❛❛നൂറാം മത്സരത്തിൽ സൂപ്പർ താരമായ മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ❜❜ |Sanju Samson

എഴുത്ത് :മനീഷ് മധുസൂദനൻ;സഞ്ജുവിന്റെ ബാറ്റിംഗ് ദിവസം മുഴുവനും, അല്ലെങ്കിൽ എത്ര ദിവസം വേണമെങ്കിലും ഇരുന്നു കാണാൻ താൻ ആഗ്രഹിക്കുന്നു എന്ന് ലോകത്തെ ഏറ്റവും മികച്ച കളി പറച്ചിലുകാരിൽ ഒരാളായ ഹർഷാബോഗ്ലെ ഒരിക്കൽ പറയുകയുണ്ടായി.അതിശയോക്തി എന്ന് പറഞ്ഞു നമുക്കതിനെ തള്ളിക്കളയാൻ കഴിയില്ല.കാരണം നമ്മളിൽ ഒരു പരിധി വരയെങ്കിലും ക്രിക്കറ്റ് പ്രേമികൾ ഇന്നത്തെ ദിവസത്തെ അയാളുടെ പ്രകടനം കണ്ട് അങ്ങിനെ ഒന്ന് ആഗ്രഹിച്ചിരുന്നു

അത്ര മനോഹരമായിരുന്നു സഞ്ജുവിന്റെ ആ മനോഹര ഇന്നിംഗ്സ് .ഒട്ടും പ്രീ മെഡിറ്റെറ്റഡ് അല്ലാതെ, വളരെ കൃത്യമായ , ക്ലീൻ ആയ എക്സിക്യൂഷനൊട് കൂടിയ ഷോട്ടുകളാൽ സമ്പന്നമായ ഒരു പ്യുവർ ആൻഡ് ക്ലീൻ ജീനിയസ് ഇന്നിംഗ്സ്.27 ബോളുകളിൽ നിന്ന് 55 റൺസ്, അതിൽ എണ്ണം പറഞ്ഞ അഞ്ച് സിക്സുകൾ. സീസൺ തുടങ്ങി ആദ്യ മത്സരം പിന്നിടുമ്പോൾ സ്വപ്നതുല്യമായ തുടക്കം എന്നല്ലാതെ ഇതിനെ പിന്നെ എങ്ങിനെയാണ് വിശേഷിപ്പിക്കുക.

എത്ര ലാഘവത്തോടെയാണ് വാഷിങ്ടൺ സുന്ദറിനെ പോലെ ന്യൂ ബോൾ പോലും കൂൾ ആയി ഹാൻഡിൽ ചെയ്യുന്ന ഒരു വെൽ പ്രൊഫൈൽ ബൗളർക്ക് എതിരെ സഞ്ജു തന്റെ ഓരോ ഷോട്ടും അതിർത്തി കടത്തുന്നത്.തൻ്റെ ഉയരത്തിൻ്റെ ആനുകൂല്യത്താൽ മികച്ച വേഗവും ടേണും കൂടി സമന്വയിപ്പിച്ച് ബാറ്റ്സ്മാന്മാരെ വട്ടം കറക്കുന്ന സുന്ദറിനെ ഒരു തരത്തിലും താളം കണ്ടെത്താൻ അനുവദിക്കാതെ ഇനി താൻ ബോൾ ചെയ്യണോ എന്ന് പോലും ചിന്തിപ്പിച്ചു കൊണ്ടുള്ള ബ്രൂട്ടൽ ഹിറ്റിങ്ങിന് വിധേയനാക്കുന്നത്.ഓൺ സൈഡിൽ ഒരു സിംഗിളിന് മാത്രം സാധ്യതയുള്ള സുന്ദറിൻ്റെ ലെങ്ക്‌ത് ബോളുകൾ പലതും കണ്ടെത്തുന്നത് മിഡ് വിക്കറ്റിൻ്റെയും കൗ കോർണറിൻ്റെയും ലോങ് ഓണിൻ്റെയും ഫെൻസിന് വെളിയിൽ നിന്നാണ്.അത്രത്തോളം പവർഫുൾ ബാക്ക് ഫൂട്ട് ഷോട്ടുകൾ ആണ് അതത്രയും.

സിക്സ് അടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമാണ് എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ , അത്രക്ക് എഫേർട്ട് ലെസ്സ് ആയാണ് സഞ്ജു തൻ്റെ ബൗണ്ടറികൾ ക്ലിയർ ചെയ്യുന്നത്.സഞ്ജുവിന്റെ ഹിറ്റിങ് എബിലിറ്റിയിൽ വളരെ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്, ഓരോ സീസൺ കഴിയുമ്പോഴും അയാളുടെ ഏറ്റവും മികച്ച വേർഷൻ ആണ് ഗ്രൗണ്ടിൽ കാണപ്പെടുന്നത് .

മികച്ച തുടക്കം കിട്ടിയതിനു ശേഷം അനാവശ്യമായി വലിയ ഷോട്ടുകൾ കളിക്കാൻ ശ്രമിച്ച് വിക്കറ്റുകൾ വലിച്ചെറിയുന്ന സഞ്ജുവിൽ നിന്ന്, വളരെ ക്ഷമയോടെ ബോളിന് വേണ്ടികാത്ത് നിന്ന് പക്വതയോടെ ഷോട്ട് സെലക്ഷൻ നടത്തുന്ന, എന്നാൽ തന്റെ സ്വതസിദ്ധമായ ആക്രമണ ശൈലിയിൽ ഒട്ടും തന്നെ മാറ്റം വരുത്താത്ത അനിവാര്യമായ ഒരു ട്രാൻസ്ഫർമേഷന് സഞ്ജു സ്വയം വിധേയനായിട്ടുണ്ട്.രാജസ്ഥാന് വേണ്ടി ഇന്നയാളുടെ 100 മത് IPL മത്സരം ആയിരുന്നു.അതയാൾ അവിസ്മരണീയമാക്കി. കാത്തിരിക്കുന്നു , ഇതിലും മികച്ച ഇന്നിങ്സുകൾക്കായി