❝ഗോളുകളിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് പോളിഷ് ബോംബർ❞

ജർമൻ ബുണ്ടസ്‌ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഷാൽകെക്കെതിരെ നേടിയ ഗോളോടെ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി. ഇന്നലെ നടന്ന മത്സരത്തിൽ 54 ആം മിനുട്ടിൽ നേടിയ ഗോളോട് കൂടി കരിയറിൽ 500 ഗോൾ തികക്കുന്ന താരമായി ലെവെൻഡോസ്‌കി മാറി. ബുണ്ടസ്‌ലീഗിൽ ഈ സീസണിൽ 17 മത്സരത്തിൽ നിന്നും ലെവ നേടുന്ന 23 ആം ഗോളായിരുന്നു ഇത്.

നിലവിലെ കളിക്കാരിൽ, ലെവാൻഡോവ്സ്കിക്ക് പുറമേ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എന്നി മൂന്ന് താരങ്ങൾ മാത്രമാണ് 500 ഗോളുകൾ നേടിയിട്ടുള്ളത്. തന്റെ കരിയറിൽ സ്നിച് പ്രസ്‌കോക്ക് വേണ്ടി 21 ഗോളുകളും, ലെക്ക് പോസ്‌നന് വേണ്ടി 41 ബോറുസിയ ഡോർട്മണ്ട് 103 ബയേൺ – 272 പോളിഷ് ദേശീയ ടീം -63 ഗോളുകൾ നേടിയിട്ടുണ്ട്. 2014 -2015 സീസണിൽ ബയേണിലെത്തിയ ലെവൻഡോസ്‌കി ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി വളർന്നു.


ബയേണിനായി 313 മത്സരങ്ങൾ കളിച്ച താരം 272 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ ബയേണിനൊപ്പം 4 കിരീടങ്ങൾ സ്വന്തമാക്കിയ ലെവെൻഡോസ്‌കി 47 മത്സരങ്ങളിൽ നിന്നും 55 ഗോളുകളും നേടി. കഴിഞ്ഞ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സീസണിൽ ലീഗിൽ 23 ഗോളുകൾ നേടിയ ലെവെൻഡോസ്‌കിയുടെ മുന്നിലുള്ളത് 1977/1978 സീസണിൽ ഒരു സീസണിൽ 40 ഗോളുകൾ നേടിയ ഗെർഡ് മുള്ളറുടെ റെക്കോർഡ് തകർക്കുക എന്നതാണ്.

ബുണ്ടസ്‌ലീഗയിൽ ഇനി 16 മത്സരങ്ങളാണ് അവശേഷിക്കുന്നത് ഒരു മത്സരത്തിൽ ഓരോ ഗോൾ നേടിയാൽ മുള്ളറുടെ റെക്കോർഡ് മറികടക്കാൻ പോളിഷ് താരത്തിനാവും.എന്നാൽ ലെവെൻഡോസ്‌കി 525 ഗോളുകൾ നേടിയിട്ടുണ്ടെന്നും പല പോളിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക കണക്കുകളിൽ കഴിഞ്ഞ മത്സരത്തിലാണ് താരം 500 ഗോളുകൾ തികച്ചത്