“മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ -ബ്രൂണോ ഫെർണാണ്ടസ് കൂട്ട്കെട്ട് മാത്രമല്ല” -രംഗ്നിക്ക്

പോർച്ചുഗീസ് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ -ബ്രൂണോ ഫെർണാണ്ടസ് കൂട്ട്കെട്ട് മാത്രമല്ല കളിക്കളത്തിലെ തന്റെ എല്ലാ കളിക്കാരും തമ്മിലുള്ള ധാരണ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകൻ റാൽഫ് റാങ്‌നിക്ക് പറഞ്ഞു.കഴിഞ്ഞ സീസണിൽ യുണൈറ്റഡിന്റെ പ്രധാന കളിക്കാരിലൊരാളായ ഫെർണാണ്ടസ് ഫോമിൽ തകർച്ച നേരിട്ടപ്പോൾ ഈ ജോഡികൾക്ക് ഒരുമിച്ച് കളിക്കാനാകുമോ എന്ന സംശയം ഉയർന്നു വരികയും ചെയ്തിരുന്നു. എന്നാൽ ബ്രൂണോ നിറം മങ്ങിയെങ്കിലും ക്രിസ്റ്റ്യാനോ ഈ സീസണിൽ മികച്ച ഫോമിൽ തന്നെയാണ് ക്ലബ്ബിൽ തിരിച്ചെത്തിയതിന് ശേഷം എല്ലാ മത്സരങ്ങളിലും 14 ഗോളുകൾ നേടിയിട്ടുണ്ട്.

വ്യാഴാഴ്ച ബേൺലിക്കെതിരെ 3 -1 വിജയിച്ച മത്സരത്തിൽ യുണൈറ്റഡ് നിരയിൽ ഫെർണാണ്ടസ് ഉണ്ടായിരുന്നില്ല.മത്സരത്തിൽ തന്റെ കളിക്കാർ പൊരുത്തപ്പെട്ടതിൽ തനിക്ക് സന്തോഷമുണ്ടെന്ന് രംഗ്നിക്ക് മത്സര ശേഷം പറഞ്ഞു.“ബേൺലിയ്‌ക്കെതിരെ, ഞങ്ങൾക്ക് ബ്രൂണോ ഇല്ലാതെ കളിക്കേണ്ടി വന്നു, ഞങ്ങൾ വീണ്ടും നന്നായി കളിച്ചു , ഞങ്ങൾ രണ്ട് സ്‌ട്രൈക്കർമാർ, രണ്ട് വിംഗർമാർ, രണ്ട് നമ്പർ മിഡ്ഫീൽഡർമാർ , എല്ലാ കളിക്കാരും അവരുടെ ഏറ്റവും മികച്ച പൊസിഷനിൽ കളിച്ചു,” രംഗ്നിക്ക് സ്കൈ സ്‌പോർട്‌സിനോട് പറഞ്ഞു.

“ഞങ്ങൾ നേടാൻ ശ്രമിക്കുന്ന മറ്റൊരു കാര്യമാണിത്, ഏത് ഫോർമേഷനാണ് ഞങ്ങൾ കളിക്കാൻ ശ്രമിക്കുന്നത് എന്നത് പ്രശ്നമല്ല, എല്ലാ കളിക്കാരനും അവന്റെ ഏറ്റവും മികച്ച സ്ഥാനത്ത് കളിക്കണം . അതിനാൽ ഇത് ക്രിസ്റ്റ്യാനോയും ബ്രൂണോയും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ചല്ല, മറ്റ് കളിക്കാർ തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ചാണ്” അദ്ദേഹം കൂട്ടിച്ചേർത്തു. റൊണാൾഡോയ്‌ക്കൊപ്പം കളിച്ച ഉറുഗ്വായ് സ്‌ട്രൈക്കർ എഡിൻസൺ കവാനിയിൽ താൻ സന്തുഷ്ടനാണെന്ന് ജർമ്മൻ പരിശീലകൻ റാംഗ്നിക്ക് പറഞ്ഞു.

“വ്യത്യസ്ത കൂട്ടുകെട്ടുകളിൽ കളിക്കുന്നത് മുഴുവൻ ടീമിനെയും വികസിപ്പിക്കുന്നതിനാണ്,പന്ത് ഞങ്ങൾ കൈവശം വയ്ക്കുമ്പോഴോ മറ്റ് ടീം കൈവശം വയ്ക്കുമ്പോഴോ അവർ ഒരേ ചിന്താഗതിയിലും തത്വങ്ങളിലും കളിക്കണം” പരിശീലകൻ പറഞ്ഞു.18 കളികളിൽ നിന്ന് 31 പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്തുള്ള യുണൈറ്റഡ് തിങ്കളാഴ്ച ലീഗിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ നേരിടും.