ആവേശ പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ലിവർപൂൾ

പൊരുതി കളിച്ച അത്‌ലറ്റികോ മാഡ്രിഡിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂൾ വിജയം.ചാമ്പ്യൻസ് ലീഗിൽ നടന്ന ത്രില്ലറിൽ 3-2 എന്ന സ്കോറിനായിരുന്നു ലിവർപൂൾ വിജയം. മെട്രോപൊളിറ്റൻ സ്റ്റേഡിയത്തിൽ കാണാൻ കഴിഞ്ഞ അത്ലറ്റിക്കോ മാഡ്രിഡ് ലിവർപൂൾ യൂറോപ്യൻ ഫുട്ബോളിലെ എല്ലാ ആവേശവും നാടകീയതും നിറഞ്ഞതായിരുന്നു. അത് ലറ്റിക്കോ മാഡ്രിഡിനായി അന്റോയിൻ ഗ്രിസ്മാൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ ലിവർപൂളിനായി മാരക ഫോമിലുള്ള മൊഹമ്മദ് സലാഹ് രണ്ട് തവണ ലക്ഷ്യം കണ്ടു. സലായുടെ ഒരു ഗോൾ പെനൽറ്റിയിൽ നിന്നായിരുന്നു. ഇതോടെ 31 ഗോളുമായി ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ലിവർപൂളിനായി ഏറ്റവും അധികം ഗോൾ നേടുന്ന താരത്തിന്റെ റെക്കോർഡ് സലാഹ് സ്വന്തം പേരിൽ കുറിച്ചു.

തുടക്കത്തിൽ തന്നെ പേരുകേട്ട അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധ കോട്ട ക്ലോപ്പിന്റെ ലിവർപൂൾ തകർത്തു. മത്സരത്തിന്റെ ആദ്യ 12 മിനുട്ടിൽ തന്നെ ലിവർപൂൾ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. 8ആം മിനുട്ടിൽ മൊ സലായുടെ ബ്രില്യൻസിൽ നിന്നായിരുന്നു ലിവർപൂളിന്റെ ആദ്യ ഗോൾ. ഇടത് വിങ്ങിൽ നിന്ന് കയറി വന്ന് അത്ലറ്റിക്കോ മാഡ്രിഡിന്റെ മൂന്ന് ഡിഫൻഡേഴ്സിനെ ഡ്രിബിൾ ചെയ്ത് മാറ്റി സലായി തൊടുത്ത ഷോട്ട് വലയിൽ എത്തുക ആയിരുന്നു.ഇതിനു പിന്നാലെ ലോകോത്തര ഗോളുമായി നാബി കെറ്റ ലിവർപൂൾ ലീഡ് ഇരട്ടിയാക്കി. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു വലം കാലൻ വോളിയിലൂടെ ആയിരുന്നു നാബി കെറ്റയുടെ ഗോൾ.

20ആം മിനുട്ടിൽ ലെമാറിന്റെ കോർണർ ലൈൻ പിടിച്ചുള്ള ബോക്സിലേക്കുള്ള മനോഹര റൺ ലിവർപൂൾ ഡിഫൻസിനെ വിറപ്പിച്ചു. ആ നീക്കത്തിൽ പിറന്ന അവസരത്തിൽ നിന്ന് കൊകെയുടെ ഗോൾ മുഖത്തേക്കുള്ള ഷോട്ട്. അത് ഫ്ലിക്ക് ചെയ്ത് ഗ്രീസ്മൻ വലയിലേക്കും എത്തിച്ചു. സ്കോർ 1-2.ഈ ഗോൾ അത്ലറ്റിക്കോ മാഡ്രിഡിന് വലിയ വിശ്വാസം നൽകി. 34ആം മിനുട്ടിൽ വീണ്ടും ഗ്രീസ്മന്റെ വക ഗോൾ. ഇത്തവണ ജാവോ ഫെലിക്സിന്റെ മാജിക്ക് കാലുകൾ ആണ് ഗ്രീസ്മന്റെ രണ്ടാം ഗോൾ ഒരുക്കി നൽകിയത്. സ്കോർ 2-2. ഇതിനു ശേഷവും മുമ്പുമായി നാലോളം മികച്ച അവസരങ്ങൾ അത്ലറ്റിക്കോ മാഡ്രിഡ് സൃഷ്ടിച്ചു എങ്കിലും എല്ലാം അലിസൺ തടഞ്ഞു.

കളി അത്ലറ്റിക്കോ മാഡ്രിഡിന് അനുകൂലമാവുകയാണ് എന്ന് തോന്നിയപ്പോൾ ആണ് 52ആം മിനുട്ടിൽ ഗ്രീസ്മന് ചുവപ്പ് കാർഡ് കിട്ടുന്നത്. ഫർമീനോയ്ക്ക് എതിരെ ഹൈഫീറ്റ് ഫൗളിനായിരുന്നു ഗ്രീസ്മന് ചുവപ്പ് കിട്ടിയത്. അത്ലറ്റിക്കോ മാഡ്രിഡ് 10 പേരായി ചുരുങ്ങിയ ശേഷം കളി ലിവർപൂളിന്റെ നിയന്ത്രണത്തിലായി‌‌‌.76ആം മിനുട്ടിൽ ഒരു പെനാൾട്ടി ലിവർപൂളിന് ലീഡ് തിരികെ നൽകി. പെനാൾട്ടി എടുത്ത സലാക്ക് ഒട്ടും പിഴച്ചില്ല. ഈ ഗോൾ ലിവർപൂളിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ലിവർപൂൾ ഗ്രൂപ്പ് ബിയിൽ ഒന്നാമത് നിൽക്കുകയാണ്. അത്ലറ്റിക്കോ മാഡ്രിഡിന് നാലു പോയിന്റാണ് ഉള്ളത്.

Rate this post