❝100 ആം മത്സരത്തിൽ ഇതിഹാസങ്ങൾക്കൊപ്പം ചേർന്ന് സഞ്ജു സാംസൺ❞ |Sanju Samson

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ്‌ 15 റൺസ് സ്വന്തമാക്കി. ജോസ് ബറ്റ്ലർ (116), ദേവ്ദത് പടിക്കൽ (54), സഞ്ജു സാംസൺ (46*) എന്നിവരുടെ കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽസ് 222 റൺസ് കണ്ടെത്തിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടാനെ സാധിച്ചുള്ളൂ.

ഇതോടെ രാജസ്ഥാൻ റോയൽസ് കുപ്പായത്തിലുള്ള ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ 100-ാം മത്സരം, സഞ്ജു തന്റെ ഗംഭീര പ്രകടനങ്ങൾക്കൊണ്ട് ചരിത്രത്തിൽ രേഖപ്പെടുത്തി. 19 പന്തിൽ 5 ഫോറും 3 സിക്സും ഉൾപ്പടെ 46 റൺസ് നേടിയ സഞ്ജു പുറത്താകാതെ 242.11 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയത് ശ്രദ്ധേയമായി.ഇടംകയ്യൻ പേസർ ഖലീൽ അഹമ്മദ്‌ ഓവർ പതിനെട്ടാം ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും പായിച്ച സഞ്ജു ഒരിക്കൽ കൂടി തന്റെ ബാറ്റിങ് മികവ് എന്തെന്ന് ഹേറ്റേഴ്‌സിന് അടക്കം കാട്ടിത്തന്നു.കൂടാതെ, വലിയ സ്കോറിങ് കണ്ട മത്സരത്തിൽ കൃത്യമായ നേതൃത്വത്തിൽ റോയൽസിന് ജയം സമ്മാനിച്ചതോടെ, ക്യാപ്റ്റൻ റോളിലും സഞ്ജു തിളങ്ങി.

മാത്രമല്ല, മത്സരത്തിൽ സഞ്ജു 11 റൺസ് പിന്നിട്ടതോടെ, ടി20 കരിയറിൽ 5000 റൺസ് എന്ന നാഴികകല്ല് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ മറികടന്നു. 3 സെഞ്ച്വറികളും 31 അർധസെഞ്ച്വറികളും സഞ്ജുവിന്റെ ടി20 കരിയറിൽ അടങ്ങിയിരിക്കുന്നു. ഇതോടെ ടി20 കരിയറിൽ 5000 റൺസ് മറികടക്കുന്ന ഇന്ത്യൻ ബാറ്റർമാരുടെ പട്ടികയിൽ സഞ്ജു സാംസൺ 13-ാമനായി. ഈ നേട്ടം കൈവരിച്ചതോടെ എംഎസ് ധോണി, വിരാട് കോഹ്‌ലി തുടങ്ങിയവർ ഉൾപ്പെടുന്ന എലൈറ്റ് പട്ടികയിലാണ് സഞ്ജു ഇടം നേടിയത്.

സഞ്ജു സാംസണെ കൂടാതെ, വിരാട് കോഹ്ലി, രോഹിത് ശർമ്മ, സുരേഷ് റെയ്ന, ശിഖാർ ധവാൻ, റോബിൻ ഉത്തപ്പ, എം എസ് ധോണി, ദിനേശ് കാർത്തിക്, ഗൗതം ഗംഭീർ, മനീഷ് പാണ്ഡെ, കെ എൽ രാഹുൽ, അമ്പാട്ടി റായുഡു, അജിങ്ക്യ രഹാനെ എന്നിവരാണ് ടി20 കരിയറിൽ 5000 റൺസ് പിന്നിട്ട മറ്റു ഇന്ത്യൻ ബാറ്റർമാർ.

ഡിസി ബാറ്റർ റോവ്മാൻ പവൽ അവസാന ഓവറിൽ മക്കോയിക്കെതിരെ തുടർച്ചയായി മൂന്ന് സിക്സ് അടിക്കുകയും തുടർന്ന് ഒരു നോ-ബോൾ സംശയവുമായി ബന്ധപ്പെട്ട് ചില അസാധാരണ സംഭവങ്ങളും മൈതാനത്ത് അരങ്ങേരുകയുണ്ടായി. ഇതെക്കുറിച്ച് സഞ്ജു പറയുന്നത് ഇങ്ങനെ, “അതൊരു ഫുൾ-ടോസ് ആയിരുന്നു, ബാറ്റ്സ്മാൻ ഒരു നോ-ബോൾ ആഗ്രഹിച്ചു, പക്ഷേ അമ്പയർ അത് നൽകിയില്ല. അതിൽ നമുക്കൊന്നും ചെയ്യാനാകില്ല.”

“മൂന്ന് സിക്‌സറുകൾ വഴങ്ങിയതിന് ശേഷം ഒരു തിരിച്ചുവരവ് നടത്തുന്നത് ഒരു ബൗളർക്ക് എളുപ്പമല്ല. ഞങ്ങൾ അവന്റെ (മക്കോയ്) ചുറ്റും നിന്നും, അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തുകയും ചെയ്തു. പ്ലാൻ മാറ്റാൻ ഞങ്ങൾ ആഗ്രഹിച്ചു, അതിനാൽ കളി തടസ്സപ്പെട്ട സമയം ബൗളർക്ക് ആശ്വാസം നൽകാൻ ഞങ്ങൾ ഉപയോഗിച്ചു. ശാന്തത പാലിക്കുകയും നമ്മുടെ ടീമംഗങ്ങളെ വിശ്വസിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.”