❝ക്രിസ്റ്റ്യാനോ തിരിച്ചു വരുന്നു ,ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുമെന്ന് റൊണാൾഡോ❞|Cristiano Ronaldo

ഞായറാഴ്ച റയോ വല്ലക്കാനോയ്‌ക്കെതിരായ പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി താൻ കളിക്കുമെന്ന പ്രഖ്യാപനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ സീസൺ അവസാനിച്ചതിന് ശേഷം 37 കാരൻ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടില്ല. കുടുംബ പ്രശ്നങ്ങൾ മൂലം നാല് പ്രീ സീസൺ മത്സരങ്ങളും റൊണാൾഡോക്ക് നഷ്ടമായിരുന്നു.

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ ടീമിലേക്ക് മാറാൻ റൊണാൾഡോ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച ക്ലബ്ബിന്റെ പരിശീലന ബേസിൽ വെച്ച് യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗുമായി അദ്ദേഹം ചർച്ച നടത്തി.അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള ഇന്നത്തെ മത്സരത്തിനുള്ള ടീമിൽ റൊണാൾഡോയെ ഉൾപ്പെടുത്തിയിരുന്നില്ല.എന്നാൽ ഓൾഡ് ട്രാഫോർഡിൽ ഞായറാഴ്ച നടക്കുന്ന വല്ലെക്കാനോയുമായുള്ള മത്സരത്തിൽ യുണൈറ്റഡ് ടീമിൽ തിരിച്ചെത്തുമെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയയിൽ അറിയിച്ചു.

“ഞായറാഴ്ച രാജാവ് കളിക്കുന്നു”(Sunday the king plays) എന്നാണ് റൊണാൾഡോ എഴുതിയത്. റൊണാൾഡോയെ സൈൻ ചെയ്യാനുള്ള ക്ലബ്ബിന്റെ താൽപ്പര്യത്തിനെതിരെ അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകരുടെ പ്രതിഷേധത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു.നുമാൻസിയക്കെതിരായ മത്സരത്തിൽ അത്‌ലറ്റിക്കോ ആരാധകർ റൊണാൾഡൊക്കെതിരെ “CR7 സ്വാഗതം അല്ല” ബാനർ ഉയർത്തിയിരുന്നു. അത്ലറ്റികോ മാഡ്രിഡ് ആരാധകരുടെ പോസ്റ്റിനു താഴെ ചിരിക്കുന്ന ഇമോജിയാണ് താരം കമന്റ് ചെയ്തത്.

ജോർജ്ജ് മെൻഡസുമായി വളരെ അടുത്ത ബന്ധമുള്ളവർ പറയുന്നതനുസരിച്ച് തന്റെ കരിയറിലെ ശേഷിക്കുന്ന കുറച്ച് സീസണുകളിൽ സ്പെയിനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതിനാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മാറാനുള്ള മനസികാവസ്ഥയിലാണ് റൊണാൾഡോ.