
ക്യാപ്റ്റന്റെ ഇന്നിഗ്‌സുമായി സഞ്ജു !!രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ച മലയാളി പയ്യന്റെ മാസ്സ് ബാറ്റിംഗ് |Sanju Samson
ഗുജറാത്ത് ടൈറ്റൻസിനെതിരെ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. അത്യന്തം ആവേശകരമായ മത്സരത്തിൽ മൂന്നു വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ബാറ്റിംഗിൽ സഞ്ജു സാംസണിന്റെയും ഹെറ്റ്മെയ്റുടെയും തകർപ്പൻ പ്രകടനങ്ങളാണ് രാജസ്ഥാന് രക്ഷയായത്. സഞ്ജു സാംസൺ രാജസ്ഥാന്റെ നട്ടെല്ലായി കളിച്ചപ്പോൾ ഹെറ്റ്മെയ്ർ അതിവിദഗ്ധമായി ഇന്നിങ്സ് ഫിനിഷ് ചെയ്യുകയായിരുന്നു. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാന്റെ നാലാം വിജയമാണ് മത്സരത്തിൽ ഉണ്ടായത്.
അഹമ്മദാബാദ് പിച്ചിൽ ടോസ് നേടിയ സഞ്ജു സാംസൺ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ പിച്ചിന്റെ സഹായം പരമാവധി ഉപയോഗിക്കാൻ രാജസ്ഥാൻ ബോളർമാർക്ക് സാധിച്ചു. എന്നാൽ ഗിൽ(43) ക്രീസിൽ ഉറച്ചത് രാജസ്ഥാന് തിരിച്ചടിയായി. ഒപ്പം സായി സുദർശൻ(20) ഹർദിക് പാണ്ഡ്യ(28) തുടങ്ങിയവർ ഗില്ലിന് പിന്തുണയും നൽകി. ഇതോടെ രാജസ്ഥാന്റെ സ്കോർ ഉയരുകയാണ് ചെയ്തത്. ഒപ്പം അവസാന ഓവറുകളിൽ 30 പന്തിൽ 46 റൺസ് നേടിയ മില്ലറും, 13 പന്തുകളിൽ 27 റൺസ് നേടിയ അഭിനവ് മനോഹറും അടിച്ചു തകർത്തു. ഇതോടെ ഗുജറാത്തിന്റെ സ്കോർ നിശ്ചിത 20 ഓവറുകളിൽ 177ൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ വളരെ മോശം തുടക്കം തന്നെയാണ് രാജസ്ഥാന് ലഭിച്ചത്. വലിയ പ്രതീക്ഷയായിരുന്ന ജോസ് ബട്ലറും(0) ജെയ്‌സ്വാളും(1) തുടക്കത്തിൽ തന്നെ കൂടാരം കയറി. അതിനുശേഷമാണ് സഞ്ജു സാംസൺ ക്രിസിൽ എത്തിയത്. ദേവദത്ത് പടിക്കൽ(26) ഒരുവശത്ത് സ്കോറിങ് റേറ്റ് ഉയർത്താൻ ബുദ്ധിമുട്ടിയപ്പോൾ, മറുവശത്ത് സഞ്ജു സാംസൺ അനായാസം ബൗണ്ടറികൾ നേടുകയായിരുന്നു. മത്സരത്തിൽ 32 പന്തുകളിൽ 60 റൺസാണ് സഞ്ജു നേടിയത്. ഇന്നിംഗ്സിൽ 3 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു.
തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷം ഫോമിലേക്ക് ഉയരാനും ഈ മല്‍സരത്തോടെ സഞ്ജുവിനായി.പത്തോവര്‍ പിന്നിടുമ്പോള്‍ 4 വിക്കറ്റിന് 55 റണ്‍സെന്ന നിലയില്‍ നിന്നും രാജസ്ഥാനെ രക്ഷിച്ചതും സഞ്ജു-ഹെറ്റ്‌മെയര്‍ കൂട്ടുകെട്ടിന്റെ പ്രകടനമായിരുന്നു. പേസര്‍മാരെയും സ്പിന്നര്‍മാരെയും ആക്രമിക്കുക എന്നതിലുപരി മോശം പന്തുകള്‍ക്ക് യാതൊരു ബഹുമാനവും നല്‍കാതെ കളിക്കുകയെന്നതായിരുന്നു സഞ്ജുവിന്റെ തന്ത്രം.നേരിട്ട ആദ്യ ബോൾ മുതൽ വളരെ പക്വതയോടെയാണ് സഞ്ജു സാംസൺ കളിച്ചത്. തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും ബോൾ ബൗണ്ടറി കടത്തുന്നതിൽ സഞ്ജു ശ്രദ്ധിച്ചു.

ഇന്നിംഗ്സിന്റെ ഏഴാം ഓവറിൽ 99 മീറ്റർ സിക്സർ നേടിയായിരുന്നു സഞ്ജു സാംസൺ തന്റെ സംഹാരം തുടങ്ങിയത്. പിന്നീട് എട്ടാം ഓവറിൽ ഹർദിക്ക് പാണ്ട്യക്കെതിരെ ഒരു തകർപ്പൻ കവർ ഡ്രൈവ് സഞ്ജു കളിക്കുകയുണ്ടായി. ശേഷം ഓരോ ഓവറിലും ബൗണ്ടറികൾ കണ്ടെത്താൻ സഞ്ജുവിനായി. റഷീദ് ഖാൻ എറിഞ്ഞ 13 ആം ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകളാണ് സഞ്ജു നേടിയത്. ഇത് ഗ്യാലറിയിൽ ഉണ്ടായിരുന്ന ആരാധകരെയടക്കം ആവേശത്തിലാഴ്ത്തുകയുണ്ടായി.
— Cricket Trolls (@CricketTrolls8) April 16, 2023
അങ്ങനെ 29 പന്തുകളിൽ നിന്നാണ് സഞ്ജു തന്റെഅർദ്ധ സെഞ്ച്വറി പൂർത്തീകരിച്ചത്. സഞ്ജുവിന്റെ ഐപിഎല്ലിലെ 19 ആമത്തെ അർദ്ധ സെഞ്ച്വറി ആണ് മത്സരത്തിൽ പിറന്നത്.സഞ്ജു പുറത്തായ ശേഷം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹെറ്റ്മേയർ ഏറ്റെടുക്കുകയായിരുന്നു. അവസാന ഓവറുകളിൽ ഗുജറാത്ത് ബോളർമാരെ പഞ്ഞിക്കിടാൻ ഹെറ്റ്മേയറിന് സാധിച്ചു. മത്സരത്തിൽ 26 പന്തുകളിൽ 56 റൺസാണ് ഹെറ്റ്മേയർ നേടിയത്.
Sanju Samson smashed 3 consecutive sixes against Rashid Khan.
— Johns. (@CricCrazyJohns) April 16, 2023
WHAT A PLAYER 🔥pic.twitter.com/YZGMqwiVbu
ഒപ്പം അവസാന ഓവറുകളിൽ ധ്രുവ് ജൂറലും(18) രവിചന്ദ്രൻ അശ്വിനും(10) കിടിലൻ കാമിയോകൾ കളിച്ചതോടെ മൂന്നു വിക്കറ്റുകൾക്ക് രാജസ്ഥാൻ മത്സരത്തിൽ വിജയിക്കുകയായിരുന്നു. രാജസ്ഥാനെ സംബന്ധിച്ച് ഒരുപാട് ആശ്വാസം നൽകുന്ന വിജയം തന്നെയാണിത്. 2022 ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടീമിനെതിരെ ദയനീയമായ രീതിയിലായിരുന്നു രാജസ്ഥാൻ പരാജയം ഏറ്റുവാങ്ങിയത്. അതിനുള്ള മറുപടി കൂടെയാണ് മത്സരത്തിലൂടെ രാജസ്ഥാൻ നൽകിയിരിക്കുന്നത്.