വേണ്ടി വന്നാല്‍ പന്തെറിയാനുമറിയാം, ആരാധകരെ ഞെട്ടിച്ച് സഞ്ജു സാംസണ്‍ |Sanju Samson

വിക്കറ്റ് കീപ്പർമാരുടെ ആധിക്യം എന്ന കാരണത്താൽ ആണല്ലോ പലപ്പോഴും മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ ദേശീയ സെലക്ടർമാർ ഇന്ത്യൻ ടീമിൽനിന്ന് തഴയുന്നത്. എന്നാൽ, ബൗൾ ചെയ്യാൻ കഴിവുള്ള വിക്കറ്റ് കീപ്പർ സഞ്ജുവിനെ ഇന്ത്യൻ ടീം ഇനി എന്ത് കാരണം പറഞ്ഞ് തഴയും എന്നാണ് ആരാധകർ പരിഹാസമായി ഹാസ്യ രൂപേണേ ചോദിക്കുന്നത്. എന്താണ് സംഭവം എന്നായിരിക്കും നിങ്ങളും ചിന്തിക്കുന്നത് അല്ലെ.

സഞ്ജു സാംസൺ ഒരു പ്രാദേശിക മത്സരത്തിൽ ബോൾ ചെയ്യുന്നതിന്റെ അപൂർവ്വ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ്. വീഡിയോയിൽ ഒരു ഓഫ് സ്പിന്നറായ സഞ്ജുവിനെയാണ് കാണാൻ കഴിഞ്ഞത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിന് പിന്നാലെ, ആരാധകർ തമാശയും ബിസിസിഐക്കെതിരെ വിമർശനങ്ങളും നിറഞ്ഞ അഭിപ്രായങ്ങൾ ഈ വീഡിയോക്ക് താഴെ പങ്കുവെക്കുന്നുണ്ട്.

അതേസമയം, തങ്ങളുടെ ക്യാപ്റ്റന്റെ ബൗളിംഗ് വിലയിരുത്താൻ രാജസ്ഥാൻ റോയൽസ്, ടീമിലെ സീനിയർ സ്പിന്നറായ അശ്വിനോട് ആവശ്യപ്പെടുന്നുണ്ട്. ‘അശ്വിൻ, ഈ ഓഫ് സ്പിന്നറെ വിലയിരുത്തു’ എന്ന തലക്കെട്ടോടെയാണ് രാജസ്ഥാൻ റോയൽസ് സഞ്ജു സാംസൺ ബോൾ ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്. എന്തുതന്നെ ആയാലും സഞ്ജു ബോൾ ചെയ്യുന്നത് കണ്ട ത്രില്ലിൽ ആണ് മലയാളി ക്രിക്കറ്റ്‌ ആരാധകരും.

വെസ്റ്റ് ഇൻഡീസിനെതിരായ അവസാന രണ്ട് ടി20 മത്സരങ്ങൾക്കായി ഇന്ത്യൻ സംഘത്തോടൊപ്പം ഫ്ലോറിഡയിൽ ആണ് സഞ്ജു ഇപ്പോൾ. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ പ്ലെയിങ് ഇലവനിൽ ഇടം നേടിയ സഞ്ജുവിന്, ടി20 പരമ്പരയിലെ ആദ്യ മൂന്ന് കളികളിലും അവസരം ലഭിച്ചിരുന്നില്ല. ഫോമിൽ അല്ലാത്ത ശ്രേയസ് ആയ്യരെ ഇന്ത്യ പുറത്തിരുത്താൻ തീരുമാനിച്ചാൽ, സഞ്ജു ഇന്ന് (ഓഗസ്റ്റ് 7) വെസ്റ്റ് ഇൻഡീസിനെതിരെ കളിക്കും.