❝ പകവീട്ടാൻ വന്ന 🔥⚽പാരീസിനു മുന്നിൽ
നെഞ്ചും വിരിച്ചു നിന്ന 💪🇵🇹 പറങ്കി പോരാളി ❞

യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ ഫ്രഞ്ച് ചാംപ്യൻസ്മാരായ പിഎസ്ജി യെ തകർത്ത് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനമാണിത്. ഇന്നലെ ഇത്തിഹാദിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. ഇരു പാദങ്ങളിലുമായി 4 -1 ന്റെ ജയമാണ് സിറ്റി സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകൾക്കെതിരെ സമ്പൂർണ ആധിപത്യമാണ് ഇരു പാദങ്ങളിലും സിറ്റി കാഴ്ച്ചവെച്ചത്. പ്രതിരോധത്തിലും ആക്രമണത്തിലും ഒരു പോലെ മികവ് പുലർത്തിയ സിറ്റി പിഎസ്ജി ക്ക് ഒരു അവസരം പോലും നൽകാതെയാണ് ഫൈനലിൽ സ്ഥാനം നേടിയത്.

ഇന്നലത്തെ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി സ്‌ട്രൈക്കർ റിയാദ് മഹ്രസ് തിളങ്ങിയെങ്കിലും സിറ്റിയുടെ വിജയത്തിൽ നിർണായകമായ പ്രകടനം നടത്തിയ താരമാണ് പോർച്ചുഗീസ് സെൻട്രൽ ഡിഫൻഡർ റൂബൻ ഡയസ്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഡയസ് പാരിസിനെതിരെ പുറത്തെടുത്തത്. ആദ്യ പാദത്തിൽ എന്ന പോലെ രണ്ടാം പാദത്തിലും പിഎസ്ജി യെ പിടിച്ചു കെട്ടുന്ന പ്രകടനമാണ് ഡയസ് പുറത്തെടുത്തത്. ഈ സീസണിന്റെ തുടക്കത്തിൽ 61.64 മില്യൺ ഡോളറിന് പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിൽ നിന്നാണ് 23 കാരനായ സെൻട്രൽ ഡിഫെൻഡറെ സ്വന്തമാക്കിയത്. സിറ്റിയുടെ അടുത്ത കാലതയുള്ള ഏറ്റവും മികച്ച സൈനിങ്ങായി ഇത് മാറി. ജോൺ സ്റ്റോൺസിനൊപ്പം സിറ്റിയിൽ മികച്ച കൂട്ടുകെട്ട് പടുത്തുയത്തിയ ഡയസ് ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും സിറ്റിയുടെ അടിത്തറയായി പ്രവർത്തിക്കുകയും ചെയ്തു.


ഇന്നലത്തെ ജയത്തോടെ ഒരൊറ്റ ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിൽ 11 മത്സരങ്ങൾ ജയിച്ച ആദ്യത്തെ പ്രീമിയർ ലീഗ് ടീമായി പെപ് ഗ്വാർഡിയോള സിറ്റി മാറി.ഡയസിന്റെ ഫോം അവരുടെ വിജയത്തിലെ പ്രധാന ഘടകമാണ്. ആദ്യ പാദത്തിൽ സൂപ്പർ സ്‌ട്രൈക്കർ കൈലിയൻ എംബപ്പെയെ ഒറ്റ ഷോട്ട് പോലും അടിക്കാതെ തടഞ്ഞ ഡയസ് രണ്ടാം പാദത്തിൽ പാരിസിനെ ഗോൾ ലക്ഷ്യമാക്കി ഒരു ഷോട്ട് പോലും അടിക്കാതെ നിയന്ത്രിച്ചു.പോർച്ചുഗീസ് സെന്റർ ബാക്ക് ക്ലബ്ബിന്റെ രണ്ടാം പാദ സെമി ഫൈനൽ വിജയത്തിലെ നിർണായക ഘടകമായിരുന്നു. ഇന്നലത്തെ മത്സരത്തിൽ മൂന്ന് തകർപ്പൻ ബ്ലോക്കുകൾ ഉൾപ്പെടെ ലക്ഷ്യത്തിലെത്താനുള്ള നിരവധി അവസരങ്ങൾ തടഞ്ഞ ഡയസ് തന്റെ ടാക്കിളുകൾ 100 ശതമാനം പൂർത്തിയാക്കി.

പാരിസിനെതിരെ നടത്തിയ മാസ്മരിക പ്രകടനത്തിന്റെ ബലത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരവും താരത്തെ തേടിയെത്തി.ഈ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും പ്രത്യേകിച്ച് പാരിസിനെതിരെയുള്ള ഇരു പാദങ്ങളിലെ സ്ഥിരതയാർന്ന പ്രകടനത്തിന്റെ ബലത്തിൽ ഡയസിനെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധക്കാരനായാണ് ഫുട്ബോൾ വിദഗ്ധർ കാണുന്നത്.