❝സ്ട്രൈക്ക് എൻഡിൽ ബാറ്റുമായി സഞ്ജു, കമെന്ററി ബോക്സിൽ ഇയാൻ ബിഷപ് ; അസുലഭ നിമിഷത്തിന് സാക്ഷിയായി ക്രിക്കറ്റ് ലോകം ❞

മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണോടുള്ള വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഇയാൻ ബിഷപ്പിന്റെ ഇഷ്ടം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര, ഫ്രാഞ്ചൈസി ക്രിക്കറ്റ് മത്സരങ്ങളിൽ സഞ്ജു സാംസൺ മികച്ച പ്രകടനം നടത്തുമ്പോൾ സഞ്ജുവിനെ അഭിനന്ദിച്ചും, സഞ്ജു മോശം പ്രകടനം നടത്തുമ്പോൾ അദ്ദേഹത്തെ വിമർശിച്ചും ഇയാൻ ബിഷപ് രംഗത്ത് എത്താറുണ്ട്.

വെസ്റ്റ് ഇൻഡീസിൽ വെച്ച് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയപ്പോൾ, ഏറ്റവും കൂടുതൽ സന്തോഷിച്ചവരിൽ ഒരാളാണ് നിലവിൽ കമന്റെറ്റർ കൂടിയായ ഇയാൻ ബിഷപ്. സഞ്ജു ഇന്ത്യൻ ടീമിനായി ബാറ്റ്‌ ചെയ്യുമ്പോൾ, ഇയാൻ ബിഷപ് കമെന്ററി ബോക്സിൽ ഉണ്ടാകുന്ന മുഹൂർത്തം ആരാധകർക്ക് ഒരു പ്രത്യേക അനുഭൂതിയാണ്. ഈ ഒരു മുഹൂർത്തം വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ സംഭവിക്കുകയും ചെയ്തു.

രണ്ടാം ഏകദിനത്തിലാണ് സഞ്ജു സാംസൺ തന്റെ ആദ്യ അന്താരാഷ്ട്ര ഏകദിന അർദ്ധ സെഞ്ചുറി നേടിയത്. ഇന്നിംഗ്സിനിടെ സഞ്ജു ഒരു സിക്സ് അടിച്ചപ്പോൾ, “സാംസൺ ബൈ നെയിം, സാംസൺ ബൈ ഗെയിം, അവനിൽ ഒരു എക്സ് ഫാക്ടർ കൂടുതലുണ്ട്, അവൻ വളരെ ചെറുപ്പമാണ്,” എന്നാണ് ഇയാൻ ബിഷപ് കമെന്ററി ബോക്സിൽ ഇരുന്ന് പറഞ്ഞത്.

സഞ്ജു വെസ്റ്റ് ഇൻഡീസിനെതിരെ അദ്ദേഹത്തിന്റെ ആദ്യ അർധ സെഞ്ച്വറി നേടിയപ്പോഴും, നേരത്തെ അയർലണ്ടിയതിരായ ടി20 പരമ്പരയിൽ സഞ്ജു അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര ടി20 അർധ സെഞ്ച്വറി നേടിയപ്പോഴും സഞ്ജുവിനെ പുകഴ്ത്തി ഇയാൻ ബിഷപ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇയാൻ ബിഷപ്പിന്റെ സഞ്ജുവിനോടുള്ള ഇഷ്ടം മലയാളി ക്രിക്കറ്റ് ആരാധകർക്കും വളരെ കൗതുകമാണ്.