“20-ാം ഓവർ എറിയാൻ താൻ തയ്യാറെണെന്ന് ചഹൽ പറഞ്ഞു, പക്ഷെ…. ; സഞ്ജു സാംസൺ വെളിപ്പെടുത്തുന്നു”

ശനിയാഴ്ച്ച (മെയ്‌ 7) മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022-ലെ 52-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസ് 6 വിക്കറ്റ് ജയം സ്വന്തമാക്കി. അർധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ യശസ്വി ജയിസ്വാൾ ആണ് രാജസ്ഥാൻ റോയൽസിന്റെ വിജയശിൽപ്പി. മത്സരശേഷം, റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ജയിസ്വാളിന്റെ പ്രകടനം അദ്ദേഹത്തിന്റെ കഠിന പരിശീലനത്തിന്റെ ഫലമാണെന്ന് വ്യക്തമാക്കി.

“അവൻ (യശസ്വി ജയിസ്വാൾ) ഒരു മികച്ച ഇന്നിംഗ്‌സ്‌ കളിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. കാരണം, ഗുണനിലവാരമുള്ള പരിശീലനത്തിനായി അവൻ ധാരാളം മണിക്കൂറുകൾ നെറ്റ്സിൽ ചെലവഴിച്ചിരുന്നു. ഇന്ന് അവൻ അതിന്റെ ഫലം ആസ്വദിക്കുന്നു,” സഞ്ജു സാംസൺ പറഞ്ഞു. ഈ സീസണിൽ ഏറ്റവും കൂടുതൽ തവണ റൺസ് ഡിഫെൻഡ് ചെയ്ത് ജയിച്ച ടീമാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ, റൺസ് പിന്തുടരുന്നതും തങ്ങൾ ആസ്വദിക്കുന്നുണ്ടെന്ന് സഞ്ജു തുറന്നുപറഞ്ഞു.

മത്സരത്തിൽ, മറ്റൊരു മികച്ച പ്രകടനം പുറത്തെടുത്ത സ്റ്റാർ സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ കുറിച്ചും സഞ്ജു പോസ്റ്റ് മാച്ച് പ്രസന്റേഷൻ ചടങ്ങിൽ പരാമർശിച്ചു. “സാഹചര്യത്തിനനുസരിച്ച് ബൗളർമാരെ മാറ്റുന്നത് തുടരേണ്ടതുണ്ട്. ഡെത്ത് ഓവറുകളിൽ ഫാസ്റ്റ് ബൗളർമാർ പന്തെറിയണം എന്നത് ഞങ്ങളുടെ തന്ത്രമല്ല. മികച്ച ക്ഷമതയും മികച്ച അനുഭവപരിചയവുമുള്ള ആർക്കും ടീമിനായി ഈ ജോലി ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു. 20-ാം ഓവർ എറിയാൻ പോലും താൻ തയ്യാറാണെന്നും തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന യുസ്വേന്ദ്ര ചഹൽ എന്നോട് പറഞ്ഞിട്ടുണ്ട്,” സഞ്ജു വെളിപ്പെടുത്തി.

ബാറ്റിംഗ് ലൈനപ്പിൽ നാലാമനായിയാണ്‌ സഞ്ജു ഈ സീസണിൽ ഇതുവരെ കളിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ തന്റെ പഴയ സ്ഥാനമായ നമ്പർ 3-യിലേക്ക് സഞ്ജു തിരിച്ചെത്തിയിരുന്നു. ഇതെക്കുറിച്ച് സഞ്ജു പറയുന്നതിങ്ങനെ, “നമ്പർ 3-യിൽ ഇറങ്ങാനും, കുറച്ച് ഷോട്ടുകൾ കളിക്കാനും ഞാൻ ആഗ്രഹിച്ചു, അതാണ് ഞാൻ ചെയ്തത്. അത് ഞ്ഞാൻ ആസ്വദിച്ചു.”