“എംബാപ്പയുടെ ഇരട്ട ഗോളിൽ പിഎസ്ജി ; ബെൻസിമയുടെ ഗോളിൽ കിരീടത്തിലേക്കടുത്ത് റയൽ ; വ്ലാഹോവിച്ചിന്റെ ഗോളടി മികവിൽ യുവന്റസ് ; ഫോഡന്റെ ഗോളിൽ സിറ്റി “

പ്രീമിയർ ലീഗ് പോരാട്ടത്തിൽ റെഡ് ഡെവിൾസിനെ ചെകുത്താൻ കോട്ടയിൽ ഗോൾ രഹിത സമനിലയിൽ തളച്ച് 19 ആം സ്ഥാനക്കാരായ വാട്ട്ഫോഡ്. എതിർ ഗോൾ മുഖം ലക്ഷ്യമാക്കിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 22 ഷോട്ടുകളിൽ മൂന്നെണ്ണം മാത്രമായിരുന്നു ഓൺ ടാർഗറ്റ്. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഉൾപ്പെടെയുള്ള യുണൈറ്റഡ് മുന്നേറ്റനിര ഫിനിഷിങ്ങിൽ പതറുന്ന കാഴ്ചയാണ് വാട്ട്ഫോഡിനെതിരെ കണ്ടത്. ആദ്യ പകുതിയിൽ തന്നെ ബ്രൂണോ ഫെർണാണ്ടസിന് മൂന്ന് മികച്ച അവസരങ്ങൾ ലഭിച്ചു. മൂന്നിൽ ഒന്നും വലയിൽ കയറിയില്ല. റൊണാൾഡോ ഒരു ഗോൾ നേടി എങ്കിലും അത് ഓഫ് സൈഡും ആയി.

രണ്ടാം പകുതിയിൽ സാഞ്ചോയും റാഷ്ഫോർഡും എല്ലാം കളത്തിൽ ഇറങ്ങിയിട്ടും യുണൈറ്റഡ് ഗോൾ ദാരിദ്ര്യം തുടർന്നു. 20ൽ അധികം ഷോട്ട് എടുത്തപ്പോഴും ആകെ 4 ഷോട്ട് മാത്രമെ ടാർഗറ്റിൽ ഉണ്ടായിരുന്നുള്ളൂ.ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. 27 മത്സരങ്ങളിൽ 47 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴുൻ നാലാമതാണ്. വാറ്റ്ഫോർഡ് ഇപ്പോഴും റിലഗേഷൻ സോണിൽ ആണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ സിറ്റി. എവർട്ടണെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്.കൂടുതൽ സമയം പന്ത് കൈവശം വക്കുകയും ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത സിറ്റിക്ക് മുന്നിൽ സ്വന്തം കാണികൾക്ക് മുന്നിൽ കൂടുതൽഗോളുകൾ നേടനായില്ല. സമനിലയിലേക്ക് പോകുമെന്ന തോന്നിച്ച സമയത്ത് ഫിൽ ഫോഡനാണ് സിറ്റിയുടെ ഗോൾ നേടിയത്.ജയത്തോടെ സിറ്റി രണ്ടാം സ്ഥാനത്തുള്ള ലിവർപൂളും ആയുള്ള അകലം ആറു പോയിന്റുകൾ ആയി ഉയർത്തി. അതേസമയം ലീഗിൽ 17 മത് ആണ് എവർട്ടൺ.

സ്പാനിഷ് ലാ ലീഗയിൽ റയോ വലെകാനോയെ എവേ മത്സരത്തിൽ നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം നേടി.കളി തീരാൻ 7 മിനുട്ട് മാത്രം ശേഷിക്കെ ബെൻസീമയാണ് റയലിനായി വിജയ ഗോൾ നേടിയത്.ഇന്ന് ആദ്യ പകുതിയിൽ കസമേറോയിലൂടെ റയൽ മാഡ്രിഡ് ഗോൾ നേടിയിരുന്നു എങ്കിലും വാർ ഗോൾ നിഷേധിക്കുക ആയിരുന്നു. ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 26 മത്സരങ്ങളിൽ നിന്ന് 60 പോയിന്റായി. രണ്ടാമതുള്ള സെവിയ്യക്ക് 51 പോയിന്റ് മാത്രമെ ഉള്ളൂ. ബാഴ്സലോണയെക്കാൾ 18 പോയിന്റ് റയൽ മാഡ്രിഡിന് അധികമുണ്ട്.

