❝ഇതിഹാസങ്ങൾ ഈ ടീമിനെ പുകഴ്ത്തില്ല പക്ഷേ അവർക്കൊരു ക്യാപ്റ്റൻ ഉണ്ട് പേര് സഞ്ജു സാംസൺ❞

ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ഇന്നലെ ലക്നൗവിനെതിരെ 24 റൺസിന്റെ തകർപ്പൻ ജയമായിരുന്നു രാജസ്ഥാൻ റോയൽസ് നേടിയത്. ബാറ്റർമാരും, ബോളർമാരും ഫീൽഡർമാരും നടത്തിയ ഒന്നിനൊന്ന് മികച്ച പ്രകടനമാണ് രാജസ്ഥാനെ ഇത്തരത്തിലൊരു തകർപ്പൻ വിജയത്തിലേക്ക് നയിച്ചത്. അവസാന മത്സരത്തിൽ ഡെൽഹിയോട് ദയനീയ പരാജയം നേരിട്ട രാജസ്ഥാന്റെ തകർപ്പൻ തിരിച്ചു വരവ് കൂടിയാണിത്.

ബ്രാബോൺ സ്റ്റേഡിയത്തിലെ ആവറേജ് ഒന്നാം ഇന്നിംഗ്സ് വിന്നിങ് ടോട്ടൽ 201 ആണ്. അതിനേക്കാൾ 23 റൺ കുറവാണ് രാജസ്ഥാൻ സ്കോർ ചെയ്തത്. എന്നിട്ടും അവർ ലഖ്നൗവിനെതിരെ ആധികാരികമായ വിജയം നേടിയിരിക്കുന്നു!.രാജസ്ഥാൻ്റെ മുൻനിര തകർന്നിരുന്നു. ഇന്നിംഗ്സിൻ്റെ അവസാന ഓവറുകളിൽ ഒരുപാട് റൺസ് വാരാൻ അശ്വിനും ബോൾട്ടിനും സാധിച്ചില്ല. ആത്മവിശ്വാസം കൈമോശം വന്ന ആ അവസ്ഥയിൽനിന്ന് ഇപ്രകാരം തിരിച്ചുവന്നത് സഞ്ജുപ്പടയുടെ മേന്മ തന്നെയാണ്.ആഗ്രഹിച്ച ദൈർഘ്യം സഞ്ജുവിൻ്റെ ഇന്നിംഗ്സിന് ഉണ്ടായില്ല എന്നത് സത്യം തന്നെയാണ്. പക്ഷേ സഞ്ജു,ജയ്സ്വാൾ,പടിക്കൽ എന്നിവരുടെ ഇന്നിംഗ്സുകളാണ് രാജസ്ഥാൻ്റെ ടോട്ടൽ രൂപപ്പെടുത്തിയത് എന്ന് സമ്മതിക്കേണ്ടിവരും.

സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയും വിക്കറ്റ് കീപ്പിങ്ങും പതിവുപോലെ മികച്ചുനിന്നു. ബൗളർമാരെ ശെരിയായ സമയത്ത് പരീക്ഷിച്ചും വരുന്ന ബാറ്റർമാർക്ക് അനുസരിച്ച് ഫീൽഡിങ് സെറ്റ് ചെയ്തും ഒരു പക്വതയാർന്ന ക്യാപ്റ്റന്റെ കളി സഞ്ജു ഇന്നലെ പുറത്തെടുത്തു. അടുത്ത മാച്ചിൽ ഒരു വലിയ ഇന്നിംഗ്സ് കൂടി വന്നാൽ ഗംഭീരമായി. കിരീടത്തിലേയ്ക്കുള്ള ദൂരം കുറഞ്ഞുവരുന്നു.അതേ ഉറപ്പാണ് നിങ്ങൾക്കതിന് സാധിക്കും സഞ്ജൂ.

കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ചില നിർണായക മാറ്റങ്ങൾ വരുത്തിയാണ് രാജസ്ഥാൻ, ലക്നൗവിനെതിരെ കളിക്കാനിറങ്ങിയത്. പേസ് ബൗളറായ കുൽദീപ് സെന്നും, ദക്ഷിണാഫ്രിക്കൻ ബാറ്റർ റാസി വാൻഡർ ഡുസനും പുറത്തായപ്പോൾ പകരമെത്തിയത് ജെയിംസ് നീഷാമും, ഒബെദ് മക്കോയും.ഒരിടവേളക്ക് ശേഷം പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തിയ നീഷാമും, മക്കോയും ടീമിന്റെ വിജയത്തിൽ മികച്ച പങ്ക് വഹിച്ചു. മക്കോയ് രണ്ട് വിക്കറ്റുകളെടുത്ത് തിളങ്ങിയപ്പോൾ, ബാറ്റിംഗിൽ നിർഭാഗ്യകരമായ റണ്ണൗട്ടിൽ പുറത്തായ നീഷാം ഫീൽഡിൽ ടീമിനായി തകർത്ത് കളിച്ചു.