❝ബ്രയാൻ ലാറക്ക് ശേഷം ഒരു ഫസ്റ്റ് ക്ലാസ്സ്‌ ഇന്നിംഗ്സിൽ 400 റൺസ് നേടി ചരിത്രം സൃഷ്ടിച്ച് ഇംഗ്ലീഷ് ബാറ്റർ❞

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറക്ക് ശേഷം ഒരു ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സിൽ 400 റൺസ് നേടി ചരിത്രം ആവർത്തിച്ച് ഇംഗ്ലീഷ് ബാറ്റർ സാം നോർത്തീസ്റ്റ്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഗ്ലാമോർഗൻ ബാറ്ററായ സാം നോർത്തീസ്റ്റ്, കഴിഞ്ഞ ദിവസം നടന്ന കൗണ്ടി മത്സരത്തിൽ ലെസ്റ്റർഷയറിനെതിരെയാണ്‌ ചരിത്ര നേട്ടം കുറിച്ചത്.

ആദ്യ ഇന്നിംഗ്സിൽ ഗ്ലാമോർഗൻ 795 റൺസ് നേടിയപ്പോൾ, 450 പന്തിൽ 45 ഫോറും 3 സിക്സും സഹിതം 410* റൺസ് നേടിയ സാം നോർത്തീസ്റ്റ് പുറത്താകാതെ ക്രീസിൽ തുടർന്നു. 2004-ൽ ഇംഗ്ലണ്ടിനെതിരെ ബ്രയാൻ ലാറ 400 റൺസ് നേടിയതിന് ശേഷം, കഴിഞ്ഞ 18 വർഷത്തിനിടെ ഇത് ആദ്യമായാണ് ഒരു ബാറ്റർ ഫസ്റ്റ് ക്ലാസ്സ്‌ ഇന്നിംഗ്സിൽ 400+ റൺസ് നേടുന്നത്. ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ഒമ്പതാമത്തെ ബാറ്റർ ആണ് സാം നോർത്തീസ്റ്റ്.

നേരത്തെ, വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയും, മുൻ ഓസ്ട്രേലിയൻ താരം വില്യം പോൻസ്‌ഫോർഡും 2 വീതം തവണ ഒരു ഫസ്റ്റ് ക്ലാസ്സ്‌ ഇന്നിംഗ്സിൽ 400+ റൺസ് സ്കോർ ചെയ്തപ്പോൾ, ഹാനിഫ് മുഹമ്മദ്‌, ബ്രാഡ്മാൻ, ബാബസാഹിബ്‌ നിമ്പൽക്കർ, അഫ്താഭ് ബലോച്ച്, കാംബെൽ മക്ലാരൻ, ഗ്രയിംഗ് ഹിക് എന്നിവർ ഓരോ തവണയും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

എന്നാൽ, ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിൽ ബ്രയാൻ ലാറ മാത്രമാണ് ഒരു ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സിൽ 500 റൺസ് നേടിയിട്ടുള്ളത്. ഈ നേട്ടം മറികടക്കാൻ സാം നോർത്തീസ്റ്റിന് അവസരം ഉണ്ടായിരുന്നുവെങ്കിലും, മത്സരത്തിൽ മികച്ച ടോട്ടൽ കണ്ടെത്തിയത് കൊണ്ട് തന്നെ ഗ്ലാമോർഗൻ ഡിക്ലയർ ചെയ്യുകയായിരുന്നു.