സ്പാനിഷ് ലാ ലീഗയിൽ സെൽറ്റ വിഗയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു അത്ലറ്റികോ മാഡ്രിഡ് ആദ്യ നാലിൽ തിരിച്ചെത്തി. ഇടത് ബാക്ക് ബ്രസീലിയൻ താരം റെനാൻ ലോദിയുടെ ഇരട്ട ഗോളുകൾ ആണ് അത്ലറ്റികോ മാഡ്രിഡിന് മികച്ച ജയം സമ്മാനിച്ചത്.മത്സരത്തിൽ 36 മത്തെ മിനിറ്റിൽ ജിയോഫ്രയുടെ പാസിൽ നിന്നു ലോദിയുടെ ഷോട്ട് സെൽറ്റ പ്രതിരോധത്തിൽ തട്ടി ഗോൾ ആവുക ആയിരുന്നു. സീസണിൽ താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ അറുപതാം മിനിറ്റിൽ ജിയോഫ്രയുടെ തന്നെ പാസിൽ തന്റെ രണ്ടാം ഗോളും കണ്ടത്തിയ ബ്രസീലിയൻ താരം അത്ലറ്റികോ ജയം ഉറപ്പിക്കുക ആയിരുന്നു.

ഇറ്റാലിയൻ സീരി എയിൽ തുസാൻ വ്ലാഹോവിച് നേടിയ ഇരട്ട ഗോളിന്റെ മികവിൽ എംപോളിക്കെതിരെ യുവന്റസിന് ജയം.യുവന്റസിനു ആയി ആറു കളികളിൽ അഞ്ചു ഗോളുകൾ നേടിയ താരം നിലവിൽ 20 ഗോളുകളും ആയി സീരി എയിലെ ടോപ് സ്കോററും ആണ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു യുവന്റസ് മത്സരം ജയിച്ചത്.32 മത്തെ മിനിറ്റിൽ റാബിയോറ്റിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ മോയിസ് കീൻ ആണ് യുവന്റസിനെ മത്സരത്തിൽ മുന്നിലെത്തിച്ചത്.എസ് സുർകോവ്സ്കി (39′), എ ലാ മാന്തിയ (76′) എന്നിവർ എംപോളിയുടെ ഗോളുകൾ നേടി.ജയത്തോടെ ലീഗിലെ നാലാം സ്ഥാനത്തിനുള്ള അവകാശവാദം യുവന്റസ് ഒന്നു കൂടി ശക്തമാക്കി.

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ബയേൺ മ്യൂണിക്. 67 മത്തെ മിനിറ്റിൽ പകരക്കാനായി ഇറങ്ങിയ ലിറോയ്‌ സാനെയാണ് ബയേണിന് ആയി വിജയഗോൾ നേടിയത്. ജോഷുവ കിമ്മിച്ചിന്റെ ത്രൂ ബോളിൽ നിന്നാണ് സാനെ ഗോൾ കണ്ടത്തിയത്. ജയത്തോടെ ലീഗിൽ രണ്ടാമതുള്ള ഡോർട്ട്മുണ്ടും ആയുള്ള പോയിന്റ് വ്യത്യാസം ബയേൺ 9 ആയി ഉയർത്തി. അതേസമയം ലീഗിൽ പത്താം സ്ഥാനത്ത് ആണ് ഫ്രാങ്ക്ഫർട്ട്.

ഫ്രഞ്ച് ലീഗ് 1 ൽ തകർപ്പൻ ജയവുമായി പിഎസ് ജി ,സെറ്റ് എത്തിനെയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയത്.മത്സരത്തിൽ 16 മിനിറ്റിൽ ഡെന്നിസ് നേടിയ ഗോൾ പി.എസ്.ജിയെ ഞെട്ടിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് കിലിയൻ എമ്പപ്പെ പാരീസിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. ലയണൽ മെസ്സിയുടെ ത്രൂ ബോളിൽ നിന്നായിരുന്നു എമ്പപ്പെയുടെ ഗോൾ.രണ്ടാം പകുതി തുടങ്ങിയ ഉടൻ മെസ്സിയുടെ മികച്ച ഒരു പാസിൽ നിന്നു എമ്പപ്പെ പാരീസിന്റെ രണ്ടാം ഗോൾ കണ്ടത്തി. സീസണിൽ ലീഗിൽ മെസ്സി നൽകുന്ന പത്താം അസിസ്റ്റ് ആയിരുന്നു ഇത്. 52 മത്തെ മിനിറ്റിൽ എമ്പപ്പെയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഡാനിലോ ആണ് പി.എസ്.ജി ഗോൾ വേട്ട അവസാനിപ്പിച്ചത്.