“ഇന്ത്യക്ക് പുതിയ ടി20 ക്യാപ്റ്റൻ വരണം ; നിർദേശം മുന്നോട്ട് വെച്ച് വിരേന്ദർ സെവാഗ്”

ഇന്ത്യയും ഏക ക്യാപ്റ്റൻസി മാതൃകയിൽ നിന്ന് മാറി ചിന്തിക്കണം എന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്.  നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ജോലി ഭാരം കുറക്കാൻ വേണ്ടി, ഇന്ത്യയുടെ ടി20 ടീമിന്റെ നായക സ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കേണ്ടതുണ്ട് എന്നാണ് വിരേന്ദർ സെവാഗിന്റെ അഭിപ്രായം. അങ്ങനെ വരുന്ന സാഹചര്യത്തിൽ രോഹിത്തിന് ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ ശ്രദ്ധ പുലർത്താൻ പറ്റുമെന്നും സെവാഗ് പറഞ്ഞു.

“35-കാരനായ രോഹിത്തിന്റെ ജോലി ഭാരം കുറച്ച് നൽകേണ്ടത് ഒരു മര്യാദയാണ്. എന്റെ അഭിപ്രായത്തിൽ ടി20 ടീമിന്റെ നായക പദവി മറ്റൊരാളെ ഏൽപ്പിക്കേണ്ടിയിരിക്കുന്നു. മാനേജ്മെന്റ് ഒരു ഭാവി ക്യാപ്റ്റനെ കണ്ടുവെച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് സ്ഥാനം കൈമാറാനുള്ള പറ്റിയ സന്ദർഭമാണ് ഇത്. അങ്ങനെ സംഭവിക്കുന്നതോടെ, രോഹിത്തിന് വിശ്രമം ആവശ്യമാകുന്ന വേളയിൽ ടി20 യിൽ നിന്ന് ഇടവേള എടുക്കാം,” സെവാഗ് പറയുന്നു.

“ഇതോടെ, രോഹിത്തിന് ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ ശ്രദ്ധ നൽകാൻ സാധിക്കും. ഇനി ഒരുപക്ഷെ, എല്ലാ ഫോർമാറ്റിനും ഒരു ക്യാപ്റ്റൻ തന്നെ മതി എന്നാണ് മാനേജ്മെന്റ് ഇപ്പോഴും ചിന്തിക്കുന്നതെങ്കിൽ, നിലവിൽ രോഹിത് തന്നെയാണ് ക്യാപ്റ്റനാകാനുള്ള മികച്ച ഓപ്ഷൻ,” സെവാഗ് ഒരു സ്പോർട്സ് ടോക്ക് ഷോയിൽ പങ്കെടുക്കവേ പറഞ്ഞു.

കൂടാതെ, വരുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ടോപ് ഓർഡറിൽ ആരെല്ലാം കളിക്കും എന്നതിനെക്കുറിച്ച് ഒരു സൂചനയും സെവാഗ് നൽകി. രോഹിത് – ഇഷാൻ കിഷൻ ഓപ്പണിംഗ് കൂട്ടുകെട്ടും, മൂന്നാം നമ്പറിൽ കെഎൽ രാഹുലും ഉണ്ടാകും എന്നാണ് സെവാഗ് കരുതുന്നത്. നിലവിൽ, വിരാട് കോഹ്‌ലിയാണ്‌ ഇന്ത്യയുടെ മൂന്നാമൻ. എന്നാൽ, മൂന്നാം നമ്പറിൽ പുതിയൊരു സാധ്യതയാണ് സെവാഗ് കാണുന്നത്.

Rate this post