❝ക്രിസ്റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡിന് ലഭിച്ചത് റെക്കോർഡ് തുക ; ആ പണം ആറു മാസം പ്രായമുള്ള കുഞ്ഞിൻെറ ചികിത്സയ്ക്ക്❞

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വലിച്ചെറിഞ്ഞ ആംബാന്‍ഡിന് കിട്ടിയത് 55 ലക്ഷത്തോളം ഇന്ത്യന്‍ രൂപ. സെര്‍ബിയയിലെ ഒരു ജീവകാരുണ്യ സംഘടന ഈ ആംബാന്‍ഡ് ലേലത്തില്‍ വെക്കുകയും അതിലൂടെ 64,000 യൂറോ (ഏകദേശം 55 ലക്ഷം രൂപ) സ്വരൂപിക്കുകയും ചെയ്തു. സെര്‍ബിയയിലെ ആറുമാസം പ്രായമായ ഗാവ്‌റിലോ ദര്‍ദെവി എന്ന കുട്ടിയുടെ ചികിത്സയ്ക്കായാണ് പണം നല്‍കിയത്.


ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തിനുശേഷം ക്രിസ്റ്റിയാനോ ക്യാപ്റ്റന്റെ ആംബാന്‍ഡ് മൈതാനത്ത് ഊരിയെറിയുകയായിരുന്നു. മത്സരത്തിന്റെ അവസാനമിനിറ്റിലെ ഗോള്‍ റഫറി അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ക്രിസ്റ്റ്യാനോ ദേഷ്യത്തോടെ മൈതാനം വിട്ടത്. സ്റ്റേഡിയം ജീവനക്കാരന്‍ ശേഖരിച്ച ഈ ആംബാന്‍ഡ് പിന്നീട് ലേല സംഘടനത്ത് കൈമാറി. മൂന്നുദിവസത്തെ ഓണ്‍ലൈന്‍ ലേലത്തിലൂടെ ഇതിന് 55 ലക്ഷം രൂപയാണ് ലഭിച്ചത്. മൈതാന ജീവനക്കാരനായ ഡിയോര്‍ദെ വുക്കിസിവിച്ച് ആണ് ആംബാഡ് കണ്ടെത്തി അത് ലേലത്തിനായി കൈമാറുന്നത്.

അതിനിടെ ക്രിസ്റ്റ്യാനോയുടെ പ്രവര്‍ത്തിക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നും സൂചനയുണ്ട്. ഇതുസംബന്ധിച്ച അന്വേഷണം നടക്കുകയാണ്. സെര്‍ബിയയ്‌ക്കെതിരെ 2-2 എന്ന നിലയില്‍നില്‍ക്കെ ഒരു ഷോട്ട് ഗോള്‍വര കടന്നെന്നാണ് പോര്‍ച്ചുഗീസ് കളിക്കാരുടെ വാദം. വീഡിയോ ടെക്‌നോളജി ഉപയോഗിച്ചിട്ടില്ലാത്ത മത്സരമായതുകൊണ്ട് ഗോള്‍ അനുവദിച്ചില്ല. ഇതോടെ കുപിതനായി റഫറിയോട് കയര്‍ത്ത ക്രിസ്റ്റിയാനോയ്ക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. എന്തായാലും ക്രിസ്റ്റിയാനോയുടെ കോപം ഗുരുതര രോഗം ബാധിച്ച ഒരു കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ തുണയായെന്നു പറയാം.