❝ഭുവനേശ്വര്‍ ഉള്ളപ്പോൾ എന്തിന് അവസാന ഓവർ ആവേശിന് നൽകി അടി വാങ്ങി ? , വിശദീകരണവുമായി രോഹിത് ശർമ്മ❞

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര വൈറ്റ് വാഷ് ചെയ്ത ടീം ഇന്ത്യക്ക് പക്ഷേ ടി :20 പരമ്പരയിൽ പൂർണ്ണ ജയം എന്നത് സ്വപ്നം മാത്രം. ഇന്നലെ നടന്ന രണ്ടാം ടി :20 മത്സരത്തിൽ 5 വിക്കെറ്റ് തോൽവിയാണ് രോഹിത് ശർമ്മയും സംഘവും നേരിട്ടത്. ഇന്ത്യൻ ടീം 138 റൺസ്‌ നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ അവസാന ഓവറിൽ വെസ്റ്റ് ഇൻഡീസ് ജയത്തിലേക്ക് എത്തി.

അവസാന രണ്ട് ഓവറിൽ ജയിക്കാൻ 16 റൺസ്‌ വേണമെന്നിരിക്കെ യുവ പേസർമാരെയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ വിശ്വാസപൂർവ്വം ജോലി ഏൽപ്പിച്ചത്. പത്തൊൻപതാം ഓവറിൽ അർഷദീപ് സിങ് വെറും 6 റൺസ്‌ മാത്രം വഴങ്ങിയപ്പോൾ അവസാന ഓവറിലെ ആദ്യത്തെ ബോളിൽ ആവേഷ് ഖാൻ നോ ബോൾ എറിഞ്ഞത് തോൽവിക്കുള്ള കാരണമായി മാറി. ശേഷം ഫ്രീ ഹിറ്റ് ബോളിൽ സിക്സും ശേഷം ഫോറും അടിച്ച വെസ്റ്റ് ഇൻഡീസ് ടീം ജയവും പരമ്പരയിൽ 1-1ന് ഒപ്പവുമെത്തി. സീനിയർ പേസർ ഭൂവിക്ക് ഓവർ ശേഷിക്കേയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ ആവേഷ് ഖാന് നിർണായക ഓവർ നൽകിയത്.

ഇപ്പോൾ ഇക്കാര്യത്തിലെ തന്റെ പ്ലാൻ അടക്കം വിശദമാക്കുയാണ് ഇന്ത്യൻ നായകനായ രോഹിത് ശർമ്മ.ഭൂവിക്ക് ഓവർ ശേഷിക്കേ എന്തുകൊണ്ട് ഇത്തരം ഒരു തീരുമാനം എന്നുള്ള കാര്യം രോഹിത് ശർമ്മ മത്സരശേഷം വെളിപ്പെടുത്തി. “അതേ അവസാന ഓവറുകളിൽ അടക്കം ഭുവി എക്കാലവും ഞങ്ങൾക്കായി എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾക്ക്‌ ബോധ്യം ഉണ്ട്.അവൻ വർഷങ്ങളായി അത് വളരെ ഭംഗിയായി ചെയ്യുന്നു.പക്ഷേ ആവേശ്, അർഷദീപ് എന്നിവരെപ്പോലുള്ള ആളുകൾക്ക് കൂടി ഇത്തരം സമയങ്ങളിൽ നിങ്ങൾ അവസരം നൽകിയില്ലെങ്കിൽ എന്താണ് അവർ നൽകുക എന്നത് അറിയാൻ കഴിയില്ല ” ക്യാപ്റ്റൻ രോഹിത് തുറന്ന് പറഞ്ഞു.

”ബൗളർമാരിൽ ഞങ്ങൾ അഭിമാനിക്കുന്നു. അവർക്ക് എല്ലാം കഴിവുണ്ട്. ഇത് കേവലം ഒരു മാച്ച് മാത്രമാണ്. ഇത്തരം സാഹചര്യങ്ങളിൽ അവരെ ബാക്ക് അപ്പ് ചെയ്യുകയാണ് വേണ്ടത് ” ക്യാപ്റ്റൻ രോഹിത് ശർമ്മ വാചാലനായി.