ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി റോഡ്രിഗോ |Rodrygo

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് 5-1ന് സെൽറ്റിക്കിനെ പരാജയപ്പെടുത്തിയിരുന്നു.സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന വിജയത്തോടെ റയൽ മാഡ്രിഡ് ഗ്രൂപ്പ് എഫിൽ ഒന്നാമതെത്തി 16-ാം റൗണ്ടിൽ പ്രവേശിച്ചു. തുടർച്ചയായ മൂന്നാം സീസണിലാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാമതെത്തുന്നത്. മാത്രമല്ല, 2015-16 സീസണിന് ശേഷം ആദ്യമായാണ് റയൽ മാഡ്രിഡ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് ഹോം മത്സരങ്ങളും ജയിക്കുന്നത്.

മത്സരത്തിന്റെ തുടക്കത്തിൽ, സെൽറ്റിക് ഡിഫൻഡർ ജെൻസ് ബോക്‌സിൽ ഹാൻഡ് ബോളിൽ തട്ടിയതിനെ തുടർന്ന് റയൽ മാഡ്രിഡിന് പെനാൽറ്റി ലഭിച്ചു. ആറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ലൂക്കാ മോഡ്രിച്ച് റയൽ മാഡ്രിഡിന് ആദ്യ ലീഡ് നേടിക്കൊടുത്തു. തുടർന്ന് കളിയുടെ 20-ാം മിനിറ്റിൽ റയൽ മാഡ്രിഡിന് വീണ്ടും പെനാൽറ്റി ലഭിച്ചു. ഇത്തവണ സ്‌പോട്ട് കിക്കെടുത്ത റോഡ്രിഗോ ലക്ഷ്യം തെറ്റിയില്ല. ഇതോടെ റയൽ മാഡ്രിഡിന്റെ ലീഡ് ഇരട്ടിയായി.സെൽറ്റിക്കിനെതിരായ മത്സരത്തിൽ റയൽ മാഡ്രിഡിനായി മാർക്കോ അസെൻസിയോ, വിനീഷ്യസ് ജൂനിയർ, ഫെഡറിക്കോ വാൽവെർഡെ എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. ജോട്ടയാണ് സെൽറ്റിക്കിന്റെ ഏക ഗോൾ സ്‌കോറർ.

21 കാരനായ റോഡ്രിഗോയുടെ 13-ാം ചാമ്പ്യൻസ് ലീഗ് ഗോളാണിത്. 2019ൽ സാന്റോസിൽ നിന്നാണ് റോഡ്രിഗോ റയൽ മാഡ്രിഡുമായി ഒപ്പുവച്ചത്. ബ്രസീലിയൻ വിങ്ങർ റയൽ മാഡ്രിഡിനായി 33 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 33 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ റോഡ്രിഗോ ഇപ്പോൾ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയ്‌ക്കൊപ്പമാണ്. റയൽ മുന്നേറ്റ നിരയിൽ സൂപ്പർ സ്‌ട്രൈക്കർ ബെൻസൈമയുടെ അഭാവം ബ്രസീലിയൻ താരം ഇന്നലെ അറിയച്ചതേയില്ല.

റയൽ മാഡ്രിഡിൽ ഇപ്പോഴും പകരക്കാരനായാണ് റോഡ്രിഗോയുടെ സ്ഥാനം.കാർലോ ആൻസലോട്ടി റൈറ്റ് വിംഗറായും ഫാൾസ് 9 നിലും ചില സമയങ്ങളിൽ സ്‌ട്രൈക്കറായും ബ്രസീലിയൻ യുവ താരത്തെ ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ സീസണിൽ റയലിന്റെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ റോഡ്രിഗോയുടെ പങ്ക് വിലമതിക്കാനാവാത്തതാണ്.ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 5 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

2002-07 കാലഘട്ടത്തിൽ റയൽ മാഡ്രിഡിനായി കളിച്ച റൊണാൾഡോ നസാരിയോ റയൽ മാഡ്രിഡിനായി 13 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടി. ബ്രസീലിയൻ യുവതാരം റോഡ്രിഗോയാണ് ബ്രസീലിയൻ ഇതിഹാസത്തിന്റെ ഈ നേട്ടവുമായി എത്തിയിരിക്കുന്നത്. റയൽ മാഡ്രിഡിനായി ഇതുവരെ 125 മത്സരങ്ങൾ കളിച്ചിട്ടുള്ള റോഡ്രിഗോ 25 ഗോളുകളും 26 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Rate this post