിലിപ്സിന്റെ ഷോട്ടിൽ നിന്ന് ഒരു ഫ്ലിക്കിലൂടെ ആയിരുന്നു ജോട ലിവർപൂളിന്റെ സമനില ഗോൾ.ആ ഗോളിന് ശേഷം ലിവർപൂൾ ആയിരുന്നു മികച്ച ഫുട്ബോൾ കാഴ്ചവെച്ചത്. 45ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഫർമീനോയുടെ ഹെഡർ ലിവർപൂളിനെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫർമീനോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലയിൽ വീണ്ടും പന്തെത്തിച്ചു.

ഇത്തവണ ഹെൻഡേഴ്സന്റെ പിഴവ് ഗോളിന് കാരണമായി.കളി തിരിച്ചു പിടിക്കാൻ ആയി ഒലെ ഗണ്ണാർ സോൾഷ്യാർ ഫ്രെഡിനെ പിൻവലിച്ച് ഗ്രീൻവുഡിനെ കളത്തിൽ ഇറക്കി. ഗ്രീൻവുഡ് വന്നതോടെ യുണൈറ്റഡ് പതിയെ താളം കണ്ടെത്തി. 68ആം മിനുട്ടിൽ റാഷ്ഫോർഡിലെ ഒരു ഗോൾ മടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് കളിയിലേക്ക് തിരികെ വന്നു. കവാനിയുടെ പാസ് സ്വീകരിച്ചായിരുന്നു റാഷ്ഫോർഡിന്റെ ഗോൾ.മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് തുടർന്നു എങ്കിലും ഗോൾ പിറന്നത് മറുവശത്തായിരുന്നു. 90ആം മിനുട്ടിലെ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് സാല നേടിയ നാലാം ഗോൾ ലിവർപൂളിന്റെ മൂന്ന് പോയിന്റ് ഉറപ്പിച്ചു. ഈ വിജയം ലിവർപൂളിനെ 35 മത്സരങ്ങളിൽ നിന്ന് 60 പോയിന്റിൽ എത്തിച്ചു. ഇപ്പോഴും ലിവർപൂൾ അഞ്ചാമതാണ് ഉള്ളത്. 64 പോയിന്റുമായി ചെൽസി നാലാമതും 66 പോയിന്റുമായി ലെസ്റ്റർ മൂന്നാമതും നിൽക്കുന്നു. ലിവർപൂൾ ഈ രണ്ടു ടീമുകളെക്കാൾ ഒരു മത്സരം കുറവാണ് കളിച്ചത്. 70 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേരത്തെ ഉറപ്പിച്ചിരുന്നു.

ലൈപ്സിഗിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ബൊറൂസിയ ഡോർട്ട്മുണ്ട് ജർമ്മൻ കപ്പ് ആയ ഡി എഫ് ബി പൊക്കൽ കിരീട നേടി.ലീഗിലെ മോശം സീസണിൽ നിന്ന് ഒരു ആശ്വാസമാകും ഡോർട്മുണ്ടിന്റെ ഈ കിരീടം.ഇരട്ട ഗോളുകൾ നേടിയ സാഞ്ചോയും ഹാളണ്ടുമാണ് ഡോർട്മുണ്ടിന്റെ വിജയ ശില്പികളായത്.ആദ്യ പകുതിയിൽ തന്നെ ഡോർട്മുണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. രണ്ടാം പകുതിയിൽ ഓൽമോയിലൂടെ ഒരു ഗോൾ ലൈപ്സിഗ് മടക്കി എങ്കിലും 87ആം മിനുട്ടിലെ ഹാളണ്ടിന്റെ ഗോൾ ഡോർട്മുണ്ടിന്റെ വിജയം ഉറപ്പിച്ചു. ഇത് അഞ്ചാം തവണയാണ് ഡോർട്മുണ്ട് ജർമ്മൻ കപ്പ് ഉയർത്തുന്നത്.