റാഷിദ്‌ ഖാനെതിരെ ഹാട്രിക് സിക്സ് അടിക്കുന്ന ലോകത്തെ രണ്ടാമത്തെ ബാറ്റർ ആയി സഞ്ജു!! ഒന്നാമൻ ആരാണ്? |Sanju Samson

കഴിഞ്ഞ ദിവസം അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടന്ന ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിന്റെ ഹൈലൈറ്റ് ആയത് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആയിരുന്നു. അതിൽ തന്നെ, ഗുജറാത്ത് ടൈറ്റൻസിന്റെ സ്റ്റാർ ബൗളർ റാഷിദ്‌ ഖാനെതിരെ സഞ്ജു നടത്തിയ പ്രകടനം ശ്രദ്ധേയമായി. റാഷിദ് ഖാന്റെ ഒരു ഓവറിൽ മൂന്ന് തുടർച്ചയായ സിക്സറുകൾ ആണ് സഞ്ജു സാംസൺ പറത്തിയത്.

റാഷിദ് ഖാൻ എറിഞ്ഞ ഇന്നിങ്സിന്റെ പതിമൂന്നാമത്തെ ഓവറിൽ ആണ് ഈ പ്രകടനം നടന്നത്. റാഷിദ്‌ ഖാൻ എറിഞ്ഞ ഓവറിലെ രണ്ടാമത്തെ ബോൾ, ഡേവിഡ് മില്ലറുടെ തലക്ക് മുകളിലൂടെ ലോങ്ങ്‌ ഓഫിലേക്കാണ് സഞ്ജു സിക്സ് പറത്തിയത്. റാഷിദ് ഖാന്റെ അടുത്ത ബോളും സഞ്ജു സാംസൺ ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തി. ഓവറിൽ നാലാമത്തെ ബോൾ, ലോങ്ങ്‌ ഓണിലൂടെ സഞ്ജു സ്റ്റാൻഡിലേക്ക് പറത്തിയതോടെ, ലോക ഒന്നാം നമ്പർ സ്പിന്നർ ആയ റാഷിദ് ഖാനെതിരെ ഹാട്രിക് സിക്സ് നേടുന്ന രണ്ടാമത്തെ കളിക്കാരനായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ.

നേരത്തെ, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ മാത്രമാണ് അഫ്ഗാൻ താരത്തിനെതിരെ ഹാട്രിക് സിക്സ് നേടിയിട്ടുണ്ടായിരുന്നത്. ക്രിസ് ഗെയ്ലിന് മാത്രം അവകാശപ്പെടാൻ ഉണ്ടായിരുന്ന ഒരു നേട്ടമാണ് ഇപ്പോൾ സഞ്ജു സാംസൺ കൈവരിച്ചിരിക്കുന്നത്. ലോക ഒന്നാം നമ്പർ സ്പിന്നർ ആയ റാഷിദ്‌ ഖാനെതിരെ തന്നെ ഹാട്രിക് സിക്സ് നേടിയതോടെ, സ്പിന്നർമാരെ കൊണ്ട് തന്നെ തളക്കാൻ ആകുമെന്ന എതിർ ടീമിന്റെ ക്യാപ്റ്റൻമാർക്കുള്ള വിശ്വാസത്തെയാണ് സഞ്ജു തല്ലിക്കെടുത്തിയിരിക്കുന്നത്.

മത്സരശേഷം, രാജസ്ഥാൻ റോയൽസ് പരിശീലകൻ കുമാർ സംഘക്കാര സഞ്ജുവിനെ അഭിനന്ദിക്കുകയുണ്ടായി. ടീം മീറ്റിംഗിൽ റാഷിദ് ഖാനെതിരെ സഞ്ജു നേടിയ സിക്സുകൾ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ഷൈൻ വോൺ, മുത്തയ്യ മുരളീധരൻ തുടങ്ങിയവരെ പോലെ തന്നെ റാഷിദ് ഖാൻ ഇന്ന് ലോകത്തെ ഒന്നാം നമ്പർ സ്പിന്നർ ആണെന്നും, എന്നാൽ നമ്മൾ അവരുടെ പേരുകൾക്കെതിരെ അല്ല, ബോളുകൾക്കെതിരെയാണ് മികച്ച പ്രകടനം നടത്തിയത് എന്ന ബോധ്യം വേണം എന്നും സംഘക്കാര ഓർമ്മപ്പെടുത്തി.

Rate this post