❝ബുണ്ടസ്‌ലിഗ മത്സരത്തിനിടെ നോമ്പ് തുറക്കാൻ കളി നിർത്തിവെച്ച് റഫറി❞ |Moussa Niakhate

ബുണ്ടസ്‌ലിഗയിൽ ഇന്നലെ നടന്ന ഓഗ്‌സ്‌ബർഗ് മെയ്ൻസ് 05 തമ്മിലുള്ള മത്സരത്തിൽ കണ്ണിന് കുളിർമയേകുന്ന കാഴ്ചക്ക് ലോകം സാക്ഷിയായി.മത്സരത്തിൽ മെയിൻസ് ഡിഫൻഡർ മൂസ നിയാഖത്തെ തന്റെ നോമ്പ് തുറക്കാൻ അനുവദിക്കുന്നതിനായി റഫറി മത്സരം താത്കാലികമായി നിർത്തിവച്ചു.

ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ നിലവിൽ റമദാൻ ആചരിക്കുകയാണ്, റയൽ മാഡ്രിഡ് സൂപ്പർ താരം കരിം ബെൻസെമ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെ ഹാട്രിക്ക് നേടുന്നതിന് മുമ്പ് ദിവസം മുഴുവൻ നോമ്പെടുത്തിരുന്നു.മെയിൻസ് ഡിഫൻഡർ നിയാഖത്തേയും തന്റെ മുസ്ലീം വിശ്വാസത്തിന്റെ ഭാഗമായി റമദാനിൽ പങ്കെടുത്തിരുന്നു.

65-ാം മിനിറ്റിൽ, മാച്ച് റഫറി മത്തിയാസ് ജോലെൻബെക്ക് മത്സരം താത്കാലികമായി നിർത്തിവെക്കുകയും നിയാഖത്തിന് വ്രതം അവസാനിപ്പിക്കാനുള്ള അവസരവും നൽകി. ഇടവേളയിൽ താരം രണ്ട് കുപ്പികളിൽ നിന്ന്, വെള്ളവും ഒരു സ്പോർട്സ് പാനീയവും കുടിക്കുന്നത് കാണാമായിരുന്നു.തന്റെ ഉപവാസം അവസാനിപ്പിച്ച ശേഷം, ഫ്രഞ്ചുകാരൻ ഒരു മികച്ച നിമിഷത്തിൽ ജോലെൻബെക്കിന് നന്ദി പറഞ്ഞു.

ഒരു കളിക്കാരനെ അവരുടെ നോമ്പ് തുറക്കാൻ അനുവദിക്കുന്നതിനായി ഒരു ടോപ്പ്-ഫൈറ്റ് ജർമ്മൻ മത്സരം നിർത്തുന്നത് ആദ്യമായിട്ടാണ്. ജർമ്മൻ റഫറി കമ്മിറ്റിയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജനറൽ ലൂട്ട്സ് മൈക്കൽ ഫ്രോഹ്ലിച്ച്, കളിക്കാർക്ക് അവരുടെ നോമ്പ് തുറക്കാൻ അനുവദിക്കുന്നതിനായി ഗെയിമുകൾ നിർത്തുന്നതിന് റഫറിമാർക്ക് അംഗീകാരം നൽകി.”ഇക്കാര്യത്തിൽ പൊതുവായ നിർദ്ദേശങ്ങളൊന്നുമില്ല, പക്ഷേ കളിക്കാരുടെ അഭ്യർത്ഥനപ്രകാരം റമദാനിൽ അത്തരം ഇടവേളകൾ അനുവദിക്കുന്ന ഞങ്ങളുടെ റഫറിമാരെ തീർച്ചയായും ഞങ്ങൾ പിന്തുണയ്ക്കുന്നു.”