അർജന്റീനിയൻ യങ് സെൻസേഷനെ ടീമിലെത്തിക്കാനൊരുങ്ങി റയൽ മാഡ്രിഡ്

അർജന്റീനിയൻ ഫുട്ബോളിൽ നിന്നും ഉദിച്ചുയർന്നു വരുന്ന താരമാണ് ജൂലിയൻ അൽവാരെസ് എന്ന 21 കാരൻ. കഴിഞ്ഞ കുറച്ചു സീസണുകളിലായി അര്ജന്റീന ക്ലബ് റിവർ പ്ലേറ്റിനായി നടത്തിയ മികച്ച പ്രകടനങ്ങൾ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ നോട്ടപുള്ളിയാക്കി മാറ്റിയിരിക്കുകയാണ്. സ്പാനിഷ് ഔട്ട്‌ലെറ്റ് ഫിചാജസിന്റെ റിപ്പോർട്ട് അനുസരിച്ച്, അടുത്ത വേനൽക്കാലത്തെ ട്രാൻസ്ഫർ വിൻഡോയിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് അര്ജന്റീന ഫോർവേഡിനെ സ്വന്തമാക്കാനൊരുങ്ങുകയാണ്.

താരത്തിന്റെ റിവർപ്ലേറ്റുമായുള്ള കരാർ നിലവിലെ കരാർ ഒരു വർഷത്തിനുള്ളിൽ അവസാനിക്കും. അർജന്റീനിയൻ യൂത്ത് സെറ്റപ്പിൽ അതിവേഗ പുരോഗതി കൈവരിക്കുന്നതിന് മുമ്പ് ജൂലിയൻ അൽവാരസ് 2016 ൽ അത്‌ലറ്റിക്കോ കാൽച്ചിൽ നിന്ന് റിവർ പ്ലേറ്റിൽ ചേർന്നു.വെറും രണ്ട് വർഷത്തിനുള്ളിൽ 18 വയസ്സുള്ളപ്പോൾ റിവർപ്ലേറ്റിന്റെ ആദ്യ ടീമിൽ ഇടം നേടി.കുറച്ചു നാളുകൾ കൊണ്ട് തന്നെ അവരുടെ ആക്രമണത്തിൽ ഒരു പ്രധാനിയായി മാറി. നടന്നു കൊണ്ടിരിക്കുന്ന സീസൺ 21 കാരനെ സംബന്ധിച്ച് ഓർത്തിരിക്കേണ്ട ഒന്നാണ് കാരണം 35 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും നിരവധി അസിസ്റ്റുകളും നേടി മികച്ച ഫോമിലാണ്.

കഴിഞ്ഞ രണ്ടു വർഷമായി മികച്ച പുരോഗതി കൈവരിച്ച താരമാണ്.വർഷങ്ങളായി ലോകമെമ്പാടുമുള്ള മിടുക്കരായ യുവ പ്രതിഭകളെ ടീമിലെത്തിക്കുന്നതിൽ റയൽ മാഡ്രിഡ് മുന്നിലാണ്. പ്രത്യേകിച്ച് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ താരങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ട്.ഫെഡറിക്കോ വാൽവെർഡെ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ഗോസ് എന്നിവർ ഉദാഹരമാണ്.സാന്റിയാഗോ ബെർണബ്യൂവിൽ മികച്ച മുന്നേറ്റം നടത്തിയതിന് ശേഷം മുകളിൽ പറഞ്ഞ മൂവരും ഇപ്പോൾ റയൽ മാഡ്രിഡിനായി സ്ഥിരമായി കളിക്കുന്നവരാണ്.

പരിക്കുകളും മോശം ഫോം കൊണ്ടും വലയുന്ന ഈഡൻ ഹസാർഡും ഗാരെത് ബെയ്‌ലും അടുത്ത സീസണിൽ ടീമിൽ ഉണ്ടാവില്ല എന്നുറപ്പാണ്. ഇവർക്ക് പകരക്കാരനായാണ് ജൂലിയൻ അൽവാരസിനെ കണക്കാക്കുന്നത്. 2018 മുതൽ റിവർ പ്ലേറ്റിന് വേണ്ടി കളിക്കുന്ന താരം അവർക്കായി 86 മത്സരങ്ങളിൽ നിന്നും 26 ഗോളുകൾ നേടിയിട്ടുണ്ട്. അര്ജന്റീന അണ്ടർ 20 ,23 താരമായ അൽവാരെസ് 2021 ജൂൺ 3 ന് ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന ദേശീയ ഫുട്ബോൾ ടീമിനായി അരങ്ങേറ്റം കുറിച്ചു. 62-ാം മിനിറ്റിൽ ഏഞ്ചൽ ഡി മരിയയ്ക്ക് പകരക്കാരനായി ഇറങ്ങി. കോപ്പ അമേരിക്ക നേടിയ അര്ജന്റീന ടീമിലും 21 കാരൻ അംഗമായിരുന്നു.