സഞ്ജു ഏകദിന ടീമിൽ നിന്നും പുറത്ത് ,ബിസിസിഐക്ക് എതിരെ ആരാധകർ വിമർശനം |Sanju samson

ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത് സ്വാഗതാർഹമാണ് എങ്കിലും, ഏകദിന സ്ക്വാഡിൽ നിന്ന് തഴഞ്ഞത് ആരാധക രോഷത്തിന് കാരണമാക്കിയിട്ടുണ്ട്. ടി20 പരമ്പരക്ക് ഇഷാൻ കിഷനെയും സഞ്ജു സാംസണെയും വിക്കറ്റ് കീപ്പർമാരായി ഉൾപ്പെടുത്തിയപ്പോൾ, ഏകദിന പരമ്പരക്ക് സഞ്ജുവിന് പകരം കെഎൽ രാഹുലിനെ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ ടി20 ലോകകപ്പ് അടുക്കുന്ന വേളയിൽ, ഏകദിന ഫോർമാറ്റിൽ ആണ് സഞ്ജു സാംസണ് കൂടുതൽ അവസരങ്ങൾ നൽകിയിരുന്നത്. അന്ന് ടി20 ഫോർമാറ്റിൽ സഞ്ജുവിനെ കളിപ്പിക്കാത്തതിനെതിരെ ആരാധകർ രംഗത്ത് വന്നിരുന്നെങ്കിലും, സഞ്ജു ഒരു മികച്ച ഏകദിന ബാറ്റർ ആണ് എന്നായിരുന്നു ദേശീയ സെലക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വിശദീകരണം. എന്നാൽ, ഇപ്പോൾ 2023 ഏകദിന ലോകകപ്പ് അടുക്കവേ, സഞ്ജുവിനെ ഏകദിന ഫോർമാറ്റിൽ നിന്ന് മാറ്റി ടി20 ഫോർമാറ്റിൽ കളിപ്പിക്കാൻ എടുത്ത സെലക്ടർമാരുടെ തീരുമാനം ആരാധകർക്ക് അംഗീകരിക്കാൻ ആകുന്നില്ല.

ഏകദിന ഫോർമാറ്റിൽ മികച്ച സ്റ്റാറ്റസ് ഉണ്ടായിരുന്നിട്ടും, സഞ്ജുവിനെ ഏകദിന ഫോർമാറ്റിൽ നിന്ന് തഴഞ്ഞത് ലോകകപ്പിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരിക്കാനുള്ള മുൻകൂട്ടി പ്ലാൻ ചെയ്ത തന്ത്രമാണ് എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആരോപിക്കുന്നത്. ഇന്ത്യക്കായി 11 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു സാംസൺ, 66.00 ശരാശരിയിൽ 330 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയപ്പോൾ, ഏകദിന ഫോർമാറ്റിൽ 66 ശരാശരിയുള്ള സഞ്ജുവിനെ എന്തിന് മാറ്റിനിർത്തി എന്നാണ് ആരാധകർ ചോദിക്കുന്നത്.

സഞ്ജുവിന് നേരെ തുടരുന്ന അവഗണനക്കെതിരെ ആരാധകർ നേരത്തെയും രംഗത്ത് വന്നിരുന്നു. ഇപ്പോഴിത വീണ്ടും ശക്തമായി ആരാധകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ദേശീയ സെലക്ടർമാരുടെ ഈ അവഗണനക്കെതിരെ പ്രതിഷേധിക്കുകയാണ്. എന്തുതന്നെയായാലും, ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചാൽ, സഞ്ജുവിന് 2023-ൽ ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Rate this post