❝ പോർച്ചുഗലിന്റെ 🇵🇹💔 കണക്ക് കൂട്ടലുകൾ
💪🇩🇪 അടുക്കി വെക്കാനാവാത്ത വിധം
തകർന്നടിഞ്ഞത് 💥🔑 ഗോസെൻസിനു മുന്നിലായിരുന്നു ❞

യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ഫ്രാൻസിനോടേറ്റ പരാജയത്തിന് ശേഷം നിലവിലുള്ള ചാമ്പ്യന്മാരായ പോർച്ചുഗലിനെ നേരിട്ട ജർമ്മനി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജർമ്മനി പറങ്കി പടയെ തുരത്തിയത്. കളിക്കളത്തിലെ സർവ മേഖലയിലും ആധിപത്യം പുലർത്തിയ ജർമ്മനി കഴിഞ്ഞ മത്സരത്തിലെ പിഴവുകളെല്ലാം തിരുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇന്നലത്തെ മത്സരത്തിൽ മികച്ച പ്രകടനത്തോടെ ഏവരുടെയും ശ്രദ്ധയാകർഷിച്ച താരമാണ് ഡിഫൻഡർ റോബിൻ ഗോസെൻസ്. ഒരു ഗോൾ നേടുകയും 2 ഗോളിന് അവസരം ഒരുക്കി കൊടുക്കുകയും ചെയ്ത 26 കാരൻ മാൻ ഓഫ് ദ മാച്ച് പുരസ്കാരവുമായാണ് കളിക്കളം വിട്ടത്.

ഇടതു വിങ്ങിൽ നിരന്തരം മുന്നേറി കളിച്ച ഈ അറ്റലാന്ട താരം പോർച്ചുഗീസ് റൈറ്റ് ബാക്ക് നെൽസൺ സെമെഡോയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. മികച്ച വേഗതയും ,ക്രോസ്സിങ്ങും , പാസ്സുകളും , ഷോട്ടുകളുമായി ഗോസെൻസ് കളം നിറഞ്ഞു കളിച്ചു. ഫ്രാൻസിനെതിരായ ജർമ്മനിയുടെ ആദ്യ മത്സരത്തിൽ ഗോസെൻസിനു ആരാധകർക്കിടയിൽ നിന്നും വിമര്ശനം ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പോർച്ചുഗലിനും എതിരായ മികച്ച പ്രകടനത്തിന് ശേഷം ആരാധകർ സ്തുതിഗീതങ്ങൾ പാടിയാണ് അദ്ദേഹത്തെ പ്രശംസിച്ചത്.

ഇരു പകുതികളിലും ജർമൻ ടീമിന്റെ പ്രധാന കളിക്കാരനായിരുന്നു അറ്റലാന്റ വിംഗ്-ബാക്ക്. ഫ്രാൻസിനെതിരായ കളിയിൽ നിന്ന് വിട്ടുപോയ തരത്തിലുള്ള ചലനാത്മകത ഗോസെൻസ് ജർമനിക്ക് ഇന്നലത്തെ മത്സരത്തിൽ കൊണ്ട് വന്നു. പോർചുഗലിനെതിരെ തുടക്കത്തിൽ തന്നെ മുന്നേറി കളിച്ച ജർമനിക്ക് വേണ്ടി അഞ്ചാം മിനുട്ടിൽ തന്നെ ഗോസെൻസ് വല കുലുക്കിയിരുന്നു എന്നാൽ സെർജ് ഗ്നാബ്രി ബിൽ‌ഡപ്പിൽ ഓഫ്‌സൈഡ് ആയതിനാൽ ഗോൾ നഷ്ടപ്പെട്ടു. കളിയുടെ ഗതിക്ക് വിപരീതമായി റൊണാൾഡോ പോർചുഗലിനായി ഗോൾ നേടിയെങ്കിലും 35 ആം മിനുട്ടിൽ ഗോസെൻസ് ബോക്സിലുള്ള ഹാവെർട്സിനു ലക്ഷ്യമാക്കി കൊടുത്ത പസ്സാണ് ഡിഫൻഡർ റൂബൻ ഡിയാസിന്റെ കാലിൽ തട്ടി വലയിൽ കയറിയത്.

