❝റൊണാൾഡീഞ്ഞോയെ ലോകം കണ്ട കാനറിപ്പട നിറഞ്ഞാടിയ കോപ്പ അമേരിക്ക ❞ |Brazil |Ronaldinho

തൊണ്ണൂറുകളിൽ ലോക ഫുട്ബോൾ അടക്കി ഭരിച്ച ബ്രസീൽ 1998 ലെ അപ്രതീക്ഷിത തോൽവിക്ക് ശേഷം ആദ്യമായി കളിക്കാനെത്തിയ ചാംപ്യൻഷിപ്പായിരുന്നു 1999ൽ പരാഗ്വേയിൽ നടന്ന കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ്. റൊണാൾഡോയും റിവാൾഡോയും, കഫുവും, റോബർട്ടോ കാർലോസും അടങ്ങുന്ന സുവർണ നിര ലോകകപ്പിലെ തോൽവി നികത്താൻ തന്നെയാണ് കോപ്പയിലെത്തിയത്. ചാമ്പ്യൻഷിപ്പ് തുടങ്ങുന്നതിനു മുൻപ് ഏവരുടെയും ശ്രദ്ധ റൊണാൾഡോ റിവാൾഡോ കൂട്ടുകെട്ടിൽ തന്നെയായിരുന്നു .

മെക്സിക്കോ,ചിലി, വെനിസ്വേല ഉൾപ്പെട്ട ഗ്രൂപ്പ് ബിയിൽ ആയിരുന്നു ബ്രസീലിന്റെ സ്ഥാനം. ആദ്യ മത്സരത്തിൽ തന്നെവെനിസ്വേലയെ ഏഴു ഗോളുകൾക്ക് തകർത്തു വിട്ടുകൊണ്ട് ബ്രസീൽ വരവറിയിച്ചു. റൊണാൾഡോയും അമോറോസോയും റിവാൾഡോയും ഗോൾ നേടി തിളങ്ങിയ മത്സരത്തിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ചത് മറ്റൊരു താരമായിരുന്നു. 70 ആം മിനുട്ടിൽ അലെക്സിന് പകരക്കാരനായി എത്തിയ ഗ്രെമിയോയുടെ 19 കാരനായ യങ് സെൻസേഷൻ റൊണാൾഡീഞ്ഞോയിൽ ആയിരുന്നു. 21 ആം നമ്പർ ജേഴ്സിയിൽ ഇറങ്ങിയ ഗ്രെമിയോ താരം വേഗത കൊണ്ടും ഡ്രിബ്ലിങ് കൊണ്ടും സാംബാ താളത്തിൽ പൊതിഞ്ഞ പാദ ചലങ്ങൾ കൊണ്ടും മൈതാനം കയ്യടക്കി.

മൈതാനത്തിറങ്ങി നാല് മിനുട്ടിനുള്ളിൽ തന്നെ ഡീഞ്ഞോ വലകുലുക്കി. ചാമ്പ്യൻഷിപ്പിലെ തന്നെ ഏറ്റവും മോഹരമായ ഗോൾ പിറന്നത് യുവ താരത്തിന്റെ ബൂട്ടിൽ നിന്നായിരുന്നു. വലതു വിങ്ങിൽ നിന്നും ക്യാപ്റ്റൻ കഫ്യൂവിൽ നിന്നും പന്ത് സ്വീകരിച്ച ഡീഞ്ഞോ പ്രതിരോധ താരത്തിന്റെ തലയ്ക്കു മുകളിലൂടെ പന്ത് പാസ് ചെയ്ത മറ്റൊരു താരത്തെയും കബളിപ്പിച്ച് ഇറുകിയ കോണിൽ നിന്ന് ഗോൾ കീപ്പറെയും മറികടന്ന് പന്ത് വലയിലാക്കി. ബ്രസീൽ ജേഴ്സിയിൽ ആദ്യ ഗോളായിരുന്നു ഇത്. ലോക ഫുട്ബോൾ കീഴടക്കാൻ തയ്യാറായ ഒരു താരത്തിന്റെ ഉദയം കണ്ട ചാംപ്യൻഷിപ്പായിരുന്നു കോപ്പ 99.

