സഞ്ജു സാംസന്റെ നിർദേശം അക്ഷരംപ്രതി അനുസരിച്ച് ആസിഫ് , റസ്സൽ പുറത്ത്

മലയാളികളുടെ ചാണക്യ ബുദ്ധിയിൽ അടിപതറി ആൻഡ്രെ റസൽ. രാജസ്ഥാന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ സഞ്ജുവിന്റെയും കെഎം ആസിഫിന്റെയും ചാണക്യ ബുദ്ധിയിൽ റസൽ പുറത്താവുന്നതാണ് കണ്ടത്. മത്സരത്തിൽ ഏതുവിധേനയും കെഎം ആസിഫിനെ ആക്രമിക്കാൻ നിൽക്കുകയായിരുന്നു റസൽ. അതിന്റെ പരിണിതഫലങ്ങൾ കെഎം ആസിഫ് ഓവറിൽ അനുഭവിക്കുകയും ചെയ്തു. പതിനാലാം ഓവർ എറിയാനെത്തിയ ആസിഫിനെ സർവ്വശക്തിയുമെടുത്ത് റസൽ പ്രഹരിച്ചു. ഓവറിലെ രണ്ടാം പന്തിൽ ആസിഫിനെ ലോങ് ഓഫിന് മുകളിലൂടെ റസൽ സിക്സർ പായിക്കുകയുണ്ടായി.

ഇതിനുശേഷം സഞ്ജു സാംസൺ ആസിഫിന്റെ അടുത്ത് വരികയും ചില ഫീൽഡിങ് മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ഒപ്പം ആസിഫുമായി കുറച്ചധികം സമയം സഞ്ജു സംസാരിച്ചു. ശേഷം അടുത്ത പന്ത്‌ ആസിഫ് ഒരു ഷോർട്ട് ബോളായിയാണ് എറിഞ്ഞത്. റസൽ അത് അടിച്ചകറ്റാൻ ശ്രമിച്ചെങ്കിലും ബാക്വാർഡ് പോയിന്റിൽ നിന്ന അശ്വിന്റെ കൈകളിലേക്ക് പന്ത് എത്തുകയായിരുന്നു. ഇങ്ങനെ സഞ്ജുവിന്റെയും ആസിഫിന്റെയും തന്ത്രത്തിൽ റസൽ പെട്ടുപോയി. മത്സരത്തിൽ 10 പന്തുകൾ നേരിട്ട് 10 റൺസ് മാത്രമാണ് റസൽ നേടിയത്. ഈ വിക്കറ്റ് മത്സരത്തിന്റെ ആകത്തുകയിൽ വലിയ പങ്കാണ് വഹിച്ചത്.

മത്സരത്തിൽ മൂന്ന് ഓവറുകളെറിഞ്ഞ ആസിഫ് 27 റൺസാണ് വിട്ടുനൽകിയത്. തന്റെ സ്പെല്ലിൽ റസലിന്റെ വിക്കറ്റെടുക്കാനും ആസിഫിന് സാധിച്ചു. മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ട്രെന്റ് ബോൾട്ടിന്റെ തകർപ്പൻ പ്രകടനത്തോടെയാണ് മത്സരം ആരംഭിച്ചത്. കൊൽക്കത്തയുടെ അപകടകാരികളായ ഓപ്പണർമാർ ജയ്സൺ റോയിയെയും ഗുർബാസിനെയും(16) പവർപ്ലേ ഓവറുകളിൽ തന്നെ മടക്കാൻ ട്രെന്റ് ബോൾട്ടിന് സാധിച്ചിരുന്നു. ഇങ്ങനെ മികച്ച ഒരു തുടക്കം രാജസ്ഥാന് ലഭിച്ചു.

ശേഷം വെങ്കിടേഷ് അയ്യരും നിതീഷ് റാണയും ക്രീസിലുറച്ചത് കൊൽക്കത്തയ്ക്ക് പ്രതീക്ഷകൾ നൽകി. വെങ്കിടേഷ് അയ്യർ 42 പന്തുകളിൽ 57 റൺസാണ് നേടിയത്. പക്ഷേ ഇരുവരും പുറത്തായ ശേഷം കൊൽക്കത്തയുടെ മധ്യനിര ബാറ്റർമാർ പൂർണമായും പരാജയപ്പെടുകയായിരുന്നു. ഇങ്ങനെ ഒരു വലിയ സ്കോർ പ്രതീക്ഷിച്ച കൊൽക്കത്തയ്ക്ക് ശരാശരി സ്കോറിൽ ഒതുങ്ങേണ്ടി വന്നു. മത്സരത്തിൽ മികച്ച ബോളിംഗ്-ഫീൽഡിങ് പ്രകടനങ്ങൾ ആയിരുന്നു രാജസ്ഥാൻ റോയൽസ് കാഴ്ചവെച്ചത്.

Rate this post