❝1989 ന് ശേഷം പുരസ്‌കാരം നേടുന്ന ആദ്യ പ്രതിരോധ താരമായി റൂബൻ ഡയസ് ❞

ഇം​ഗ്ലണ്ടിലെ ഫുട്ബോൾ ജേർണലിസ്റ്റുകളുടേയും എഴുത്തുകാരുടേയും സംഘടനായ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ 2020-21 സീസണിലെ മികച്ച താരമായി മാഞ്ചസ്റ്റർ സിറ്റിയുടെ റൂബൻ ഡയസ് തിരഞ്ഞെടുക്കപ്പെട്ടു. സ്പർസ് താരം ഹാരി കെയ്നിനെയും സിറ്റിയുടെ തന്നെ താരമായ കെവിൻ ഡി ബ്രുയിനെയും പിന്തള്ളിയാണ് റുബൻ ഡയസ് പുരസ്കാരം സ്വന്തമാക്കിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷം ആദ്യമായാണ് ഒരു പോർച്ചുഗീസ് താരം ഈ പുരസ്കാരം നേടുന്നത്. 1948 ൽ ആരംഭിച്ച ഫുട്ബോൾ ഓഫ് ദ ഇയർ അവാർഡിന് സർ സ്റ്റാൻലി മാത്യൂസ് ആദ്യമായി അർഹനായി.ഡയസിനൊപ്പം ചെൽ‌സിയുടെ ഫ്രാൻ‌ കിർ‌ബിയും എഫ്‌ഡബ്ല്യുഎ വിമൻസ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.സെന്റർബാക്കായ ഡയസ് പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്കയിൽ നിന്നാണ് സിറ്റിയെത്തുന്നത്. 70 ദശലക്ഷത്തോളം യൂറോ മുടക്കിയാണ് ഡയസിനെ എത്തിച്ചതെങ്കിലും ആ നീക്കം ഫലം കണ്ടു.

ഡയസിന്റെ വരവിന് ശേഷം സിറ്റി പ്രതിരോധനിര അടിമുടി മാറി. ഇതിനുപിന്നാലെയാണ് മികച്ച താരത്തിനുള്ള പുരസ്കാരവും. സിറ്റിയെ ലീഗ് കിരീടത്തിലേക്കും ലീഗ് കപ്പ് നേട്ടത്തിലേക്കും എത്തിക്കാൻ ഡയസിന്റെ സാന്നിദ്ധ്യത്തിനായി. ഇത് കൂടാതെ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിലിനുള്ള തയ്യാറെടുപ്പിലാണ്. 23കാരനായ താരം ഇത്രയും ചെറിയ പ്രായത്തിൽ തന്നെ പുരസ്കാരം നേടിയത് സിറ്റിക്ക് വലിയ പ്രതീക്ഷ നൽകും. ഇനിയും വർഷങ്ങളോളം സിറ്റി ഡിഫൻസിനെ നയിക്കുന്നത് ഡയസാകും.

32 വർഷത്തിന് ശേഷമാണ് ഈ പുരസ്കാരം ഒരു പ്രതിരോധതാരം നേടുന്നത്. 1989-ൽ ലിവർപൂളിന്റെ ഡിഫൻഡർ സ്റ്റീവ് നിക്കോളാണ് ഡയസിന് മുമ്പ് ഈ പുരസ്കാരം നേടിയ പ്രതിരോധതാരം. ജിയാൻഫ്രാങ്കോ സോളോ, ജുർ​ഗൻ ക്ലിൻസ്മാൻ എന്നിവർക്ക് ശേഷം പ്രീമിയർ ലീ​ഗിലെ ആദ്യ സീസണിൽ തന്നെ ഈ പുരസ്കാരം നേടുന്ന താരം കൂടിയായ ഡയസ്.

Rate this post