‘റിങ്കു സിംഗ്, പേര് ഓർക്കുക’ തൂപ്പു ജോലിക്കാരനായ റിങ്കു സിംഗ് ഇന്ന് ഷാരൂഖ് ഖാന്റെ ഹീറോ

ഇന്നലെ ലക്‌നോവിനെതിരെയുള്ള മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെട്ടെങ്കിലും 15 പന്തിൽ 40 റൺസ് നേടി അവസാന നിമിഷം വരെ വീറോടെ പോരാടിയ റിങ്കു സിംഗ് എന്ന ലെഫ്റ്റ് ഹാൻഡ് ബാറ്ററുടെ പേരിലായിരുന്നു മത്സരം ഓർമിക്കുക.തന്റെ ടീമിനെ ഏതാണ്ട് അസംഭവ്യമായ വിജയത്തിന്റെ പടിവാതിൽക്കൽ എത്തിച്ച താരത്തിന്റെ പോരാട്ട വീര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

211 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന കെ കെ ആറിന് അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 21 റൺസ് ആയിരുന്നു. അവസാന ഓവർ എറിഞ്ഞ സ്റ്റോയ്‌നിസിന്റെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി റിങ്കു വിജയ ലക്‌ഷ്യം 5 പന്തിൽ നിന്നും 17 ആക്കി കുറച്ചു. അടുത്ത രണ്ടു പന്തിലും സിക്സുകൾ പറത്തി വിജയ ലക്‌ഷ്യം മൂന്നു പന്തിൽ നിന്നും അഞ്ചാക്കി കുറച്ചു. നാലാം പന്തിൽ രണ്ടു റൺസ് നേടുകയും ലക്‌ഷ്യം രണ്ടു പന്തിൽ നിന്നും മൂന്നാക്കി കുറക്കുകയും ചെയ്‌തു. എന്നാൽ അഞ്ചാം പന്തിൽ എവിൻ ലൂയിസിന്റെ അത്ഭുത കാച്ചിൽ റിങ്കു പുറത്തായി.അവസാന ബോളിൽ ഉമേഷ്‌ യാദവിനെയും പുറത്താക്കി ലക്ക്നൗ ടീമിന് മാർക്കസ് സ്റ്റോനിസ് മറ്റൊരു ജയം നൽകി.

ബാറ്റിംഗ് ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുത്ത് ക്യാപ്റ്റൻ ശ്രേയസ് അയ്യർ സമ്മർദത്തിൽ ആയതും സ്ഥിരത കണ്ടെത്താൻ വിഷമിക്കുന്ന നിതീഷ് റാണയും ഫോം കണ്ടെത്താൻ പാടുപെടുന്ന വിദേശ താരങ്ങളും കെകെആറിന് തലവേദന ആയപ്പോൾ, തുടർച്ചയായ മാറ്റങ്ങൾക്ക് ഒടുവിൽ കെകെആർ കണ്ടെത്തിയ ഭാഗ്യ താരമാണ് റിങ്കു സിംഗ്. ഏറ്റവുമൊടുവിൽ കളിച്ച രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം കാഴ്ചവെച്ചത് ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ യഥാക്രമം 35, 23, 42* എന്നിങ്ങനെയാണ് റിങ്കുവിന്റെ സമ്പാദ്യം.

അവസാന മത്സരത്തിൽ രാജസ്ഥാനെതിരെയും റിങ്കു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.ബാറ്റിംഗിനു പുറമെ ഫീൽഡിംഗിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന റിങ്കു സിംഗിനെ 80 ലക്ഷം രൂപയ്ക്കാണ് ഐപിഎൽ താരലേലത്തിൽ കെകെആർ സ്വന്തമാക്കിയത്. തന്റെ ജീവിതത്തിൽ നേട്ടങ്ങളുടെ ഉന്നതിയിൽ എത്തി നിൽക്കുന്ന ഈ സമയത്ത്, അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലേക്ക് നമുക്ക് ഒന്നു തിരിഞ്ഞു നോക്കാം. 1997-ൽ ഉത്തർപ്രദേശിലാണ് റിങ്കുവിന്റെ ജനനം.പിതാവ് ഗ്യാസ് ഏജൻസിയിൽ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുന്നു.

പിതാവിന്റെ പ്രതിമാസം വരുന്ന 7000 രൂപ വരുമാനത്തിൽ 9 അംഗങ്ങൾ അടങ്ങുന്ന കുടുംബം പ്രയാസകരമായ ജീവിതം നയിക്കുന്നതിന് ഇടയിലാണ് ഒമ്പതാംക്ലാസിൽ റിങ്കു പരാജയപ്പെടുന്നത്. അതോടെ, ഒമ്പതാംക്ലാസിൽ പഠനം നിർത്തിയ റിങ്കു, തൂപ്പ് ജോലിക്ക് പോയി തുടങ്ങി. ശേഷം ഓട്ടോ ഡ്രൈവർ ആയി റിങ്കു വർഷങ്ങളോളം തന്റെ കുടുംബത്തിനുവേണ്ടി അധ്വാനിച്ചു. അതിനിടയിൽ തന്റെ മനസ്സിലുണ്ടായിരുന്ന ക്രിക്കറ്റ് മോഹങ്ങൾ തന്റെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി റിങ്കു ഇപ്പോൾ സഫലമാക്കിയിരിക്കുകയാണ്.

ഈ വിജയത്തോടെ 14 ലീഗ് മത്സരങ്ങളിൽ നിന്ന് 18 പോയിന്റ് നേടിയ ലഖ്‌നൗ പ്ലേ ഓഫിലേക്ക് യോഗ്യത നേടി. നടന്നുകൊണ്ടിരിക്കുന്ന സീസണിൽ പ്ലേഓഫിൽ എത്തുന്ന ആദ്യ ടീമായി മാറിയ ഗുജറാത്ത് ടൈറ്റൻസിനൊപ്പം അവർ ചേർന്നു.മറുവശത്ത്, 14 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ലീഗ് ഘട്ടങ്ങൾ പൂർത്തിയാക്കിയ കൊൽക്കത്ത പ്ലേഓഫിൽ നിന്ന് പുറത്തായി. പ്ലേ ഓഫ് വേട്ടയിൽ നിന്ന് ഇതിനകം പുറത്തായ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനും അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനും അവർ ഒപ്പം ചേർന്നു.