ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ ആകാൻ സഞ്ജു സാംസൺ |Sanju Samson

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഇടം നേടിയേക്കും. ശ്രീലങ്കക്കെതിരെ നടന്ന ടി20 മത്സരത്തിൽ പരിക്കേറ്റ സഞ്ജു, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പരിശ്രമത്തിൽ ആയിരുന്നു. അടുത്തിടെ, ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്തിയ സഞ്ജു, താൻ ഫിറ്റ്നസ് തെളിയിച്ചതായി അറിയിച്ചിരുന്നു. ഇതോടെ സഞ്ജു സാംസൺ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ കൂടുതൽ കളിക്കാർക്ക് പരിക്കേൽക്കുന്നതിനാൽ തന്നെ, ലഭ്യമായ എല്ലാവർക്കും കൂടുതൽ അവസരം നൽകാനാണ് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി ലക്ഷ്യമിടുന്നത്. ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ അടുത്തിടെ പരിക്കേറ്റതിനെ തുടർന്ന്, ഇപ്പോൾ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിചരണത്തിലാണ്. വാഹനാപകടത്തിൽപ്പെട്ട വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഇന്ത്യൻ ടീമിലേക്ക് എന്ന് മടങ്ങിയെത്തും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ഇതിന്റെ പശ്ചാത്തലത്തിൽ, ഈ വർഷം അവസാനം ഏകദിന ലോകകപ്പ് വരാനിരിക്കുന്നു എന്നതിനാൽ തന്നെ, ലഭ്യമായ കളിക്കാർക്ക് കൂടുതൽ അവസരം നൽകി അവരെ സജ്ജരാക്കാൻ ആണ് ഇന്ത്യ ലക്ഷ്യം ഇടുന്നത്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസണെ വിക്കറ്റ് കീപ്പർ ആയി കളിപ്പിക്കാൻ സാധ്യത കൂടുതലാണ്. പരിക്കേറ്റ് ദീർഘകാലമായി ടീമിന് പുറത്തു നിൽക്കുന്ന ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുമ്രയും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയേക്കും.

എന്നാൽ, പുറംവേദനയെ തുടർന്ന്  ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന ബുമ്ര ഇതുവരെ തന്റെ ഫിറ്റ്നസ് തെളിയിച്ചിട്ടില്ല. നാല് ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നടക്കാനിരിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത ഒരു മാസത്തിനിടെ, ബുമ്ര ഫിറ്റ്നസ് തെളിയിച്ച് ടീമിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിന് മുന്നേ നടക്കുന്ന അവസാന ഏകദിന പരമ്പര കൂടിയാണ് ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന പരമ്പര എന്നതിനാൽ തന്നെ, അതിന് വലിയ പ്രാധാന്യം ടീം ഇന്ത്യ നൽകുന്നുണ്ട്.

Rate this post