❝എല്ലാവർക്കും നന്ദി ,വീട്ടിലേക്ക് മടങ്ങുന്നു ; ആരാധകർക്കായി വൈകാരിക പോസ്റ്റുമായി സഞ്ജു സാംസൺ❞ |Sanju Samson

വലിയ പ്രതീക്ഷകളുമായാണ് സഞ്ജു സാംസൺ അയർലണ്ടിനെതിരെയുള്ള ടി 20 പരമ്പരക്ക് പുറപ്പെട്ടത്, ഇന്ത്യൻ പ്രീമിയർ ലീഗിൽ നടത്തിയ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു മലയാളായി താരം, എന്നാൽ ഐറിഷ് ടീമിനെതിരെയുള്ള ആദ്യ മത്സരത്തിൽ സഞ്ജുവിന് ഇടം നേടാനായില്ലെങ്കിലും രണ്ടാം മത്സരത്തിൽ പരിക്കേറ്റ ഋതുരാജിന് പകരമായി സഞ്ജു ടീമിലെത്തി.

ആ മത്സരത്തിൽ തനിക്ക് കിട്ടിയ അവസരം വിനിയോഗിച്ച സഞ്ജു അർധ സെഞ്ചുറിയുമായി ഇന്ത്യൻ വിജയത്തിൽ നിർണായക സംഭാവന നൽകി.അതിനു ശേഷം ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി 20 ടീമിൽ മാത്രമാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. എന്നാൽ സഞ്ജുവിന് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിക്കാത്തതോടെ സഞ്ജു നിരാശനായി നാട്ടിലേക്ക് മടങ്ങുകയാണ്. “ഹെഡിങ് ബാക്ക് ഹോം ” എന്ന തലക്കെട്ടോടെ എല്ലാവര്ക്കും നന്ദി അറിയിച്ചു കൊണ്ട് സഞ്ജു ഒരു പോസ്റ്റ് ഇട്ടിരുന്നു.ഇംഗ്ലീഷിലും മലയാളത്തിലുമായായിരുന്നു സഞ്ജുവിന്റെ കുറിപ്പ്.

എന്നത്തേയും പോലെ സഞ്ജുവിനെ ടീമിൽ കളിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ആരാധകർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അയര്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തിയിട്ടും ഒന്നാം ട്വന്റി20യിൽ സഞ്ജുവിന് അവസരം നൽകാത്തത് വൻ വിമര്ശനത്തിന് വഴിയൊരുക്കിയയത്.സഞ്ജു നിരന്തരം തഴയപ്പെടുന്നത് ലോകകപ്പ് ടീമിൽ മലയാളി താരത്തിന് ഇടമുണ്ടാവില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്. അവസരങ്ങൾ നൽകാതെ സഞ്ജുവിനെ അവഗണിച്ച് ബിസിസിഐ പുറത്താക്കുകയാണെന്ന് പലരും ആരോപിച്ചു.

2022ൽ ശ്രീലങ്കക്കും അയർലൻഡിനുമെതിരായി അഞ്ചു ട്വന്റി20 മത്സരങ്ങളിൽ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. അതിൽ കളിക്കാനിറങ്ങാൻ കഴിഞ്ഞത് കേവലം മൂന്നു കളികളിൽ. ശ്രീലങ്കക്കെതിരെ ആദ്യ കളിയിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. രണ്ടും മൂന്നും ട്വന്റി20കളിൽ 39ഉം 18ഉം ആയിരുന്നു സ്കോർ. ഹൂഡയും സൂര്യകുമാർ യാദവും റൻസുകൾ കണ്ടെത്തുന്നത് സഞ്ജുവിന് വലിയ തിരിച്ചടിയാവുകയും ചെയ്യുന്നുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെ തെരഞ്ഞെടുത്തിട്ടുണ്ട്.