സുനിൽ ഛേത്രി ഗോൾ നേടിയിട്ടും ഇന്ത്യക്ക് ജയിക്കാനായില്ല

സാഫ് ചാമ്പ്യൻഷിപ്പിലെ ആദ്യത്തെ മത്സരത്തിൽ ഇന്ത്യക്ക് നിരാശ. ബംഗ്ലാദേശിനെതിരെയുള്ള ആദ്യ മത്സരം തന്നെ സമനിലയുമായി ഇന്ത്യക്ക് അവസാനിപ്പിക്കേണ്ടി വന്നു.നാൽപ്പതു മിനുട്ടോളം പത്തു പേരുമായി കളിച്ച ബംഗ്ലാദേശിനെ തോൽപ്പിക്കാൻ ആവാത്തത് വലിയ നിരാശ നൽകി. അവസരങ്ങൾ മുതലാക്കാൻ പരാജയപ്പെട്ടതും പ്രതിരോധത്തിലെ പാളിച്ചകളുമാണ് ഇന്ത്യക്ക് ആദ്യ മത്സരത്തിൽ വിജയം നിഷേധിച്ചത്.

മെച്ചപ്പെട്ട രീതിയിൽ ആയിരുന്നു ഇന്ത്യ കളി ആരംഭിച്ചത്. 26ആം മിനുട്ടിൽ ഒരു നല്ല നീക്കത്തിലൂടെ ഇന്ത്യ മുന്നിലും എത്തി. ക്യാപ്റ്റൻ സുനിൽ ചേത്രി തന്നെയാണ്‌ ഇന്ത്യക്ക് ലീഡ് നൽകിയത്. ഉദാന്തയുടെ പാസിൽ നിന്നായിരുന്നു ക്യാപ്റ്റന്റെ ഫിനിഷ്. ഛേത്രിയുടെ 76ആം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷവും ലീഡ് ഇരട്ടിയാക്കാൻ ഇന്ത്യക്ക് നിരവധി അവസരം ലഭിച്ചു. പക്ഷെ ബംഗ്ലാദേശ് കീപ്പർ സികോ ഇന്ത്യക്ക് തടസ്സമായി നിന്നു. മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗുർപ്രീതിന്റെ സേവുകൾ ആദ്യപകുതിയിൽ ഒപ്പമെത്തുന്നതിൽ നിന്നും ബംഗ്ലാദേശിനെ തടഞ്ഞു.

മറുവശത്ത് ഇന്ത്യയുടെ ആക്രമണങ്ങൾ ആദ്യഗോളിനു ശേഷം അത്ര ശക്തമല്ലായിരുന്നു.രണ്ടാം പകുതിയുടെ തുടക്കത്തിൽ 54ആം മിനുട്ടിൽ ബംഗ്ലാദേശ് ഡിഫൻഡർ ബിശ്വാനന്ത് ഘോഷ് ചുവപ്പ് കണ്ട് പുറത്തായതോടെ അവർ 10 പേരായി ചുരുങ്ങി. ആ മുൻതൂക്കവും ഇന്ത്യക്ക് മുതലെടുക്കാൻ ആയില്ല. 74ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് യുവതാരം യസീൻ അറാഫത് ബംഗ്ലാദേശിന് സമനില നൽകി കൊടുത്തു.പിന്നീട് വിജയഗോളിനായി പൊരുതിയ രണ്ടു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും സമനിലപ്പൂട്ടു പൊളിക്കാൻ കഴിഞ്ഞില്ല.ഇനി ഏഴാം തീയതി ശ്രീലങ്കയെ ആണ് ഇന്ത്യ അടുത്ത മത്സരത്തിൽ നേരിടുക. ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമെ ഇന്ത്യക്ക് ഫൈനലിലേക്ക് എത്താൻ ആവുകയുള്ളൂ.

Rate this post