❝പരിക്കേറ്റ ഗെയ്‌ക്‌വാദിന് പകരം സഞ്ജു ഇന്ന് കളിക്കുമോ ? , പ്രതീക്ഷയോടെ ആരാധകർ❞

അയര്‍ലന്റിനെതിരായ രണ്ടാം ട്വന്റി-20 മല്‍സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കും. ഇന്ന് രാത്രി നടക്കുന്ന മല്‍സരത്തില്‍ ഋതുരാജ് ഗെയ്ക്ക്‌വാദിന് പകരമായിരിക്കും സഞ്ജുവിനെ ഉള്‍പ്പെടുത്തുക.ആദ്യ മല്‍സരത്തില്‍ ഇടം നേടിയ ഋതുരാജിന് പരിക്കേറ്റിരുന്നു.ഇതേ തുടര്‍ന്നാണ് സഞ്ജുവിന് അവസരം വന്നത്. സഞ്ജു മദ്ധ്യനിരയിലാണ് ഇറങ്ങുക.

ആദ്യമല്‍സരത്തില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. ദീപക് ഹൂഡയെ ടീമിലെടുത്തതിനും സഞ്ജു ആരാധകര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഹൂഡ തകര്‍പ്പന്‍ ബാറ്റിങ് കൊണ്ട് ഇതിന് മറുപടി നല്‍കിയിരുന്നു. സഞ്ജുവിന് ഭീഷണിയായി നില്‍ക്കുന്നത് വെങ്കിടേഷ് അയ്യരാണ്. വെങ്കിടേഷിനെ ഓപ്പണറാക്കി ദീപകിനെ താഴാക്കിറക്കി പരീക്ഷിക്കാനും ചിലപ്പോള്‍ ടീം മുതിര്‍ന്നേക്കും. അങ്ങനെയെങ്കില്‍ സഞ്ജുവിന് വീണ്ടും പുറത്തിരിക്കേണ്ടിയും വന്നേക്കാം.

ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കുക ലക്ഷ്യമിട്ടാണ് അവസാന പോരിന് ഇന്ന് കളത്തിലെത്തുന്നത്. മഴയെ തുടര്‍ന്ന് 12 ഓവറായിരുന്ന ആദ്യ മത്സരം. ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് പരമ്പരയില്‍ 1-0ത്തിന് മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഉംറാൻ മാലിക് അരങ്ങേറ്റം കുറിച്ചെങ്കിലും ഒറ്റ ഓവർ മാത്രം എറിഞ്ഞതിനാൽ രണ്ടാം ഗെയിമിൽ കളിക്കാൻ സാധ്യതയുണ്ട് .ഭുവനേശ്വർ കുമാറിലൊരാൾക്കോ ആവേശ് ഖാനോ വിശ്രമം നൽകാനും യുവ ഇടംകൈയ്യൻ അർഷ്ദീപ് സിങ്ങിന് അവസരം നൽകാനും ഇന്ത്യ നോക്കിയേക്കാം

ഇന്ത്യ സാധ്യതാ ഇലവന്‍: ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്‌വാദ്/ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചഹല്‍, ഉമ്രാന്‍ മാലിക്.