“അടി തിരിച്ചടി , പിന്നിൽ നിന്നും തിരിച്ച് വന്ന് ഗോവയെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്”

ഇന്ത്യൻ സൂപ്പർ ലീഗിലെ ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാനം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആവേശകരമായ സമനില. ഇന്ന് ഗോവക്ക് എതിരെ ആദ്യ പകുതിയിലെ രണ്ട് ഗോളിന്റെ ലീഡ് കളഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് 4-2 എന്ന് പിറകിൽ പോയതായിരുന്നു. എന്നാൽ അവസാന രണ്ട് മിനുട്ടിലെ രണ്ട് ഗോളിലൂടെ സമനില പിടിച്ചു സ്കോർ 4 -4 ആക്കി മാറ്റി.

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി മാറ്റങ്ങളുമായാണ് ഗോവക്കെതിരെ ഇറങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്.10 ആം മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.ജോർഗെ പെരേര ഡിയസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. സഹൽ അബ്ദുൽ സമദിന്റെ മികവായിരുന്നു ആ ഗോൾ ഒരുക്കിയത്. സഹൽ വലതു വിങ്ങിൽ നിന്ന് ബോൾ കൈക്കലാക്കി മുന്നേറികൊടുത്ത പാസിൽ നിന്നും ഗോൾ കീപ്പറെ മറികടന്ന് ഡയസ് വലയിലാക്കി. ഗോൾ വീണതോടെ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ മുന്നേറി കളിച്ചു. 21 ആം മിനുട്ടിൽ ചെഞ്ചൊക്ക് ലീഡുയർത്താൻ അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ ഹൃത്വിക് നിർണായകമായ ഒരു സേവ് നടത്തി കേരളത്തിന് രണ്ടാം ഗോൾ നിഷേധിച്ചു .

23 ആം മിനുട്ടിൽ ആയുഷിന്റെ ഒരു നീണ്ട പന്ത് ഡയസ് ഗോളിന് മുന്നിൽ രാഹുലിനുവേണ്ടി ഫ്ലിക്ക് ചെയ്തു, എന്നാൽ അവസാന നിമിഷം ടാക്ലിങ്ങിലൂടെ അദ്ദേഹത്തിന്റെ ഷോട്ട് അൻവർ അലി തടഞ്ഞു. 25 ആം മിനുട്ടിൽ ചെഞ്ചോ ബോക്‌സിന് മുന്നിൽ ഉജ്ജ്വലമായ ഓട്ടം നടത്തിയപ്പോൾ കീപ്പർ ഹൃത്വിക് പന്ത് തട്ടിയെടുക്കാൻ ശ്രമിക്കുകയും പെനാൽറ്റി വഴങ്ങുകയും ചെയ്യുന്നു. കിക്കെടുത്ത ഡയസ് ബ്ലാസ്റ്റേഴ്‌സ് സ്കോർ 2 -0 ആക്കി ഉയർത്തി. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് ചെഞ്ചോ ഒരു ലോഫ്റ്റഡ് ഷോട്ടിനു ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തികാനായില്ല.

രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റിനകം ഗോവ ഒരു ഗോൾ തിരിച്ചടിച്ചു.ബേഡിയ എടുത്ത ഫ്രീകിക്ക് ഐറാം കബ്രേര വലയിലേക്ക് എത്തിക്കുകയായിരുന്നു. 57 ആം മിനുട്ടിൽ ഡയസിനു ഹാട്രിക്ക് നേടാൻ അവസരം ലഭിച്ചു.എന്നാൽ ആയുഷ് വലതുവശത്ത് നിന്നും കൊടുത്ത ക്രോസ്സ് ഡയസിന് വലയിലേക്ക് എത്തിക്കാനായില്ല. 62 ആം മിനുട്ടിൽ ഗോവ രണ്ടാം ഗോൾ നേടി സമനില പിടിച്ചു. മകൻ ചോത്തെയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി കബ്രേര ഗോളാക്കി മാറ്റി.

ഇന്നത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ അവസരം ലഭിച്ച ഭൂട്ടാനീസ് താരം ചെഞ്ചോ നിരന്തരം ഗോവൻ ബോക്സിൽ ഭീഷണി സൃഷ്ടിച്ചു കൊണ്ടിരുന്നു. 70 ആം മിനുട്ടിൽ ചെഞ്ചൊയുടെ ക്രോസിൽ നിന്നും വിൻസി ബാരെറ്റോക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ലക്‌ഷ്യം കാണാൻ സാധിച്ചില്ല. 79 ആം മിനുട്ടിൽ ഗോവ മൂന്നാമത്തെ ഗോളും നേടി.ഐബാൻ ആണ് ഗോവക്ക് വേണ്ടി ഗോൾ നേടിയത്. മുന്നേറ്റം തുടർന്ന ഗോവ മൂന്നു മിനുട്ടിനു ശേഷം ബ്ലാസ്റ്റേഴ്‌സ് വലയിൽ നാലാം ഗോളും അടിച്ചു കയറ്റി.ഐറാം കബ്രേര തന്റെ ഹാട്രിക് തികക്കുകയും ചെയ്തു.

ചെഞ്ചോയുടെ ത്രൂ ബോൾ ലഭിച്ച വിൻസി ബാരെറ്റോ, ഗോവ ബോക്‌സിലേക്ക് കയറുകയും ഹൃത്വിക്കിനെ കീഴ്പെടുത്തി സ്കോർ 4 -3 ആക്കി മാറ്റി. വിട്ടുകൊടുക്കൻ തയായരാവാതെ പൊരുതിയ ബ്ലാസ്റ്റേഴ്‌സ് അൽവാരോ വസ്ക്വാസിലൂടെ നാലാം ഗോൾ നേടി സമനില പിടിച്ചു. ഇഞ്ചുറി ടൈമിൽ വസ്ക്വാസിനു വിജയ ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ ഹൃതിക് രക്ഷകനായി മാറി.

Rate this post