” നാണം കേട്ട തോൽവി ഏറ്റുവാങ്ങി പിഎസ്ജി : തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ് : സുവാരസിന്റെ തകർപ്പൻ ഗോളിൽ വിജയവുമായി അത്ലറ്റികോ മാഡ്രിഡ് : അവസാന സ്ഥാനക്കാരോട് സമനിലയുമായി രക്ഷപെട്ട് എ സി മിലാൻ”

ഫ്രഞ്ച് ലീഗിൽ നാന്റസിന് മുന്നിൽ തകർന്ന് പിഎസ്‌ജി. മെസി-നെയ്‌മർ-എംബാപ്പെ സൂപ്പർ സഖ്യം അടങ്ങിയ പാരീസ്‌ ടീമിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് നാന്റസ് അട്ടിമറിച്ചത്. മത്സരത്തിൽ വലിയ ആധിപത്യം പന്ത് കൈവശം വക്കുന്നതിൽ പി.എസ്.ജി കാണിച്ചു എങ്കിലും തുടക്കത്തിൽ തന്നെ നാന്റ്സ് പാരീസിനെ ഞെട്ടിച്ചു. നാലാം മിനിറ്റിൽ തന്നെ ഒരു പ്രത്യാക്രമണത്തിൽ മോസസ് സിമോണിന്റെ പാസിൽ നിന്നു റാന്റൽ മുഅമി നാന്റ്സിന് ആയി ഗോൾ നേടി. പതിനാറാം മിനിറ്റിൽ 19 കാരൻ ക്വിന്റൻ മെർലിൻ ഒസ്‌മാൻ ബുഖാരിയുടെ പാസിൽ നിന്നു അടിച്ച ഷോട്ട് പി.എസ്.ജി താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആയതോടെ പാരീസ് രണ്ടു ഗോളുകൾക്ക് പിറകിലായി.

ആദ്യ പകുതിക്ക് തൊട്ടു മുമ്പ് വൈനാൾഡത്തിന്റെ ഹാന്റ് ബോളിന് വാർ പെനാൽട്ടി വിധിച്ചതോടെ പി.എസ്.ജി വീണ്ടും സമ്മർദ്ദത്തിലായി. പെനാൽട്ടി ലക്ഷ്യം കണ്ട ലുണ്ടോവിച്ച് ബ്ലാസ് അവരുടെ ജയം ഉറപ്പിച്ചു. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ലയണൽ മെസ്സിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ നെയ്മർ ജൂനിയർ പാരീസിന് തിരിച്ചു വരവ് പ്രതീക്ഷകൾ നൽകി. എന്നാൽ 58 മത്തെ മിനിറ്റിൽ എമ്പപ്പെയെ വീഴ്‌ത്തിയതിനു ലഭിച്ച പെനാൽട്ടി നെയ്മർ പാഴാക്കിയത് അവർക്ക് വലിയ തിരിച്ചടിയായി.ചാമ്പ്യൻസ്‌ ലീഗ് റൗണ്ട് ഓഫ് 16 ഫസ്റ്റ് ലെഗിൽ കരുത്തരായ റയൽ മാഡ്രിഡിനെ കീഴടക്കിയതിന് ശേഷമുള്ള തോൽവി പിഎസ്ജിക്ക് അപ്രതീക്ഷിത തിരിച്ചടിയായി മാറി.

സ്പാനിഷ് ലാ ലീഗയിൽ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ് .എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അലവാസിനെയണ് റയൽ തകർത്തു വിട്ടത്.63 മത്തെ മിനിറ്റിൽ കരീം ബെൻസേമയുടെ പാസിൽ നിന്നു ബോക്സിന് വെളിയിൽ നിന്നു മാർകോ അസൻസിയോ ആണ് അവർക്ക് നിർണായക മുൻതൂക്കം നൽകിയത്. എമ്പതാം മിനിറ്റിൽ ബെൻസേമയുടെ തന്നെ പാസിൽ നിന്നു ഗോൾ നേടിയ വിനീഷ്യസ് ജൂനിയർ റയൽ ജയം ഉറപ്പിച്ചു. തുടർന്ന് അവസാന മിനിറ്റിൽ റോഡ്രിഗോയെ വീഴ്‌ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ബെൻസേമ റയൽ ജയം പൂർത്തിയാക്കുക ആയിരുന്നു. 25 മത്സരങ്ങളിൽ നിന്നും 57 പോയിന്റുമായി റയൽ ആണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.

മറ്റൊരു മത്സരത്തിൽ ലൂയി സുവാരസിന്റെ മിന്നുന്ന ഗോൾ പിറന്ന മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഒസാസുനയെ തകർത്തു വിട്ടു.കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ ഗോൾ നേടിയ ഫെലിക്‌സ് ആണ് അത്ലറ്റികോക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. രണ്ടാം പകുതിയിൽ 59 മത്തെ മിനിറ്റിൽ ഫെലിക്സിന്റെ പാസിൽ നിന്നു ഏതാണ്ട് 35 യാർഡിൽ നിന്നു ഇടൻ കാലൻ അടിയിലൂടെ ഗോൾ നേടിയ ലൂയിസ് സുവാരസ് അത്ലറ്റികോ ജയം ഉറപ്പിക്കുക ആയിരുന്നു. അവിശ്വസനീയ ഗോൾ ആയിരുന്നു ഇത്. 89 മത്തെ മിനിറ്റിൽ കോക്കെയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ പകരക്കാരൻ ആന്ദ്ര കൊറെയ അത്ലറ്റികോ ജയം പൂർത്തിയാക്കുക ആയിരുന്നു.

സിരി എ യിൽ ഒന്നാം സ്ഥാനത്തുള്ള എ സി മിലാനെ അവസാന സ്ഥാനത്തുള്ള സലേർനിറ്റാന സമനിലയിൽ തളച്ചു. ഇരു ടീമുകളും രണ്ടു ഗോളുകളാണ് മത്സരത്തിൽ നേടിയത്.11 വർഷത്തിന് ശേഷം ആദ്യ കിരീടം ലക്‌ഷ്യം വെക്കുന്ന മിലാൻ അഞ്ചാം മിനുട്ടിൽ തന്നെ ബ്രസീലിയൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ ജൂനിയർ മെസിയസിന്റെ ഗോളിലൂടൊപ് ലീഡ് എടുത്തു.29-ാം മിനിറ്റിൽ സ്‌ട്രൈക്കർ ഫെഡറിക്കോ ബൊനാസോളിയിലൂടെ സമനില പിടിച്ച സലേർനിറ്റാന പിന്നീട് 72-ാം മിനിറ്റിൽ ബോസ്‌നിയൻ ഫോർവേഡ് മിലാൻ ഡ്ജുറിക്കിന്റെ ഡൈവിംഗ് ഹെഡറിലൂടെ അപ്രതീക്ഷിത ലീഡ് നേടി.

ക്രൊയേഷ്യൻ മിഡ്ഫീൽഡർ റെബിക് ബോക്‌സിന് പുറത്ത് നിന്ന് ഒരു ലോ ഷോട്ടിലൂടെ 77 മിനുട്ടിൽ മിലാനെ തോൽ‌വിയിൽ നിന്നും രക്ഷിച്ചു.26 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായി ഇന്ററിനേക്കാൾ രണ്ടു പോയിന്റ് മുന്നിലാണ് . ഇന്റർ അവരെക്കാൾ രണ്ടു മത്സരം കുറവാണു കളിച്ചിരുന്നത്.