❝പി.എസ്.ജിക്ക് വേണ്ടത് റൊണാൾഡോയെയോ മെസ്സിയെയുമല്ല❞ ; ലക്ഷ്യം മറ്റൊരു വൻ നീക്കം !!

യൂറോപ്പിലെ പ്രധാന ലീഗുകളെല്ലാം പരിസമാപ്തിയിലേക്ക് കടന്നിരിക്കുകയാണ്.അപ്രതീക്ഷിതമായ സംഭവ വികാസങ്ങളാണ് ഒരു ലീഗിൽ കഴിഞ്ഞു പോയത്. ലീഗുകൾ അവസാനിച്ചതോടെ അടുത്ത സീസണിലേക്കുള്ള തയ്യറെടുപ്പിലാണ് ഒരു ക്ലബ്ബുകളും. ട്രാൻസ്ഫർ വിന്ഡോ തുറക്കുന്നതോടെ മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് യൂറോപ്യൻ ബിഗ് ക്ലബ്ബുകൾ.വരുന്ന സമ്മർ ട്രാൻസ്ഫറിൽ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കളം മാറുമോയെന്നതാണ് ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ച.

ജൂണിൽ ബാഴ്സയുമായി കരാർ അവസാനിക്കുന്ന മെസ്സി ക്ലബ്ബിൽ തുടരുമോ ഇല്ലയോ എന്നത് അനിശ്ചിതമായി തുടരുകയാണ്.മെസി ഈ സീസണിൽ ബാഴ്സലോണക്കായി അവസാന മത്സരം കളിച്ച് കഴിഞ്ഞു. ക്ലബ്ബുമായി കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനമൊന്നും വന്നിട്ടില്ല. വ്യക്തിഗത മികവിൽ മെസ്സിക്ക് മികച്ച സീസൺ ആയിരുന്നെങ്കിലും ടീമെന്ന നിലയിൽ ബാഴ്സക്ക് അത്ര മികച്ചതായിരുന്നില്ല. യുവന്റസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥിതിയും വ്യത്യസ്തമല്ല.സീരി എയിൽ ദയനീയ പ്രകടനം നടത്തുന്ന യുവൻറസ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ലെങ്കിൽ റൊണാൾഡോ ക്ലബ്ബിനൊപ്പം തുടരാനുള്ള സാധ്യതയില്ല. 2022 വരെയാണ് റൊണാൾഡോക്ക് ക്ലബ്ബുമായി കരാറുള്ളത്.


ഈ രണ്ട് താരങ്ങളുടെ ട്രാൻസ്ഫറുമായി ബന്ധപ്പെടുത്തി കേൾക്കുന്ന പേരാണ് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടേത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ ഇരു താരങ്ങളെയും ഉൾകൊള്ളാൻ സാധിക്കുന്ന ക്ലബ്ബുകളിലൊന്നാണ് പിഎസ്ജി .എന്നാൽ പിഎസ്ജി ഇരുവർക്കും അപ്പുറത്ത് പ്രാധാന്യം കൊടുക്കുന്നത് കിലിയൻ എംബാപ്പെയെ നിലനിർത്താനാണെന്ന് റിപ്പോർട്ട്. ക്ലബ്ബുമായി ഒരു വർഷം കൂടിയാണ് താരത്തിന് കരാറുള്ളത്. എന്നാൽ എംബാപ്പെയ്ക്ക് റയൽ മാഡ്രിഡ് തൻെറ സ്വപ്ന ക്ലബ്ബാണ്.മികച്ച ഓഫർ ലഭിച്ചാൽ എംബാപ്പെ റയലിലേക്ക് ചേക്കേറിയേക്കും. നെയ്മറെ നിലനിർത്തുകയെന്നതിനൊപ്പം എംബാപ്പെയും ഉറപ്പിച്ച് നിർത്തുകയെന്നതാണ് പിഎസ്ജി നേരിടുന്ന വെല്ലുവിളി. നിലവിൽ എംബാപ്പെ പിഎസ്ജിയിൽ സംതൃപ്തനാണ്. എന്നാൽ താരത്തിന് മികച്ച ഓഫർ നൽകി കരാർ നീട്ടാനാണ് ഫ്രഞ്ച് ക്ലബ്ബ് ലക്ഷ്യമിടുന്നത്. ഫ്രഞ്ച് ലീഗിലെ ചാമ്പ്യൻമാരായ പിഎസ്ജി ചാമ്പ്യൻസ് ലീഗിലും കഴിഞ്ഞ രണ്ട് സീസണുകളിൽ ഗംഭീര പ്രകടനമാണ് പുറത്തെടുത്തിരുന്നത്.

36 ആം വയസ്സിലും 33 ആം വയസ്സിലും ലോക ഫുട്ബോളിലെ മുൻ നിര താരങ്ങളായി റൊണാൾഡോയും മെസ്സിയും നില നിൽക്കുന്നുണ്ടെങ്കിലും ദീർഘ കാലത്തേക്ക് ഇവരുടെ സേവനം ക്ലബിന് ഉപയോഗിക്കാൻ സാധിക്കാത്തത് ഇവരെ സ്വന്തമാക്കുന്നതിൽ നിന്നും പിഎസ്ജി യെ പിന്നോട്ടടിക്കാം. ഫുട്ബോൾ ലോകത്ത് ഇരു സൂപ്പർ താരങ്ങൾക്കും പകരം വെക്കാവുന്ന താരം എന്ന നിലയിലേക്ക് വളർന്നു വരുന്ന 22 കാരനായ എംബാപ്പയെ ക്ലബ്ബിന്റെ ദീർഘ കാല പദ്ധതിയിൽ ഉൾപ്പെടുത്തി നിലനിർത്താനാണ് പിഎസ്ജി ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണിലും നഷ്ടപെട്ട ചാമ്പ്യൻസ് ലീഗ് കിരീടം എന്ത് വിലകൊടുത്തും അടുത്ത സീസണിൽ തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് പാരീസ് ക്ലബ്.