Ronaldo : റാംഗ്നിക്കിന്റെ മാഞ്ചസ്റ്ററിൽ റൊണാൾഡോക്ക്‌ ഇടമുണ്ടോ..? ആരാധകരുടെ ആശങ്കകൾക്ക് ഉത്തരം ഇതാ

2021/22 സീസണിന്റെ അവസാനം വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല മാനേജരായി ജർമൻകാരനായ റാൽഫ് റാംഗ്നിക്കിനെ ഔദ്യോഗികമായി നിയമിച്ചു. ഈ വാർത്തയോടെ, ഓൾഡ് ട്രാഫോർഡിൽ അദ്ദേഹം എന്ത് മാറ്റങ്ങളാണ് വരുത്തുന്നതെന്ന് കാണാൻ കാത്തിരിക്കുകയാണ് ഓരോ ആരാധകനും. മുൻ ലോകോമോട്ടീവ് മോസ്കോ കായിക വികസന മേധാവിയായ റാംഗ്നിക്ക്‌, രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് മാനേജർ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.

ബുണ്ടസ്ലിഗയിലെ മികച്ച പ്രവർത്തന പരിചയമടങ്ങിയ ആകർഷകമായ സിവി ഉണ്ട് റാംഗ്നിക്കിന്. 63-കാരനായ അദ്ദേഹം ജർമ്മനിയിലെ തന്റെ കരിയറിലുടനീളം ‘പ്രൊഫസർ’ എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഫുട്ബോൾ ഗെയിമിലെ ഏറ്റവും മികച്ച ചിന്തകരിൽ ഒരാളായത് കൊണ്ടാണ് അദ്ദേഹത്തെ ഈ പേരിൽ അറിയപ്പെടുന്നത്. കരിയറിലുടനീളം ജർമൻ ക്ലബ്ബ്കളെ മാത്രം പരിശീലിപ്പിച്ച റാംഗ്നിക്ക്‌, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിന്റെ ചുമതല ഏറ്റെടുക്കാൻ ഒരുങ്ങുമ്പോൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ആരാധകരെ ആവേശഭരിതരാക്കുന്ന രീതിയിൽ കളിക്കാൻ പോകുന്നു എന്നു കരുതാം. നിലവിൽ ഇംഗ്ലീഷ് ക്ലബ്ബ്കളുടെ മാനേജർമാരായ ജർഗൻ ക്ലോപ്പും തോമസ് ടുച്ചലും റാംഗ്നിക്കിനെ കണ്ട് വളരെയധികം സ്വാധീനിക്കപ്പെട്ടവരാണ്.

തന്റെ ടീമിൽ കളിക്കുന്ന കളിക്കാരെ വ്യക്തിപരമായി മെച്ചപ്പെടുത്തുന്നതിന് പേരുകേട്ട മാനേജറാണ് റാംഗ്നിക്ക്‌. അങ്ങനെ തുടർന്നാൽ, യുവതാരങ്ങൾ അടങ്ങിയ മാഞ്ചസ്റ്ററിന് റാംഗ്നിക്കിന്റെ വരവ് വലിയ നേട്ടമാകും. എന്നാൽ തന്റെ സന്ദേശം റാംഗ്നിക്ക്‌ കളിക്കാരിൽ എങ്ങനെ എത്തിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ നേട്ടങ്ങൾ. സോൾക്സെയറിനു കീഴിൽ യുണൈറ്റഡിന് കളിച്ചു പരിചയമില്ലാത്ത രീതികളാവും റാംഗ്നിക്ക്‌ നടപ്പാക്കുക. പ്രെസ്സ് ഗെയിമിന് പേരുകേട്ട റാംഗ്നിക്കിന്റെ കീഴിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി മുതൽ പ്രെസ്സ് ഗെയിം കളിക്കാനാണ് സാധ്യത.

എന്നാൽ, പുതിയ മാനേജറുടെ കീഴിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിലെ സ്ഥാനം എങ്ങനെ ആയിരിക്കും എന്ന ആശങ്കയിലാണ് ആരാധകർ. പ്രെസ്സിംഗ് ഗെയിമിൽ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മോശം സ്ഥിതിവിവരക്കണക്കുകൾക്ക്‌ ഉടമയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നത് ശ്രദ്ധേയമാണ്. ക്രിസ്റ്റ്യാനോയ്ക്ക് ചുറ്റും വേഗമേറിയ, യുവ കളിക്കാർ ധാരാളം ഉണ്ടെങ്കിലും, പോർട്ടുഗീസുകാരന് കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇനി മുതൽ ഗ്രൗണ്ടിൽ എതിരാളികളുടെ പന്തിന്മേൽ കൂടുതൽ എഫേർട്ട് ഇടേണ്ടി വരും. റൊണാൾഡോക്ക്‌ ഒരിക്കലും റയൽ മാഡ്രിഡിലും യുവന്റസിലും ആ ഉത്തരവാദിത്തം ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

യുണൈറ്റഡ് മധ്യനിരയിൽ പോൾ പോഗ്ബയ്ക്കും സമാനമായ വെല്ലുവിളികൾ ഉണ്ടാകാം, കാരണം പ്രെസ്സ് ഗെയിമിൽ ഫ്രഞ്ചുകാരന്റെ സ്റ്റാറ്റിസ്റ്റിക്സും അത്ര മികച്ചതല്ല. റാംഗ്നിക്കിന്റെ വരവോടെ ബ്രൂണോ ഫെർണാണ്ടസ് – ക്രിസ്റ്റ്യാനോ റൊണാൾഡോ കൂട്ടുകെട്ട് അവസാനിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന ബ്രൂണോക്ക്‌ ടീമിൽ ഇടമുണ്ടെങ്കിലും, റൊണാൾഡോയുടെ കാര്യം സംശയത്തിലാണ്. ഒരുപക്ഷെ, റാംഗ്നിക്ക്‌ തുടക്കത്തിൽ തന്നെ റൊണാൾഡോയെ ഡ്രോപ്പ് ചെയ്യാൻ സാധ്യതയില്ല, ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളുടെയും ഭാവി പരിശീലന സെഷനുകളുടെയും അടിസ്ഥാനത്തിലായിരിക്കും റൊണാൾഡോയുടെ ടീമിലെ നിലനിൽപ്പ്. റാംഗ്നിക്ക്‌ – റൊണാൾഡോ കൂട്ടുകെട്ട് വിജയകരമാകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.