രണ്ടാം പകുതിയിൽ വേഗത്തിലും ചലനാത്മകവുമായി മുന്നേറിയ ജർമ്മനി ലീഡ് നേടി .51 ആം മിനുട്ടിൽ ഗോസെൻസ് കൊടുത്ത മികച്ചൊരു പാസിൽ ന്നാണ് ഹാവേർട്സ് ജർമനിയുടെ മൂന്നാം ഗോൾ നേടിയത്. 60 ആം മിനുട്ടിൽ അവസാനം ഗോസെൻസ് ഗോൾ പട്ടികയിൽ ഇടം പിടിച്ചു . വലതു വിങ്ങിൽ നിന്നും കിമ്മിച് കൊടുത്ത ക്രോസ്സ് പെർഫെക്റ്റ് ഹെഡ്ഡറിലൂടെ ഗോസെൻസ് വലയിലാക്കി.വിജയമുറപ്പിച്ച ജർമ്മനി മികച്ച പ്രകടനത്തിന് ശേഷം 63 ആം മിനുട്ടിൽ ഗോസെൻസിനു പകരമായി ഹാൾസ്റ്റൻബെർഗിനെ ഇറക്കി .എന്നാൽ ഇടതുവശത്ത് ഡൈനാമോ നഷ്ടപ്പെട്ടതോടെ ഡിയോഗോ ജോറ്റ പോർച്ചിഗലിന്റെ രണ്ടാമത്തെ ഗോൾ നേടുകയും ചെയ്തു.മത്സരത്തിൽ 63 മിനുട്ട് മാത്രം ചിലവഴിച്ച ഗോസെൻസ് കളിയിൽ വരുത്തിയ സ്വാധീനം വിലമതിക്കാനാവാത്തതായിരുന്നു. ഗോസെൻസ് പിച്ചിലുള്ളപ്പോൾ ജർമനിയുടെ മുന്നേറ്റങ്ങളെല്ലാം അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ളതെയിരുന്നു.

ജർമനിയിൽ ജനിച്ചെങ്കിലും രാജ്യത്തിൻറെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നു വന്ന താരമല്ല ഗോസെൻസ്. തന്റെ പ്രൊഫഷണൽ കരിയർ മുഴുവനും ജർമനിക്ക് പുറത്താണ് താരം ആസ്വദിച്ചത്.ലെഫ്റ്റ് ബേക്കയും ലെഫ്റ്റ് മിഡ്ഫീൽഡറായും ഒരു പോലെ തിളങ്ങാൻ സാധിക്കുന്ന താരം കൂടിയായ ഗോസെൻസ് കഴിഞ്ഞ കുറച്ചു സീസണായി ഇറ്റാലിയൻ സിരി എയിൽ അറ്റ്ലാന്റ്റാക്ക് വേണ്ടി സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. 44 മത്സരങ്ങളിൽ നിന്നും 12 ഗോളുകളും 8 അസിസ്റ്റുകളും സംഭാവന ചെയ്തു. 2017 ൽ ഡച്ച് ക്ലബ് ഹെറാക്കിൾസിൽ നിന്നും അറ്റ്ലാന്റയിലെത്തിയ ഗോസെൻസ് അവർക്കായി 149 മത്സരണങ്ങളിൽ നിന്നും 27 ഗോളുകൾ നേടിയിട്ടുണ്ട്. ബാഴ്സലോണ , യുവന്റസ് എന്നി വമ്പന്മാരുടെ റഡാറിലുള്ള താരം യൂറോ കഴിയുന്നതോടെ വലിയ തുകക്ക് പുതിയ ക്ലബ്ബിലേക്ക് എത്താൻ സാധ്യതയുണ്ട്.