മെക്സിക്കോതിരെയുള്ള രണ്ടാം മത്സരത്തിലും താരനിബിഢമായ ബ്രസീൽ ടീമിൽ ഡിഞ്ഞോക്ക് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചില്ല. അമോറോസ്, അലക്സ് എന്നിവരുടെ ഗോളുകൾക്ക് ബ്രസീൽ വിജയിച്ച മത്സരത്തിൽ പകരക്കാരനെ റോളിൽ തന്നെയായിരുന്നു റൊണാൾഡീഞ്ഞോ.ചിലിക്കെതിരെ റൊണാൾഡോയുടെ ഒരു ഗോളിന് ജയിച്ച മൂന്നാം മത്സരത്തിൽ രണ്ടാം പകുതിയിൽ മുഴുവൻ സമയം കളിക്കാൻ അവസരം ലഭിച്ച ഡീഞ്ഞോ തന്റെ കഴിവ് ലോകത്തിനു മുന്നിൽ കാണിച്ചു കൊടുത്തു. ഗ്രൂപ്പ് ബി യിൽ ഒന്നാം സ്ഥാനക്കാരായി ക്വാർട്ടറിൽ എത്തിയ ബ്രസീലിന്റെ എതിരാളികൾ കരുത്തരായ അര്ജന്റീനയായിരുന്നു. ഗ്രൂപ്പ് മല്സരത്തില് കൊളംബിയയോട് പരാജയപ്പെട്ടതോടെയാണ് അർജന്റീനക്ക് ക്വാർട്ടറിൽ ബ്രസീൽ വരാനുള്ള കാരണം.

ഒർട്ടേഗ, റിക്വൽമെ, സിമിയോണി ,സനേറ്റി ,സോറിൻ ,അയാള തുടങ്ങിയ പ്രതിഭകളുടെ നിര തന്നെ അർജന്റീനിയൻ നിരയിൽ ഉണ്ടായിരുന്നു. പത്താം മിനുട്ടിൽ തന്നെ സോറിൻറെ ഗോളിലൂടെ അര്ജന്റീന ലീഡ് നേടി എന്നാൽ 32 ആം മിനുട്ടിൽ റിവാൾഡോയുടെ ഗോളിലൂടെ സമനില പിടിച്ച ബ്രസീൽ 48 ആം മിനുട്ടിൽ റൊണാൾഡോയുടെ ഗോളിലൂടെ വിജയമുറപ്പിച്ചു സെമിയിൽ കടന്നു. സെമിയിൽ ബ്രസീലിന്റെ എതിരാളി മെക്സിക്കോ ആയിരുന്നു.അമോറോസോയുടെയും റിവാഡോയുടെയും ഗോളിൽ ബ്രസീൽ മെക്സിക്കോയെ മറികടന്ന് ഫൈനലിൽ സ്ഥാനം പിടിച്ചു. ഫൈനലിൽ ബ്രസീലിന്റെ എതിരാളികൾ ഉറുഗ്വേ ആയിരുന്നു. റൊണാൾഡോയുടെ റിവാൾഡോയും വിശ്വ രൂപം പുറത്തെടുത്തപ്പോൾ ഏകപക്ഷീയ ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ച് ബ്രസീൽ ആറാമത്തെ കോപ കിരീടത്തിൽ മുത്തമിട്ടു.

കളിച്ച ആരാണ് മത്സരങ്ങളും വിജയിച്ച ബ്രസീൽ 17 ഗോളുകൾ നേടിയപ്പോൾ രണ്ടെണ്ണം മാത്രമാണ് വഴങ്ങിയത്. 5 ഗോളുകൾ വീതം നേടിയ റൊണാൾഡോയും റിവാൾഡോയും ചാമ്പ്യൻഷിപ്പിലെ ടോപ് സ്കോററായി. മറ്റൊരു സ്‌ട്രൈക്കർ അമോറോസോ നാല് ഗോളുകൾ നേടി. ഉദ്ഘാടന മത്സരത്തിൽ വെനസ്വേലയ്‌ക്കെതിരായ തന്റെ ആദ്യ സീനിയർ ഗോളും കോപ്പയിലെ എക്കാലത്തെയും മികച്ച സോളോ ഗോളും നേടിയ റൊണാൾഡീഞ്ഞോ തന്നെയായിരുന്നു ചാമ്പ്യൻഷിപ്പിലെ കണ്ടെത്തൽ.

Rate this post