“ജയത്തിന് പിന്നാലെ പോസിറ്റീവ് കാര്യങ്ങൾ എണ്ണി എണ്ണി പറഞ്ഞ് സഞ്ജു”| IPL 2022

തിങ്കളാഴ്ച്ച (ഏപ്രിൽ 18) മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് 7 റൺസ് ജയം. അവസാന നിമിഷം വരെ വീറും വാശിയും നിറഞ്ഞ മത്സരത്തിൽ, 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നൈറ്റ്‌ റൈഡേഴ്‌സിന് 210 റൺസ് കണ്ടെത്താനെ സാധിച്ചുള്ളൂ. എന്നിരുന്നാലും ഒരുനിമിഷം ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും ഓപ്പണർ ആരാൺ ഫിഞ്ചിന്റെയും ബാറ്റിംഗ് പ്രകടനം കെകെആറിനെ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചു.

എന്നാൽ, അവസരോചിതമായി ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ഫോമിലേക്ക് ഉയർന്നതും, ഡെത്ത് ഓവറിൽ വെസ്റ്റ് ഇൻഡീസ് പേസർ ഒബദ് മക്കോയ് മികച്ച രീതിയിൽ പന്തെറിഞ്ഞതും ജയം രാജസ്ഥാന് തന്നെ സമ്മാനിച്ചു. ഇതോടെ 6 മത്സരങ്ങളിൽ നിന്ന് 4 ജയത്തോടെ 8 പോയിന്റുമായി രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ 2-ാം സ്ഥാനത്തേക്ക് ഉയർന്നു. 7 കളികളിൽ നിന്ന് 6 പോയിന്റുള്ള നൈറ്റ്‌ റൈഡേഴ്‌സ് പോയിന്റ് പട്ടികയിൽ 6-ാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

പരിചസമ്പന്നരായ ഒരുപിടി കളിക്കാരെ ലഭിച്ചത് ടീമിന് വലിയ മുതൽക്കൂട്ടാണെന്ന് മത്സരശേഷം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞു. “എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ, കളിക്കാരുടെ നിലവാരം കളിയെ മികച്ചതാക്കി. വിജയത്തിൽ വളരെ സന്തോഷം തോന്നുന്നു. ശരിയായ സമയത്ത് ഉപയോഗിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് ഉപയോഗിക്കാൻ സാധിച്ചു. നല്ല ഒഴുക്കിൽ കളി പോകുമ്പോൾ, ആ വേഗത കുറയ്ക്കാൻ നമ്മൾ മിടുക്കനായിരിക്കണം, അതിന് സാധിച്ചു,” സഞ്ജു സാംസൺ പറയുന്നു.

“ഞാൻ കെകെആറിനെ ഒരു ടീമായി ബഹുമാനിക്കുന്നു. അവരുടെ പക്കൽ നിന്ന് ഇങ്ങനെ ഒരു കളി വരുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. ഞങ്ങളുടെ കളിക്കാരെ കുറിച്ച് അധികം സംസാരിക്കേണ്ട കാര്യമില്ലെന്ന് ഞാൻ കരുതുന്നു. മികച്ച കളിക്കാരെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. റസ്സലിനെ ആദ്യ പന്തിൽ പുറത്താക്കിയതിൽ അശ്വിനെ പ്രത്യേകം പരാമർശിക്കുന്നു. മക്കോയ് ഒരു രസകരമായ വ്യക്തിയാണ്. അവൻ അധികം സംസാരിക്കില്ല, പക്ഷേ തന്റെ ബൗളിംഗ് കഴിവുകളിൽ അവൻ ആത്മവിശ്വാസമുള്ളവനാണ്,” രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ പറഞ്ഞു.

Rate this post