
ഇങ്ങനെയാണെങ്കിൽ ഇന്ത്യൻ ടീമിലേക്ക് എങ്ങനെ വിളിക്കും ? , മികച്ച തുടക്കം മുതൽക്കാനാവാതെ സഞ്ജു സാംസൺ|Sanju Samson
വീണ്ടും ലഭിച്ച തുടക്കം മുതലെടുക്കാൻ ആവാതെ സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിന്റെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ബാറ്റിംഗിൽ ഒരു മികച്ച തുടക്കമായിരുന്നു സഞ്ജു സാംസണ് ലഭിച്ചത്. എന്നാൽ അതു മുതലെടുക്കാൻ സഞ്ജുവിന് സാധിച്ചില്ല. മാത്രമല്ല മത്സരത്തിന്റെ നിർണായകമായ സമയത്ത് സഞ്ജുവിന് തന്റെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.
കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സഞ്ജുവിന്റെ നിരാശാജനകമായ ഇന്നിംഗ്സ് തന്നെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ കണ്ടത്. എന്നിരുന്നാലും തനിക്ക് ലഭിച്ച ബോളുകളിൽ ഭേദപ്പെട്ട രീതിയിൽ സ്കോർ നേടാൻ സഞ്ജുവിന് സാധിച്ചു.മത്സരത്തിൽ ദേവദത് പടിക്കൽ പുറത്തായ ശേഷമായിരുന്നു സഞ്ജു സാംസൺ ക്രീസിലെത്തിയത്. നാലാമനായെത്തിയ സഞ്ജു സാംസൺ അതി സൂക്ഷ്മമായി തന്നെയാണ് ഇന്നിങ്സ് ആരംഭിച്ചത്. തന്റെ ബദ്ധശത്രുവായ ഹസരംഗ ആയിരുന്നു ബോളിംഗ് ക്രീസിൽ ഉണ്ടായിരുന്നത്.

ഹസരംഗയുടെ ഓരോ ബോളും സഞ്ജു നന്നായി നിരീക്ഷിച്ചു. മാത്രമല്ല ഹസരംഗ എറിഞ്ഞ പതിനഞ്ചാം ഓവറിൽ ഒരു ബൗണ്ടറിയും ഒരു സിക്സറും സഞ്ജു നേടുകയുണ്ടായി. ഇതോടെ സഞ്ജു വലിയൊരു ഇന്നിങ്സ് കളിക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ 16ആം ഓവറിലെ രണ്ടാം പന്തിൽ, ഹർഷൽ പട്ടേലിന്റെ പന്തിൽ സഞ്ജു സാംസൺ കൂടാരം കയറുകയായിരുന്നു. മത്സരത്തിൽ 15 പന്തുകളിൽ 22 റൺസ് ആണ് സഞ്ജു നേടിയത്. ഇന്നിങ്സിൽ 2 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു.
വമ്പൻമാരുടെ പോരാട്ടത്തിൽ ടോസ് നേടിയത് സഞ്ജു സാംസനായിരുന്നു. തെല്ലും മടിക്കാതെ സഞ്ജു ബോളിംഗ് തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. ഈ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ട്രെന്റ് ബോൾട്ട് രാജസ്ഥാന് നൽകിയത്. ആദ്യ പന്തിൽ തന്നെ ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയെ(0) ബോൾട്ട് വിക്കറ്റിനു മുന്നിൽ കുടുക്കി. പിന്നാലെയെത്തിയ ഷഹബാസ് അഹമ്മദിനെയും(2) ബോൾട്ട് കൂടാരം കയറ്റി. എന്നാൽ നാലാം വിക്കറ്റിൽ മാക്സ്വെല്ലും ഡുപ്ലസിയും ചേർന്ന് ബാംഗ്ലൂരിന് മികച്ച ഒരു കൂട്ടുകെട്ട് നൽകുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റിൽ നിറഞ്ഞാടുന്നതാണ് കാണാൻ സാധിച്ചത്. 127 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടി ചേർത്തത്.

മാക്സ്‌വെൽ മത്സരത്തിൽ 44 പന്തുകളിൽ 6 ബൗണ്ടറികളുടെയും 4 സിക്സറിന്റെയും അകമ്പടിയോടെ 77 റൺസ് നേടുകയുണ്ടായി. ഡുപ്ലസി 39 പന്തുകളിൽ 8 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 62 റൺസാണ് നേടിയത്. ഇരുവരും കൂടാരം കയറിയ ശേഷമെത്തിയ ബാറ്റർമാരൊക്കെയും പരാജയപ്പെട്ടപ്പോൾ ബാംഗ്ലൂരിന്റെ സ്കോർ പതിയുകയായിരുന്നു. ഒരു സമയത്ത് ബാംഗ്ലൂർ അനായാസം 200 റൺസ് പിന്നിടും എന്ന് തോന്നിയിരുന്നു. എന്നാൽ അവസാന ഓവറുകളിൽ രാജസ്ഥാൻ ബോളർമാർ വമ്പൻ തിരിച്ചുവരവ് നടത്തി. നിശ്ചിത 20 ഓവറുകളിൽ 189 റൺസ് ആയിരുന്നു ബാംഗ്ലൂരിന്റെ സമ്പാദ്യം.